hair-transplantation

ഹെയർ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയിൽ കയറിക്കൂടിയത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. ഹെയർ ട്രാൻസ്പ്ലാന്റേഷനെ തുടര്‍ന്ന് തലയോട്ടി പുറത്ത് കാണാവുന്ന നിലയിലായ യുവാവ് ഇപ്പോഴും ദുരിതത്തിലാണ്. പനമ്പിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്കിനെതിരെ യുവാവ് പരാതി നൽകിയതോടെ സ്ഥാപനം പൂട്ടി ഡോക്ടർ മുങ്ങി.  

കഴിഞ്ഞ ഫെബ്രുവരി 26 27 തീയതികളിലാണ്, പനമ്പിള്ളി നഗറിലെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ  സ്ഥാപനത്തിൽ സനിൽ ശസ്ത്രക്രിയ ചെയ്തത്. വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ കഠിനമായ വേദന അനുഭവപ്പെട്ടു.  സ്ഥാപനത്തിലെത്തി പരാതി പറഞ്ഞപ്പോൾ,  സ്റ്റിറോയ്ഡുകളും ഉറക്കഗുളികയും നൽകി തിരിച്ചയക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

ഗുളികളെല്ലാം കഴിച്ചിട്ടും വേദനയ്ക്ക് കുറവില്ലാതായതോടെയാണ് അദ്ദഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. അവിടെ നടത്തിയ പരിശോധനയിലാണ് വേദനയുടെ കാരണമറിഞ്ഞ് കുടുംബം ഞെട്ടിയത്. ചികിത്സയുടെ ഭാഗമായി  ഇതുവരെ തലയിൽ പതിമൂന്ന് ശസ്ത്രക്രിയകളാണ് കഴിഞ്ഞത്. എന്നിട്ടും തലയോട്ടിയുടെ കുറച്ചു ഭാഗങ്ങൾ ഇപ്പോഴും പുറത്തു കാണാവുന്ന നിലയിലാണ്. 

തലയോട്ടിയിൽ നിന്നുള്ള പഴുപ്പ് ശേഖരിക്കുന്ന വാക്വം മെഷീനുമായാണ് സനലിന്റെ ഇപ്പോഴത്തെ ജീവിതം. സ്ഥാപനത്തിനെതിരെ തേവര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൂന്നു ദിവസമായി ഇൻസൈറ്റ് ഡെർമ ക്ലിനിക് അടച്ചിട്ട നിലയിലാണ്. 

ENGLISH SUMMARY:

Flesh-eating bacteria grows on young man's head after hair transplant