തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവിന്‍റെ മരണം ചികിത്സാപിഴവ് മൂലമെന്ന് കുടുംബത്തിന്‍റെ ആരോപണം. വിളപ്പില്‍ശാല കാവിന്‍പുറം സ്വദേശി പി ബിസ്മിര്‍ ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബിസ്മിറിനെ പ്രാഥമിക ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചു എന്നാണ് പരാതി. ബിസ്മിര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തിങ്കാളാഴ്ച പുലര്‍ച്ചെ, കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് വിളപ്പില്‍ശാല സമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബിസ്മറിന്‍റെ ദൃശ്യങ്ങളാണിത്. ശ്വാസം കിട്ടാതെ ബിസ്മിര്‍ ബുദ്ധിമുട്ടുന്നതും, ഭാര്യ ജാസ്മിന്‍ വെപ്രാളപ്പെടുന്നതുമെല്ലാം വ്യക്തം. രണ്ട് മിനുട്ടോളം കാത്തിരുന്ന ശേഷം ബിസ്മിര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്‍റെ അത്തേക്ക് കയറുന്നതും കാണാം. ഇതിന് ശേഷം എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. ബിസ്മിറിനെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചെങ്കിലും പ്രാഥമിക ചികിത്സയൊന്നും നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ബിസ്മിര്‍ മരിച്ചിരുന്നു. 

ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ രമ പറഞ്ഞു. ബിസ്മിറിന്‍റെ ഭാര്യ ജാസ്മിന്‍ ആശുപത്രി സുപ്രണ്ടിനും വിളപ്പില്‍ശാല പൊലീസിനും പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെ തുടര്‍ന്ന് ബിസ്മിറിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് സംസ്കരിച്ചത്. 

ENGLISH SUMMARY:

Medical negligence is suspected in a recent death in Vilappilsala. The family alleges that treatment was denied at a local health center, leading to the patient's death.