കോവി‍ഡ് കാലത്ത് പാത്രം കൊട്ടിയാല്‍ കൊറോണ വൈറസ് ചാവുമെന്ന വിവാദ പ്രബന്ധത്തിന് പിന്നിലും ഗല്‍ഗോട്ടിയാസ് സര്‍വകലാശാല. 2020 തില്‍ സര്‍വകലാശാലയിലെ റിസര്‍ച്ച് സ്കോളറായ ധര്‍മേന്ദ്ര കുമാറിന്‍റേതാണ് വിവാദമായ പ്രബന്ധം. 2020 മാര്‍ച്ചിലാണ് ജേര്‍ണല്‍ ഓഫ് മോളിക്യുലര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് എന്ന ജേര്‍ണലില്‍ ഈ പ്രബന്ധം അച്ചടിച്ചു വന്നത്. ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ സ്കൂൾ ഓഫ് മെഡിക്കൽ ആൻഡ് അലൈഡ് സയൻസസില്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസിയിെല ഗവേഷകനായിരുന്നു ധര്‍മേന്ദ്ര കുമാര്‍. 

നാണക്കേട്...! എഐ സമ്മിറ്റില്‍ ഇന്ത്യന്‍ നിര്‍മിതിയെന്നു പറഞ്ഞ് പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ട്

''പാത്രവും മണിയും മുട്ടിയാലുണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കുന്നു'' എന്ന തലക്കെട്ടിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. കോവിഡിന് നിലവില്‍ വാക്സില്‍ കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ പിന്തുടരുന്ന സപ്പോര്‍ട്ടീവ്സ തെറാപ്പി മാത്രമാണ് നിലവിലെ ചികിത്സാ രീതി. പനിയും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ, ശരീരത്തിലെ ജലാംശം നിലനിർത്തുക, വെന്റിലേഷൻ, ആന്റിബയോട്ടിക് എന്നിവയാണ് സപ്പോർട്ടീവ് തെറാപ്പിയിൽ ഉൾപ്പെടുന്നത്. അതിനാല്‍ വൈറസുകളെ ശബ്ദ തരംഗത്തിലൂടെ കൊല്ലാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേരത്തെ ശാസ്ത്രീയമായി തെളിയിച്ചതാണെന്നും 2020 മാര്‍ച്ച് 22 തിന് ശബ്ദതരംഗമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ആഹ്വാനം ഇതിന് പ്രധാന്യം വര്‍ധിപ്പിക്കുന്നു എന്നും പ്രബന്ധത്തിന്‍റെ ചുരുക്കരൂപത്തിലുണ്ട്. 

ശബ്ദതരംഗം ഉപയോഗിച്ചുള്ള വിവിധ ചികിത്സാ രീതികളെ പറ്റിയാണ് ആമുഖത്തില്‍ പറയുന്നത്. മാര്‍ച്ച് 18 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് സംസാരിച്ചപ്പോള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ വിവിധ തന്ത്രങ്ങളുണ്ടെന്നും ശബ്ദത്തെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായും പ്രബന്ധത്തില്‍ എഴുതിയിട്ടുണ്ട്. ഗവേഷണം നിലവിൽ ഓൺലൈനിൽ ലഭ്യമല്ല. പ്രസാധകർ പ്രബന്ധം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ശാസ്ത്ര സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നതിനാലായിരുന്നു നടപടി. 

ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്റ്റ് സമ്മിറ്റില്‍ സ്വയം വികസിപ്പിച്ചത് എന്ന് അവകശപ്പെട്ടാണ്  ഗൽഗോട്ടിയാസ് സര്‍വകലാശാല ചൈനീസ് റോബോര്‍ട്ടിനെ അവതരിപ്പിച്ചത്. ഒറിയോണ്‍ എന്ന പേരിലാണ് പ്രൊഫ നേഹ സിങ് റോബോട്ടിനെ അവതരിപ്പിച്ചത്. സർവകലാശാലയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സാണ് റോബോട്ടിനെ വികസിപ്പച്ചതെന്നാണ് ഇവര്‍ വാദിച്ചത്. കള്ളി പൊളിഞ്ഞതോടെ സര്‍വകലാശാലയെ സമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. 

വിവാദത്തില്‍പ്പെട്ട അധ്യാപിക നേഹ സിങിനെതിരെ ഗാൽഗോട്ടിയാസ് സർവകലാശാല നടപടിയെടുത്തേക്കും.ഇന്നലെ രാത്രിയോടെ നേഹ സിങ്ങിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ "ഓപ്പൺ ടു വർക്ക്" എന്നാക്കി മാറ്റി. നേഹ സിങ്ങിനെ പൂർണമായും പഴിചാരിയാണ് സർവകലാശാല ഇന്നലെ വിവാദത്തിൽ ക്ഷമാപണം നടത്തിയത്. ദക്ഷിണ കൊറിയന്‍‌ നിർമിത ഡ്രോണും നേഹ സിങ് സർവകലാശാലയുടേത് എന്ന പേരിൽ അവതരിപ്പിച്ചതിന്‍റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെർമോക്കോള്‍ ഉപയോഗിച്ചുണ്ടാക്കിയ വികലമായ മറ്റൊരു ഡ്രോൺ മാതൃകയും സർവകലാശാല പ്രദര്‍ശിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Galgotias University is under scrutiny for a controversial research paper claiming sound waves can kill the coronavirus, which has since been removed for misleading readers. The university has also faced backlash for presenting a Chinese robot as its own development at an AI summit, leading to its removal from the event.