വ്യായാമങ്ങളില്‍ എളുപ്പവും എന്നാല്‍ പ്രയോജനകരവുമായ ഒന്നാണ് നടത്തം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, പേശികളെ ശക്തിപ്പെടുത്തുക, മാനസികാരോഗ്യം വർദ്ധിപ്പിക്കുക ഉള്‍പ്പടെയുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും നടത്തവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അല്ലാത്തപക്ഷം അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. നടത്തം പൊതുവെ ആയാസം കുറവുള്ള വ്യായാമമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അത് അമിതമായി ചെയ്യുന്നത് അസ്വസ്ഥതകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
നടത്തത്തിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ആയാസം കുറവുള്ള വ്യായാമം ആയതിനാല്‍ തന്നെ അതിന്റെ ദോഷഫലത്തെ പലരും അവഗണിക്കുകയാണ് പതിവ്. നടക്കുമ്പോൾ അമിതായാസം അനുഭവപ്പെടുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് പേശികൾക്ക് വരുന്ന ആയാസം. കാലുകളിലോ പാദങ്ങളിലോ അനുഭവപ്പെടുന്ന ഭാരം അല്ലെങ്കിൽ വേദന എന്നിവ ഒരുപക്ഷേ നിങ്ങള്‍ നടക്കുന്ന രീതി ശരിയല്ല എന്നതിന്റെ സൂചനയാകാം. പേശികൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കാത്തപ്പോൾ, അവ കാര്യക്ഷമമല്ലാതാകുകയും പരിക്കുകൾ പറ്റാന്‍ സാധ്യതകൂടുകയും ചെയ്യും.
സമതലമല്ലാത്ത പ്രതലങ്ങളിൽ ദീർഘനേരം നടക്കുന്നത് കാലുകള്‍, ഉപ്പൂറ്റി, അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളിലെ വേദനയ്ക്ക് കാരണമായേക്കാം. തെറ്റായരീതിയിലുള്ള നടത്തം പുറം വേദനയ്ക്കും കാരണമാകുന്നുണ്ട്. മാത്രമല്ല ഇത് ആവര്‍ത്തിച്ചാല്‍ വിട്ടുമാറാത്ത നടുവേദനയിലേക്കും നയിക്കും. സ്ഥിരമായി നടക്കുന്നവരില്‍ കാലിന്റെ അടിഭാഗത്ത് കണ്ടുവരുന്ന വേദന സ്വാഭാവികമാണ്. എന്നാല്‍ അത് സഹിക്കാന്‍ കഴിയാതെ വന്നാല്‍ ഒന്നുകില്‍ തെറ്റായ രീതിയില്‍ നടക്കുന്നു അല്ലെങ്കില്‍ അമിതമായി നയിക്കുന്നു എന്നാണ് അര്‍ഥം.
മാത്രമല്ല അമിതമായാല്‍ ഇത് ചെറിയ രീതിയില്‍ എല്ലുകള്‍ പൊട്ടാന്‍ കാരണമാകും. സ്ട്രെസ് ഫ്രാക്ച്ചര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പിന്നീട് ഇത് ശരിയാകാന്‍ കുറച്ചധികം സമയം എടുത്തേക്കാം.ഒരോരുത്തരും അവരവര്‍ക്ക് കഴിയാവുന്ന രീതിയില്‍ വ്യായാമം ചെയ്യുന്നതാകും നല്ലത്. ദിവസം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നടക്കാം.