A medical worker puts a vial into a syringe at a vaccination centre inside Harpenden Public Halls, amid the outbreak of the coronavirus disease (COVID-19) in Harpenden, Britain, January 22, 2021. REUTERS/Peter Cziborra
കോവിഡ്-19 വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ കുറഞ്ഞത് പത്ത് കുട്ടികളെങ്കിലും മരിച്ചുവെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ സെന്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. വിനയ് പ്രസാദ്. ജീവനക്കാര്‍ക്ക് അയച്ച മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹൃദയത്തിലെ അണുബാധ മൂലമാണ് കുട്ടികള്‍ മരിച്ചതെന്നും പിന്നില്‍ കോവിഡ് വാക്സീൻ ഉപയോഗമാകാമെന്നുമാണ് കത്തില്‍ പറയുന്നത്. എൻബിസി ന്യൂസാണ് കത്ത് പുറത്തുവിട്ടത്. എന്നാല്‍ വിദഗ്ധാവലോകനം നടത്തി മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കാത്ത കണ്ടെത്തൽ ആധികാരികമല്ലെന്നും വിമർശനം ഉയരുന്നുണ്ട്.
2021 നും 2024 നും ഇടയിൽ റിപ്പോർട്ട് ചെയ്ത 96 കുട്ടികളുടെ മരണങ്ങളിൽ കുറഞ്ഞത് പത്തെണ്ണം കോവിഡ് വാക്സിനുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കത്തില്‍ അവകാശപ്പെടുന്നുണ്ട്. വാക്സിന്‍ ഹൃദയപേശികളിലെ വീക്കമായ മയോകാർഡിറ്റിസിന് കാരണമായതായാണ് പരാമര്‍ശം. വാക്സിന് അനുമതി നല്‍കാനുള്ള നിബന്ധനകളില്‍ എഫ്ഡിഎ സമൂലമായ മാറ്റങ്ങൾ വരുത്താനും മെമ്മോയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നൽകിയിട്ടില്ല. കുട്ടികളുടെ പ്രായം, മെഡിക്കൽ ഹിസ്റ്ററി, വാക്സിന്‍ വിവരങ്ങള്‍ എന്നിവയൊന്നും മെമ്മോയില്‍ പ്രതിപാദിക്കുന്നില്ല. ആദ്യമായാണ് കോവിഡ്-19 വാക്സിനുകൾ അമേരിക്കയില്‍ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് യുഎസ് എഫ്ഡിഎ പറയുന്നത്.
എന്നാല്‍ ഈ പരാമര്‍ശങ്ങളെ നിരുത്തരവാദപരവും അപകടകരവുമായത് എന്നാണ് ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ വാക്സിൻ സെന്‍ററിന്‍റെ ഡയറക്ടറും ശിശുരോഗവിദഗ്ദ്ധനുമായ ഡോ. പോൾ ഓഫിറ്റ് വിമര്‍ശിച്ചത്. വാക്സിൻ വിരുദ്ധതയില്‍ നിന്നും ഉയര്‍ന്നുവന്ന അവകാശവാദങ്ങളാണ് ഇതെന്ന് എഫ്ഡിഎ വാക്സിൻ മേധാവിയായിരുന്ന ഡോ. പീറ്റർ മാർക്സ് പറഞ്ഞു. മെമ്മോയുടെ രാഷ്ട്രീയ സ്വരം ആശങ്കാജനകമാണെന്നും കുട്ടികളുടെ മരണങ്ങളെ വാക്സിനുമായി ബന്ധിപ്പിക്കുന്നത് സങ്കീർണ്ണമാണെന്നും മാർക്ക്സ് ദി ഗാർഡിയനോട് പറഞ്ഞു.
വാക്സിൻ കാരണമാണോ കുട്ടികള്‍ മരണപ്പെട്ടത് എന്ന് നിർണ്ണയിക്കാൻ പോസ്റ്റ്‌മോർട്ടങ്ങളും സൂക്ഷ്മമായ അവലോകനവും ആവശ്യമാണെന്ന് വാൻഡർബിൽറ്റ് സർവകലാശാലയിലെ പ്രൊഫസർ എമെറിറ്റസ് ഡോ. കാതറിൻ എഡ്വേർഡ്സ് പറയുന്നു. കത്തില്‍ പരാമർശിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണത്തിനേക്കാള്‍ കൂടുതല്‍ കുട്ടിക്കളുടെ മരണത്തിന് കോവിഡ് കാരണമായിരുന്നുവെന്നും കാതറിന്‍ പറഞ്ഞു. അടുത്തിടെ കോവിഡ് വാക്സീൻ വിതരണം 65 വയസ്സിൽ കൂടുതലുള്ളവർക്കും ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കും മാത്രമാക്കാൻ ആരോഗ്യ സെക്രട്ടറി റോബർട് എഫ്.കെന്നഡി ജൂനിയർ നിർദേശം നൽകിയിരുന്നു.