മരണത്തെ വെല്ലുവിളിക്കുന്നവരാണ് ജാപ്പനീസ് ജനത. ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിലെ ആയുർദൈർഘ്യം വളരെ കൂടുതലാണ്. ജപ്പാൻകാർ കൂടുതൽ കാലം ജീവിക്കുന്നത് എന്തുകൊണ്ടാണ്? എന്ത് ഘടകമായിരിക്കും ഇവരെ വ്യത്യസ്തരാക്കുന്നത്... അവരുടെ ഭക്ഷണമാണോ? ജീവിതശൈലിയാണോ? അതോ ചിന്താഗതിയോ?
ജപ്പാനിലെ ശരാശരി ആയുർദൈർഘ്യം 84-85 വയസ് വരെയാണ്. ജപ്പാൻകാരെ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്. മിഷിഗൺ ന്യൂറോ സർജറി ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജൻ ഡോ. ജയ് ജഗന്നാഥൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിക്കുന്നു.
ചില സമൂഹങ്ങൾ എന്തുകൊണ്ടാണ് കൂടുതൽ കാലം ജീവിക്കുന്നതെന്ന് ആർക്കും കൃത്യമായി അറിയില്ല. എന്നാൽ ദീർഘകാല സമ്മർദ്ദത്തിന് ഇതിൽ ഒരു വലിയ പങ്കുണ്ട്. ദീർഘകാല സമ്മർദം തലച്ചോറിന്‍റെ ആരോഗ്യത്തെയും ഉപാപചയ ആരോഗ്യത്തെയും ബാധിക്കുന്നു. ഇത് രക്താതിമർദം, പ്രമേഹം എന്നിവയ്ക്കും വഴിവയ്ക്കും. സമ്മര്‍ദത്തെ അതിജീവിക്കുന്ന ജീവിതചര്യ ആയുസ് കൂട്ടും. ദീര്‍ഘകാലമായുള്ള സമ്മര്‍ദം ആയുസെടുക്കുമെന്ന് ചുരുക്കം.
ഭക്ഷണക്രമമാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. ജപ്പാനിലെ ആളുകൾ വളരെ കുറഞ്ഞ അളവിലാണ് ഭക്ഷണം കഴിക്കുന്നത്. അതുപോലെ തന്നെ ജപ്പാനിൽ കാറുകളെ ആശ്രയിക്കുന്നവർ വളരെ കുറവാണ്. റെയില്‍വേ സ്റ്റേഷനുകളിലേക്ക് നടക്കുന്നതാണ് അവരുടെ പതിവ്. പ്രവൃത്തി ദിവങ്ങളിൽ പോലും ധാരാളം ആളുകൾ പൂന്തോട്ടങ്ങളിൽ നടക്കുന്നത് കാണാം. അതായത് നടക്കുക എന്നത് ജപ്പാനിലെ ഒരാളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്.
ദുർബലരായ ജനവിഭാഗങ്ങള്‍ക്ക് പരിചരണം നൽകാനും അവരുടെ ആയുസ്സ് വർദ്ധിപ്പിക്കാനുമൊക്കെ ശ്രമിക്കുന്ന സമൂഹമാണ് ജപ്പാന്‍കാര്‍. പ്രായമായവരെയും മാനസിക പ്രശ്നങ്ങളുള്ളവരെയും എല്ലാം ഉൾക്കൊള്ളുന്ന സാമൂഹികഘടനയാണ് ജപ്പാനിലേത്. ഇതൊക്കെ ജപ്പാൻകാരുടെ ആയുർദൈർഘ്യത്തിന്‍റെ കാരണങ്ങളായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.