alergy

TOPICS COVERED

വിട്ടുമാറാത്ത അലർജി നിരവധിപ്പേര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. തുമ്മൽ, കണ്ണുകളിൽ ചൊറിച്ചിൽ, ശ്വാസംമുട്ടൽ തുടങ്ങി പല തരത്തിലുള്ള അലർജികളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗവും. മരുന്നുകൾ ഉപയോഗിച്ച് താത്കാലികമായി ലഭിക്കുന്ന ആശ്വാസം അല്ലാതെ സ്ഥിരമായി ഈ അലർജിക്കൊരു പരിഹാരമില്ലേയെന്നത് എല്ലാവരുടെയും ചോദ്യമാണ്. 

ഹാ..ച്ഛീ! അലര്‍ജിയുടെ കാരണമറിയാം, ചികിത്സിക്കാം

പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമം, പൂമ്പൊടി, തണുപ്പ് തുടങ്ങി സീസണല്‍ അല്ലെങ്കിൽ പാരിസ്ഥിതിക കാരണങ്ങളാണ് അലർജിയുണ്ടാക്കുന്നത്. ജീവിതത്തിൽ നിന്ന് ഇവയൊന്നും ഒരിക്കലും ഒഴിവാക്കാനാവില്ലെന്ന് കരുതിയിരിക്കുന്നവർക്ക് പക്ഷേ ഒരു സന്തോഷവാര്‍ത്തയുണ്ട്. അതാണ് 'അലർജി ഇമ്മ്യുണോതെറാപ്പി'. ഇത് കുത്തിവയ്പ്പായോ, നാവിനടിയില്‍ വയ്ക്കുന്ന ഗുളികയായോ അതുമല്ലെങ്കില്‍ തുള്ളിമരുന്നായോ നല്‍കാം. ഇതിലൂടെ അലര്‍ജി ലക്ഷണങ്ങള്‍ കുറയ്ക്കാനും ക്രമേണെ ഇല്ലാതാക്കാനും സാധിക്കും.

അലർജി ഷോട്ടുകൾ (സബ്ക്യുട്ടേനിയസ് ഇമ്മ്യൂണോതെറാപ്പി SCIT) ചർമ്മത്തിനടിയിൽ കുത്തിവയ്ക്കുന്നവയാണ്. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഒരിക്കൽ കുത്തിവയ്പ്പ്, പിന്നീട് രണ്ടാഴ്ചയിലൊരിക്കൽ, ഒടുവിൽ മാസത്തിലൊരിക്കൽ എന്നിങ്ങനെയാണ് ഇതിന്റെ ഡോസ് ക്രമീകരിക്കുന്നത്. ആസ്ത്മ, പ്രാണികളുടെ കുത്തേറ്റുള്ള അലർജി എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്. നാവിനടിയിലെ ചികിത്സ (സബ്‌ലിംഗ്വൽ ഇമ്മ്യൂണോതെറാപ്പി SLIT) ഗുളികകളോ തുള്ളികളോ നാവിനടിയിൽ വെക്കുന്നതിലൂടെയാണ്. ഇത് കുത്തിവയ്പ്പിനേക്കാൾ എളുപ്പവും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്നതുമാണ്. വായുവിലൂടെയുള്ള അലർജി  പ്രതിരോധിക്കാന്‍ ഇത് ഉപയോഗിക്കുന്നു. 

ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്‌ത്മ (GINA) യും ചില അന്താരാഷ്ട്ര അലർജി സംഘടനകളും അലർജിൻ ഇമ്മ്യൂണോതെറാപ്പിയെ പിന്തുണയ്ക്കുന്നു. രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുപകരം, അടിസ്ഥാന അലർജി രോഗത്തെ ഇല്ലാതാക്കുന്ന ഏക ചികിത്സയാണ് ഇത്. ലോകാരോഗ്യ സംഘടനയും (WHO) മറ്റ് ആഗോള പൊതുജനാരോഗ്യ സ്ഥാപനങ്ങളും അലർജി ഇമ്മ്യൂണോതെറാപ്പിയെ അംഗീകരിക്കുന്നുണ്ട്. 

ആജീവനാന്ത നേസൽ സ്പ്രേകൾ, കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ പതിവ് ഇൻഹേലർ ഉപയോഗം എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ ചികിത്സാ രീതി സഹായിക്കുന്നു. ഇമ്മ്യുണൊത്തെറാപ്പിയെടുത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നിട്ടും അലര്‍ജി ലക്ഷണങ്ങള്‍ തീരെയില്ലെന്നും വളരെ കുറവാണെന്നുമാണ് ആളുകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

പരിസ്ഥിതി വ്യതിയാനം, മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാൽ, നഗരങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ആഗോളതലത്തിൽ അലർജികൾ വർദ്ധിച്ചുവരികയാണ്. വിട്ടുമാറാത്ത അലർജി രോഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും, മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ആഗോള, ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ഇമ്മ്യൂണോതെറാപ്പിയെ കാണുന്നത്.

അലർജി ഇമ്മ്യൂണോതെറാപ്പി ഒരു ദീർഘകാല ചികിത്സാ രീതിയാണ്. നിങ്ങളുടെ അലർജികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ ഏതാണെന്ന് ഒരു അലർജി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സഹായത്തോടെ തിരിച്ചറിയുകും തുടര്‍ന്ന് ചികിത്സയെടുക്കുകയുമാണ് അഭികാമ്യം.

ENGLISH SUMMARY:

Allergy immunotherapy is a long-term treatment option that aims to reduce allergy symptoms and potentially eliminate the underlying allergy disease. Global health organizations recognize immunotherapy as a way to decrease reliance on medications and improve the quality of life for individuals with allergies.