മൂത്രം ഉപയോഗിച്ച് കഴുകിയാല്‍ കണ്ണുകള്‍ ആരോഗ്യത്തോടെയിരിക്കുമെന്ന് പറഞ്ഞ് എയറിലായിരിക്കുകയാണ് ഒരു യുവതി. ‘മൂത്രം കൊണ്ട് കണ്ണ് കഴുകൂ; പ്രകൃതിദത്ത ഔഷധമാണത്’ എന്ന് വാദിച്ചാണ് യുവതി ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എങ്ങനെയാണ് കണ്ണ് മൂത്രമൊഴിച്ച് കഴുകേണ്ടതെന്ന് വിശദമായി ഇവര്‍ വിഡിയോയിലൂടെ കാട്ടിത്തരുന്നുണ്ട്.
ആദ്യം ഒരു പാത്രത്തില്‍ സ്വന്തം മൂത്രം എടുക്കണം, രാവിലത്തെ മൂത്രമാണ് നല്ലതെന്നും പറയുന്നുണ്ട്. പിന്നീടത് രണ്ട് ചെറിയ കപ്പുകളിലാക്കി കണ്ണുകളിലേക്ക് ചേര്‍ത്തുപിടിക്കുകയാണ്. മൂത്രത്തില്‍ പൊത്തിവച്ച് കണ്ണുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യണം. മൂത്രം കണ്ണിനുള്ളിലേക്ക് പോകാനാണിത്. പിന്നീട് വശങ്ങളിലേക്ക് കണ്ണുകള്‍ ചലിപ്പിക്കണം. ശേഷം ഉണങ്ങിയ ഒരു തുണികൊണ്ട് കണ്ണുകള്‍ മൃദുമായി തുടയ്ക്കണം. പിന്നീട് കണ്ണടച്ചുപിടിച്ച് സ്വന്തം കൈ കണ്ണിനുമുകളില്‍ വയ്ക്കണം. കയ്യിലെ ചൂട് പതിയെ കണ്ണിലേക്കിറക്കണം. ഇത്രയുമാണ് മൂത്രംകൊണ്ട് കണ്ണ് കഴുകുമ്പോള്‍ ചെയ്യേണ്ടതെന്ന് യുവതി പറയുന്നു.
പത്തുദിവസം മൂത്രം കുടിച്ചപ്പോള്‍ തന്‍റെ ശരീരത്തിന് നിറംവച്ചു എന്ന് പറഞ്ഞ് മറ്റൊരു വിഡിയോ ഇവര്‍ നേരത്തെ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇത്തരത്തിലുള്ള വിഡിയോകള്‍ ഇവര്‍ പങ്കുവച്ചിരുന്നത്. മൂത്രംകൊണ്ട് കണ്ണ് കഴുകുന്ന വിഡിയോ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനു പിന്നാലെ ഇവരുടെ ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായിരിക്കുകയാണ്.
ഇതാരും പരീക്ഷക്കരുതേ എന്നാണ് പല ഡോക്ടര്‍മാരും വിഡിയോ റീഷെയര്‍ ചെയ്ത് എക്സിലടക്കം കുറിച്ചത്. എന്തൊക്കെയാണ് സ്വന്തം ശരീരത്തില്‍ പലരും കാട്ടിക്കൂട്ടുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ശരീരം പുറന്തള്ളുന്ന മാലിന്യമാണ് ഇങ്ങനെയെടുത്ത് വീണ്ടും ശരീരത്തിലേക്ക് കടത്തിവിടുന്നതെന്ന് ഓര്‍ക്കണം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ശരീരത്തിന് മൂത്രം ആവശ്യമാണെങ്കില്‍ അത് പുറത്തേക്ക് ഒഴുക്കിക്കളയില്ലല്ലോ, ശരീരത്തിന് വേണ്ടാത്തതുകൊണ്ടാണ് മൂത്രം പുറത്തേക്ക് വരുന്നത്. മിനിമം ഇക്കാര്യമെങ്കിലും മനസ്സിലാക്കണം എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.