രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നലെ ആറുവര്‍ഷം. കേരളത്തിലായിരുന്നു ആദ്യ രോഗി എന്നതുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ആറുവര്‍ഷം മുന്‍പുള്ള ഈ ദിനം എങ്ങനെ മറക്കാന്‍. കേരളം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ച വാര്‍ത്ത . ചൈനയിലുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ കോവിഡ് വിതച്ചുകൊണ്ടിരിക്കുന്ന ദുരന്തം അന്നുവരെ ടിവിയില്‍ കണ്ടുകൊണ്ടിരുന്ന മലയാളിക്ക് മുന്നിലേക്ക് രോഗബാധ എത്തി. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി രോഗലക്ഷണങ്ങളോടെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലായി. രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള മെഡിക്കല്‍ പരിശോധനാ ഫലം പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിവരം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉടന്‍തന്നെ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ കണ്ടു. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും അടിയന്തിര യോഗം ചേര്‍ന്നു.
ചൈനയില്‍ നിന്ന് എത്തിവരും അവരുമായി അടുത്ത് ഇടപഴകിയവരും ഏറ്റവും അടുത്ത ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥന. പിന്നീട് കേരളം കണ്ടത് അത്യന്തം ദുരിത പൂര്‍ണമായ ഒരു കാലം. പരസ്പരം അകന്ന കാലം. മരണമടഞ്ഞ ഉറ്റവരെ അവസാനമായി കാണാന്‍ കഴിയാതിരുന്ന കാലം. എത്ര വര്‍ഷങ്ങളെടുത്തു ജീവിതം പഴയപടിയാകാന്‍. കോവിഡ് ബാക്കിവച്ച ബുദ്ധിമുട്ടുകളില്‍ അനുഭവിക്കുന്നവര്‍ ഇപ്പോഴും ഏറെ. ഓര്‍ക്കാന്‍ ആരും തെല്ലുമാഗ്രഹിക്കാത്ത കോവിഡ് കാലം.