ചൈനയിൽ ചിക്കുൻഗുനിയ പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ക്വാറന്റീൻ ഏർപ്പെടുത്തി അധികൃതർ. പതിനായിരത്തിലധികം കേസുകളാണ് ആഴ്ച്ചക്കൾക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചിക്കുൻഗുനിയ ബാധിതരായ ആരും മരിച്ചതായി റിപ്പോർട്ടുകളില്ല.
പ്രധാനമായും ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് രോഗം പടർന്ന് പിടിക്കുന്നത്. ജൂലായ് മുതലുള്ള കണക്ക് നോക്കിയാൽ, ഫോഷാൻ നഗരത്തിൽ മാത്രം 7000ൽ അധികം പേർക്കാണ് രോഗം പിടിപെട്ടത്. മറ്റ് 12 നഗരങ്ങളിലും ചിക്കുൻഗുനിയ വ്യാപിക്കുന്ന അവസ്ഥയാണുള്ളതെന്ന് ബിബിസി റിപ്പോർച്ച് ചെയ്യുന്നു.
ഫോഷാൻ നഗരത്തിലെ രോഗികളോട് പരിശോധനാഫലം നെഗറ്റീവാകുംവരെ ആശുപത്രിയിലോ വീടുകളിലോ തുടരാനാണ് നിർദേശം. കൊതുക് നശീകരണത്തിന് മുൻകൈ എടുക്കാത്ത, വൃത്തിഹീനമായ ചില റെസ്റ്റോറന്റുകൾക്ക് പിഴ ചുമത്തിയതായും റിപ്പോർട്ടുണ്ട്.
ഗ്വാങ്ഡോങ്ങിലേക്ക് യാത്രക്കൊരുങ്ങുന്ന അമേരിക്കക്കാർ സൂക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മുന്നറിയിപ്പ്. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്.
ചിക്കുൻഗുനിയ പരത്തുന്നത് പകൽ കടിക്കുന്ന ഈഡിസ് ഈജിപ്തി / ആൽബോപിക്റ്റസ് കൊതുകുകളാണ്. 2006 സെപ്റ്റംബർ അവസാനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യാപകമായി പടർന്നു പിടിച്ച രോഗമാണിത്. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായിയായ അസുഖങ്ങൾ നേരത്തെ ഉള്ളവർക്ക് പിടിപെട്ടാലോ, ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരുന്നാലോ ഇതു മാരകമായേക്കാം.
ആഫ്രിക്കയിലെ മക്കൊണ്ടെ ഗോത്രഭാഷയിലെ, കുൻഗുന്യാല എന്ന വാക്കിൽ നിന്നാണ് ഈ രോഗത്തിന് ചിക്കുൻഗുനിയ എന്ന എന്ന പേര് കിട്ടിയത്. ‘വളയുന്നത് ’ എന്നാണ് കുൻഗുന്യാല എന്ന വാക്കിന്റെ അർത്ഥം. രോഗാവസ്ഥയിൽ അസഹ്യമായ സന്ധിവേദനമൂലം രോഗി വളഞ്ഞു പോകുന്നതിനാലാണ് ഈ രോഗത്തെ ഇങ്ങനെ വിളിക്കുന്നത്.
1950-കൾ മുതൽ അഫ്രിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന ചിക്കുൻഗുനിയ പിൽക്കാലത്ത് ഏഷ്യൻ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. 1963-ൽ കൊൽക്കൊത്തയിലാണ് ഇന്ത്യയിലാദ്യമായി ചിക്കുൻഗുനിയ രോഗബാധയുണ്ടായത്.