അപൂർവ ജനിതകമാറ്റം സംഭവിച്ച പുരുഷന്‍റെ ബീജം ഉപയോഗിച്ച് ചികില്‍സയിലൂടെ ജനിച്ച 67 കുഞ്ഞുങ്ങളില്‍ 10 പേര്‍ക്ക് കാന്‍സര്‍. ഒരാളുടെ ബീജം എത്ര ഗര്‍ഭധാരണ ചികില്‍സകള്‍ക്ക് ഉപയോഗിക്കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഒരു ദാതാവില്‍ നിന്ന് എത്രവട്ടം ബിജം ഉപയോഗിക്കാമെന്നതിന് മാര്‍ഗരേഖവേണമെന്നാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഗവേഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
2008 നും 2015 നും ഇടയില്‍ 67 കുട്ടികളാണ് യുവാവിന്‍റെ ബീജം ഉപയോഗിച്ചുള്ള ചികില്‍സയിലൂടെ പിറന്നത്. ഇതിൽ പത്ത് കുട്ടികൾക്ക് ഇതിനകം കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഫ്രാൻസിലെ റൂവൻ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ജീവശാസ്ത്രജ്ഞനായ എഡ്വിജ് കാസ്പർ ശനിയാഴ്ച മിലാനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ ജനിറ്റിക്‌സിന്റെ വാർഷിക സമ്മേളനത്തിൽ പറഞ്ഞു. പഠനത്തില്‍ ദാതാവ് ആരോഗ്യവാനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ TP53 എന്ന ജീനിൽ അപൂർവമായ ഒരു മ്യൂട്ടേഷൻ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് ഒരു വ്യക്തിയിൽ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അപൂര്‍വ രോഗമായ ലി-ഫ്രോമെനി സിൻഡ്രോമിന് കാരണമാകാൻ സാധ്യതയുണ്ട്. അതേസമയം ദാതാവിന് മ്യൂട്ടേഷനെ കുറിച്ച് അറിയില്ലായിരുന്നു.
ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, സ്പെയിൻ, സ്വീഡൻ, യുകെ എന്നിവിടങ്ങളിലാണ് ദാതാവിന്‍റെ ബീജത്തില്‍ നിന്ന് ജനിച്ച കുഞ്ഞുങ്ങള്‍ വളരുന്നത്. അവരിൽ പത്ത് പേർക്ക് ബ്രെയിൻ ട്യൂമർ, ഹോഡ്ജ്കിൻ ലിംഫോമ തുടങ്ങിയ അർബുദങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 13 കുട്ടികളിൽ ഈ ജീൻ കാണപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാൻസർ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കാൻസർ വരാനുള്ള സാധ്യത കൂടുതലായതിനാൽ അവർക്ക് പതിവായി വൈദ്യപരിശോധന ആവശ്യമായി വരും. കൂടാതെ അവരില്‍ നിന്ന് അവരുടെ മക്കളിലേക്കും ഈ ജീന്‍ കൈമാറാനുള്ള സാധ്യത 50% ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഓരോ മനുഷ്യനും ഏകദേശം 20,000 ജീനുകൾ ഉണ്ടെന്നിരിക്കെ ഒരു വ്യക്തിയുടെ ജീൻ പൂളിൽ രോഗകാരിയായ മ്യൂട്ടേഷനുകൾ കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ദാതാവിനെ സമഗ്രമായി പരിശോധിച്ചശേഷമാണ് തങ്ങള്‍ ബീജം ഉപയോഗിച്ചതെന്നാണ് ദാതാവ് ബീജം നല്‍കിയ സ്‌പേം ബാങ്ക് പറയുന്നത്. എന്നിരുന്നാളും ഒരു ദാതാവില്‍ നിന്നുള്ള ബീജം ഉപയോഗിച്ച് 10 കുഞ്ഞുങ്ങളില്‍ കാന്‍സര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു ദാതാവിന്‍റെ ബീജം ഉപയോഗിക്കുന്നതിന്‍റെ പരിധി എത്രത്തോളമാണെന്ന ചോദ്യം ഉയരുകയാണ്. അതേസമയം രാജ്യത്തിനനുസരിച്ച് ഈ നിയന്ത്രണങ്ങൾ വ്യത്യാസപ്പെടുകയും ചെയ്യും. എന്നാല്‍ കൃത്യമായ നിയന്ത്രണം ആവശ്യമാണെന്ന് പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടി കാട്ടുന്നത്.