2019നും 2021നും ഇടയില്‍ ആഗോള ആയുര്‍ദൈഘ്യത്തില്‍ 1.8 വര്‍ഷത്തെക്കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വയിയ കുറവാണെന്നും സംഘടന വ്യക്തമാക്കി. 2025ലെ വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക് റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ജീവിത നിലവാരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

 കോവിഡ് കാലത്തുണ്ടായ വിഷാദവും ഉല്‍ക്കണ്ഠയും മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം  കുറച്ചതായി  പഠനങ്ങള്‍ പറയുന്നു. പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങി  വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ചുണ്ടായ മരണങ്ങള്‍ കുറച്ചതിലൂടെ  ഉണ്ടാക്കിയ പലനേട്ടങ്ങളും ഇതുമൂലം ഇല്ലാതായി. സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ആരോഗ്യസേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നത്  431 ദശലക്ഷം ആളുകൾക്ക് മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ‌രക്ഷാ സൗകര്യങ്ങള്‍ കിട്ടുന്നതാകട്ടെ 637 ദശലക്ഷംപേര്‍ക്ക് മാത്രമാണ്.  കണക്കുകള്‍ പരിശോധിച്ചാല്‍  ആരോഗ്യ സംവിധാനങ്ങളെല്ലാം  ഇപ്പോഴും പ്രതിസന്ധി നേരിടുന്നണ്ടെന്ന് വ്യക്തം. മാത്രമല്ല മാതൃ-ശിശു മരണ നിരക്ക് പ്രതീക്ഷിച്ചത്ര വേഗത്തിൽ കുറയുന്നില്ലെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 2000 നും 2023 നും ഇടയിൽ മാതൃമരണങ്ങൾ 40% ത്തിലധികവും അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണങ്ങൾ പകുതിയിൽ അധികവും കുറഞ്ഞതോടെ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞെങ്കിലും  ഇപ്പോള്‍ അത് ഏറെകുറേ സ്തംഭിച്ചിരിക്കുകയാണ്.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, 2030 വരെ ലോകത്ത് 700,000 മാതൃമരണങ്ങളും 5 വയസ്സിന് താഴെയുള്ള 8 ദശലക്ഷം ശിശുമരണങ്ങളും  അധികമായി സംഭവിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, പ്രമേഹം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ 70 വയസ്സിന് താഴെയുള്ളവരുടെ മരണത്തിന്  പ്രധാന കാരണമാണ്.

ശുദ്ധജലം, ഗുണമേന്മയുള്ള വായു എന്നിവ ഉറപ്പാക്കിയും , പുകയിലയുടെ ഉപയോഗം  കുറച്ചും 140കോടി ജനങ്ങള്‍ക്ക്  ആരോഗ്യകരമായ ജീവിതം ഉറപ്പക്കാന്‍  കഴിഞ്ഞിട്ടുണ്ട് . എന്നാല്‍  ആരോഗ്യരംഗത്ത് ഈ രീതിയിലുള്ള പുരോഗതി ആര്‍ജിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പരിതാപകരമായ ജീവിത സാഹചര്യത്തില്‍ കഴിയുന്നുണ്ട്. അതായത് ആരോഗ്യരംഗത്ത് ഇപ്പോഴും ലോകം രണ്ടുതട്ടിലാണെന്ന് ചുരുക്കം.

ENGLISH SUMMARY:

The World Health Organization's World Health Statistics 2025 report reveals that global life expectancy dropped by 1.8 years between 2019 and 2021 — the sharpest decline in recorded history. According to the report, the COVID-19 pandemic significantly impacted not just health but also the overall quality of life.