covid-rise

Ai generated images

കേരളത്തിലും കുതിച്ചുയര്‍ന്ന് കോവിഡ്. 2,223 കോവിഡ് കേസുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 7,121 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. കേരളത്തില്‍ മൂന്ന് മരണവും മഹാരാഷ്ട്രയില്‍ ഒന്നും കര്‍ണാടകയില്‍ രണ്ടുപേര്‍ വീതവുമാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഈ വര്‍ഷം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 74 ആയി. ഒരൊറ്റ ദിവസം കൊണ്ട് പുതിയ 117 കോവി‍ഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. അതിവേഗമുളള രോഗവ്യാപനത്തിന് പിന്നില്‍ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇൻസാകോ​ഗ് (Indian SARS-CoV-2 Genomics Consortium) പുറത്തുവിട്ട ഡാറ്റയിലാണ് കോവിഡിനെ കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ പെട്ടെന്നുളള കോവിഡ് വ്യാപനത്തിന് പിന്നില്‍ ഒമിക്രോണിന്‍റെ പിന്‍ഗാമിയായ XFG എന്ന പുതിയ വകഭേതമാണെന്ന് ഇൻസാകോ​ഗ് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബം​ഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ രോ​ഗവ്യാപനത്തിൽ 163 കേസുകൾക്ക് പിന്നിൽ XFG ആണെന്നും ഇൻസാകോ​ഗ് പുറത്തുവിട്ട ഡാറ്റ ചൂണ്ടിക്കാട്ടുന്നു. XFG കേസുകള്‍ ഏറ്റവുമധികം കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്. 83 കേസുകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. 

ലാന്‍സെറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും രോഗവ്യാപനത്തിന് പിന്നില്‍ ഒമിക്രോണിന്‍റെ പിന്‍ഗാമിയായ XFGയാണ് കാരണക്കാരനെന്ന് വ്യക്തമാക്കുന്നുണ്ട്. XFG  വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കാനഡയിലാണ്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളിൽ നിന്നാണ് XFG ഉണ്ടായിരിക്കുന്നത്. പുതിയ വകഭേദമായ XFGയിലെ സ്പൈക് പ്രോട്ടീനിലുണ്ടാക്കിയ പരിവര്‍ത്തനം മനുഷ്യകോശങ്ങളിലേക്ക് പെട്ടെന്ന് കടന്നുചെല്ലാന്‍ വൈറസിനെ സഹായിക്കും. വൈറസിന്‍റെ ഘടനയിലും സ്വഭാവത്തിവും സംഭവിച്ച മാറ്റങ്ങള്‍ മനുഷ്യന്‍റെ പ്രതിരോധസംവിധാനത്തെ ചെറുക്കാനും എളുപ്പത്തില്‍ മനുഷ്യരിലേക്ക് കടന്നുചെന്ന് രോഗബാധയുണ്ടാക്കാനും വൈറസിനെ സഹായിച്ചു. ഇത് മൂലം രോഗം എളുപ്പത്തില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാനും കാരണമായി. പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് വൈറസ് വേഗത്തില്‍ കടന്നുകൂടും. രാജ്യത്തെ നിലവിലെ രോ​ഗവ്യാപനത്തിന് പിന്നിൽ ഒമിക്രോൺ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലക്ഷണങ്ങള്‍ എന്തെല്ലാം?

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന, ക്ഷീണം, പേശിവേദന, ഓക്കാനം, വയറ്റില്‍ അസ്വസ്ഥത, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ കാണുന്ന ജലദോഷപ്പനിയുടെ രൂപത്തിലും വൈറസ് സാന്നിധ്യമറിയിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികില്‍സയരുത്. 

ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

  • പനി പോലുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികില്‍സ തേടുക.
  • തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക
  • രോഗവ്യാപനമുളള സ്ഥലങ്ങളിലേക്കുളള യാത്രകള്‍ ഒഴിവാക്കുക
  • രോഗികളുമായുളള സമ്പര്‍ക്കവും ഒഴിവാക്കുക
  • ഇടക്കിടെ സോപ്പിട്ട് കൈകള്‍ കഴുകുക
  • സാനിറ്റൈസര്‍ ഉപയോഗിക്കാം
  • പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക
ENGLISH SUMMARY:

New Covid-19 variant XFG detected in 163 cases in India, known to evade immunity