covid-virus-model

TOPICS COVERED

ആശങ്ക സൃഷ്ടിച്ച് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഹോങ്കോങ് നഗരത്തില്‍ ഈ ആഴ്ച കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി.

ഹോങ്കോങില്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മേയ് മൂന്ന് വരെ 31 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയത്. ഇതോടെ കോവിഡ് മരണങ്ങളും വര്‍ധിച്ചിട്ടുണ്ട്. മലിനജലത്തിൽ കോവിഡ് വൈറസിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് ലക്ഷണങ്ങളുള്ള കൂടുതൽ പേര്‍ ആശുപത്രികളിലെത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ഏഷ്യയിലെ ജനസാന്ദ്രതയേറിയ മറ്റൊരു നഗരമായ സിംഗപ്പൂരിലും കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്. മേയില്‍ കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവുണ്ടായതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 14,200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനമാണ് വര്‍ധനവ്. 

ഏഷ്യയിലുടനീളം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയർന്ന അപകടസാധ്യതയുള്ളവർ കോവിഡിനെതിരായ ബൂസ്റ്റർ ഡോസുകൾ എടുക്കാൻ ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കപ്പെടുന്നു. വൈറസുകളും സാധാരണയായി കുറയുന്ന വേനൽക്കാലത്തും കോവിഡ് കേസുകളിലുള്ള വര്‍ധനവ് ചൂടുള്ള മാസങ്ങളിൽ പോലും വൈറസ് വേഗത്തില്‍ പകരുന്നു എന്നതിന്‍റെ സൂചനയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ചൈനയിലും കോവിഡ് പുതിയൊരു തരംഗം നേരിടുന്നുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിലുണ്ട്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകൾക്കുള്ളിൽ ചൈനയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികമായി. പ്രതിരോധശേഷി കുറയുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ മൂലമാകാം കേസുകളുടെ വർധനവെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള വകഭേദങ്ങൾ കൂടുതൽ പകരാൻ സാധ്യതയുള്ളതായോ ഗുരുതരമായ കേസുകൾക്ക് കാരണമാകുന്നതാണെന്നോ സൂചനയില്ലെന്ന് സിംഗപ്പൂര്‍. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോങ്‍കോങ് ഗായകൻ ഈസൺ ചാന്‍ തായ്‌വാനിലെ കാവോസിയുങ്ങിൽ ഈ ആഴ്ച നടത്താനിരുന്ന സംഗീത പരിപാടികൾ റദ്ദാക്കി. 

ENGLISH SUMMARY:

A fresh wave of COVID-19 cases is triggering concern across parts of Asia, including Hong Kong and Singapore. Health authorities in both regions have issued alerts following a noticeable spike in infections, Bloomberg reports.