പ്രഭു പ്രകാശ്.
ചെറിയ സൂര്യപ്രകാശം പോലും ചുട്ടുപൊള്ളിക്കുന്ന ദേഹം. വെയിലേറ്റാല്‍ അടര്‍ന്നു വീഴുന്ന ചര്‍മം. കണ്ടാല്‍ ഭയം തോന്നിക്കുന്ന അപൂര്‍വ ചര്‍മ രോഗം ബാധിച്ച യുവാവിന്‍റെ ജീവിതം അതീവ ദുര്‍ഘടമാണ്. ആന്ധ്ര പ്രദേശിലെ അനകപല്ലയിലുള്ള പ്രഭു പ്രസാദ് എന്ന ഇരുപത്തിയൊന്നുകാരനാണ് കാഴ്ചയില്‍ പാമ്പിന്‍തോല്‍ പോലുള്ള ചര്‍മം കാരണം ദുരിതമനുഭവിക്കുന്നത്.
അസാധാരണമായ ചൂടാണ് പ്രഭുവിന്‍റെ ചര്‍മത്തിന്. ഇതുകാരണം മണിക്കൂറില്‍ ഒരു വട്ടമെങ്കിലും കുളിക്കേണ്ടി വരും. ചര്‍മം വെയിലേറ്റ് പൊളിഞ്ഞിളകുന്ന വേദനയും സഹിക്കണം. സാമൂഹികമായ ഒറ്റപ്പെടുത്തലും ആളുകളുടെ കളിയാക്കലും മറ്റൊരു വശത്തുണ്ട്. പക്ഷേ ജീവിതത്തോട് തോറ്റുകൊടുക്കാന്‍ പ്രഭു ഒരുക്കമല്ല, കാരണം പ്രഭുവിന് വളരെ വലിയൊരു സ്വപ്നം മുന്നിലുണ്ട്. ജോലിക്കു പോയി അമ്മയെ പൊന്നുപോലെ നോക്കണം എന്നതാണ് പ്രഭുവിന്‍റെ ജീവിതലക്ഷ്യം.
പ്രഭു തീരെ ചെറുതായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരണപ്പെട്ടു. പിന്നീട് വീട്ടുജോലിക്കാരിയായി മാറിയ അമ്മ പ്രഭുവിനെ കൊണ്ടുചെല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളില്ല. മകന്‍റെ അസുഖം ഭേദപ്പെടാനായി പല ചികിത്സകളും തേടിയ ആ അമ്മയോട് പലരും ഇത് സര്‍പ്പദോഷമാണെന്നു വരെ പറഞ്ഞു. എല്ലാ ഡോക്ടര്‍മാരും ഈ അമ്മയെയും മകനെയും കയ്യൊഴിഞ്ഞു. ഈ രോഗത്തിന് ചികിത്സയില്ലെന്ന് പറഞ്ഞു. സാമ്പത്തികം ഇല്ലാത്തതും ചികിത്സയ്ക്ക് തിരിച്ചടിയായി.
പ്രഭുവിന് കൂട്ടുകാരെന്ന് പറയാന്‍ അങ്ങനെയാരുമില്ല. തന്‍റെ ശരീരം കണ്ടാല്‍ ആരും അടുത്തുവരാറില്ല എന്നാണ് പ്രഭു പറയുന്നത്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട ജീവിതമാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാമിടയിലും പ്രഭുവിന് വ്യക്തമായ ലക്ഷ്യബോധമുണ്ട്. നന്നായി പഠിക്കണം, നല്ല ജോലി വാങ്ങണം, അമ്മയെ നന്നായി നോക്കണം. ഈ ആഗ്രഹങ്ങളാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് പ്രഭു പറഞ്ഞുവയ്ക്കുന്നു.