Image: Meta AI
അടുക്കളയില്‍ സര്‍വസാധാരണമായി മാറിക്കഴിഞ്ഞ പ്ലാസ്റ്റിക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം മൂന്നരലക്ഷം ഹൃദ്രോഗ മരണങ്ങളുടെ മൂലകാരണം പ്ലാസിറ്റിക്കാണെന്ന് ലാന്‍സെറ്റിന്‍റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. ന്യൂ യോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പ്ലാസ്റ്റിക് മൃദുവാക്കാനും വഴക്കമുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവായ ഡിഇഎച്ച്പി (ഡൈ 2 ഈഥൈല്‍ഹെക്സൈല്‍ ഫെത്തലേറ്റ് ) യെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രധാനമായും ഭക്ഷണപാത്രങ്ങള്‍, പൈപ്പുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നുതുടങ്ങി മെഡിക്കല്‍ സാമഗ്രികളില്‍ വരെ ഈ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്.
2018 ല്‍മാത്രം ലോകവ്യാപകമായി മൂന്നര ലക്ഷം പേരുടെ ജീവന്‍ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളാല്‍ പൊലിയാന്‍ ഡിഇഎച്ച്പി കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ചും 55നും 64നും ഇടയിലുള്ളവരാണ് ഇത്തരത്തില്‍ മരിച്ചവരിലേറെയും.
ആളുകളുടെ ശരീരത്തില്‍ ഡിഇഎച്ച്പി കയറിക്കൂടിയിട്ടുണ്ടോ എന്നറിയാന്‍ ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ മൂത്ര സാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചു. മാത്രവുമല്ല ആരോഗ്യ സര്‍വെകളും നടത്തി. ഇത്തരത്തില്‍ ലഭ്യമായ വിവരങ്ങള്‍ ആഗോള ഗവേഷണ സ്ഥാപനമായ ഹെല്‍ത്ത് മെട്രിക്സ് ആന്‍റ് ഇവാല്യുവേഷനിലെ ഡെത്ത് റെക്കോര്‍ഡുമായി ചേര്‍ത്തുവച്ചാണ് പഠനം നടത്തിയത്. പ്ലാസ്റ്റികിലെ പ്രത്യേക രാസവസ്തു ഹൃദ്രോഗത്തിന് കാരണമാകുന്നതായി തെളിഞ്ഞ ആദ്യ പഠനം കൂടിയാണിതെന്ന് ഗവേഷകര്‍ പറയുന്നു.
ഇന്ത്യയില്‍ മാത്രം ഒരുലക്ഷത്തിലേറെ മരണം...
തെക്കനേഷ്യ, കിഴക്കനേഷ്യ, പസഫിക് മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവുമധികമായി ഇത്തരത്തിലുള്ള മരണം സംഭവിച്ചത്. 75 ശതമാനം മരണങ്ങളും ഇത്തരത്തിലാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതില്‍ തന്നെ ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെപ്പേരും ചൈനയില്‍ അറുപതിനായിരത്തിലേറെപ്പേരും ഇന്തൊനേഷ്യയില്‍ പത്തൊന്‍പതിനായിരത്തിലേറെപ്പേരും ഇത്തരത്തിലാണ് മരിച്ചത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ പ്ലാസ്റ്റികിന്‍റെ ഉല്‍പാദനവും ഉപഭോഗവും കൂടുതലാണെന്നും അതേസയമം, കെമിക്കല്‍ സേഫ്റ്റി നിയമങ്ങള്‍ ദുര്‍ബലമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ശരീരത്തിലെത്തുന്നതെങ്ങനെ?
ഡിഇഎച്ച്പി ചെറിയ ശകലങ്ങളായി വിഘടിക്കപ്പെടുന്നതോടെ ഭക്ഷണം, വെള്ളം, വായു എന്നീ മാര്‍ഗങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ കടന്നുകൂടുന്നു. ഇത് രക്തത്തില്‍ കലരുകയും ഹൃദയധമനികളില്‍ നീര്‍ക്കെട്ടിന് കാരണമാവുകയും ഇത് കാലക്രമേണെ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകുകയും ചെയ്യുന്നു. ഹൃദയാരോഗ്യം തകര്‍ക്കുന്നതിന് പുറമെ പൊണ്ണത്തടി, പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, വന്ധ്യത, കാന്‍സര്‍ എന്നിവയ്ക്കും ഡിഇഎച്ച്പി കാരണമാകുന്നു.