Image: Meta AI

Image: Meta AI

സൗന്ദര്യ സംരക്ഷണത്തിന്‍റെ ഭാഗമായി സൂര്യപ്രകാശമേല്‍ക്കാതെ നടന്ന യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്നം. വെയിലടിച്ച് മുഖവും കൈകാലുകളും കരുവാളിക്കുന്നത് ഒഴിവാക്കാനാണ് ചൈനയിലെ 48കാരി സൂര്യപ്രകാശമേല്‍ക്കാതെ നടന്നത്. ഇരുന്നാലും കിടന്നാലുമെന്നുവേണ്ട, അനങ്ങിയാല്‍ പോലും അസ്ഥികള്‍ നുറുങ്ങുന്ന ഗുരുതര രോഗാവസ്ഥയിലാണ് ഇവരിപ്പോള്‍. വെയിലടിച്ചാല്‍ കരുവാളിക്കുമെന്ന ഭയത്തെ തുടര്‍ന്ന് ചെറുപ്പം മുതല്‍ ഇവര്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വെയിലേല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പതിവായി സണ്‍സ്ക്രീനും ഉപയോഗിച്ചു വന്നു. ഇതോടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് ഗണ്യമായി കുറയുകയായിരുന്നു. ക്രമേണെ അസ്ഥികള്‍ ദുര്‍ബലമായെന്നും കിടക്കയില്‍ തിരിഞ്ഞു കിടക്കുമ്പോള്‍ പോലും അസ്ഥികള്‍ തുടങ്ങിയെന്നും വാരിയെല്ല് ഇത്തരത്തില്‍ ഒടിഞ്ഞുവെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീരെ ചെറിയ ചലനങ്ങള്‍ പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ് യുവതിയെന്നും ഡോക്ടര്‍മാര്‍പറയുന്നു. 

കട്ടിലില്‍ തിരിഞ്ഞ് കിടന്നതോടെ വാരിയെല്ലുകള്‍ പൊട്ടി. ഇരിക്കാനും നടക്കാനും പോലും വയ്യാത്ത സ്ഥിതിയിലാണ് യുവതി

സിന്‍ഡു ആശുപത്രിയിലെ ഡോക്ടര്‍ ലോങ് ഷുവാങാണ് കേസിനെ കുറിച്ച് ലോകത്തെ അറിയിച്ചത്. കുട്ടിക്കാലം മുതലേ ഇവര്‍ സൂര്യപ്രകാശം ഒഴിവാക്കിയാണ് കഴിഞ്ഞതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. വീണ് അസ്ഥികള്‍ ഒടിഞ്ഞതോടെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കടുത്ത അസ്ഥിക്ഷയം സ്ഥിരീകരിച്ചത്.  

സൂര്യപ്രകാശമേല്‍ക്കാതിരിക്കല്‍ ചൈനയില്‍ ട്രെന്‍ഡ് തന്നെയാണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ വിരലുകള്‍ വരെ മറയ്ക്കുന്ന തരം  കൈയുറകളും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും രക്ഷപെടാനുള്ള തരം വസ്ത്രങ്ങളുമാണ് ധരിക്കുന്നത്. എന്നാല്‍ സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് പാടെ ഒഴിവാക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും കാല്‍സ്യം ആഗീകരണം ചെയ്യുന്നതിനുമായി വിറ്റമിന്‍ ഡി ആവശ്യമാണ്. ഇത് ലഭിക്കുന്നതാവട്ടെ വലിയൊളവ് വരെ സൂര്യപ്രകാശത്തില്‍ നിന്നുമാണ്. സ്ഥിരമായി സൂര്യപ്രകാശം ഏല്‍ക്കാത്തവരില്‍ അസ്ഥികള്‍ ബലമില്ലാത്ത അവസ്ഥയിലും പ്രതിരോധശേഷി കുറഞ്ഞുമാണ് കാണപ്പെടുന്നത്. 

മുപ്പതു വയസുവരെ  ഓരോ പത്തുവര്‍ഷത്തിലും മനുഷ്യ ശരീരത്തിലെ എല്ലുകള്‍ ഊര്‍ജമുള്‍ക്കൊള്ളുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്യാറുണ്ടെന്നും എന്നാല്‍ മുപ്പത് വയസ് പിന്നിടുന്നതോടെ അസ്ഥിയുടെ പിണ്ഡം പ്രതിവര്‍ഷം അര ശതമാനം മുതല്‍ ഒരു ശതമാനം വരെ കുറഞ്ഞുവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കാല്‍സ്യക്കുറവ്, സൂര്യപ്രകാശമേല്‍ക്കാത്തത്, വിറ്റാമിന്‍ ഡിയുടെ അഭാവം എന്നിവ ശരീരത്തിലേക്ക് ആവശ്യമായ കാല്‍സ്യം എത്താതിരിക്കാന്‍ കാരണമാകും. വ്യായാമം ചെയ്യാതെയുള്ള ജീവിതം,പുകവലി, അമിത മദ്യപാനം എന്നിവയും എല്ലുകളുടെ ആരോഗ്യം തകര്‍ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ENGLISH SUMMARY:

A 48-year-old woman in China developed extreme osteoporosis after avoiding sunlight for years to maintain her complexion. The lack of vitamin D caused her bones to become so fragile that even minor movements led to fractures. Doctors warn against prolonged sun avoidance without medical advice.