ദിവസേന കുളിക്കണമെന്ന് പൊതുവേ പറയുന്നവരാണ് നമ്മള്‍, അങ്ങിനെയുള്ളപ്പോള്‍ ഒരു ദിവസം പോലും കുളിമുടക്കുക എന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. അപ്പോള്‍ പിന്നെ അഞ്ചു വര്‍ഷം കുളിച്ചിട്ടില്ല എന്ന് പറഞ്ഞാലോ? ഇത്തരത്തില്‍ ദിവസങ്ങളോളം കുളിക്കാതിരിക്കുന്നവര്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോളിതാ അമേരിക്കയിലെ ഒരു ഡോക്ടറാണ് പരീക്ഷണാടിസ്ഥാനത്തില്‍ താന്‍ അഞ്ചു വര്‍ഷം കുളിക്കാതിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി താൻ കുളിച്ചിട്ടില്ലെന്നും എന്നിട്ടും തന്‍റെ ശരീരത്തില്‍ നിന്ന് ദുർഗന്ധം വമിക്കുന്നില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് പ്രിവന്റീവ് മെഡിസിൻ ഡോക്ടറായ ഡോക്ടർ ജെയിംസ് ഹാംബ്ലിൻ വാർത്തകളിൽ ഇടം നേടിയത്. അവിടെയും തീര്‍ന്നില്ല, ഷാംപൂ, സോപ്പ് തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമാണെന്നും അവ ശരീരത്തിൽ ദോഷങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. ദിവസവും കുളിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഡോക്ടറുടെ ഈ പരീക്ഷണം.
ചേസിങ് ലൈഫ് എന്ന പോഡ്‌കാസ്റ്റില്‍ സിഎൻഎന്നുമായുള്ള സംഭാഷണത്തിലാണ് ഡോക്ടർ ജെയിംസ് ഹാംബ്ലിൻ താന്‍ പതിവായി കുളിക്കുന്നത് നിർത്തിയെന്ന് വെളിപ്പെടുത്തിയത്. ശുചിത്വം പാലിക്കാതിരിക്കുക എന്നതല്ലായിരുന്നു തന്‍റെ ലക്ഷ്യം. പകരം ഇടയ്ക്കിടെ കുളിക്കേണ്ടത് ആവശ്യമാണെന്ന ആശയത്തെ വെല്ലുവിളിക്കുക എന്നതായിരുന്നു. വ്യക്തി ശുചിത്വത്തിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങള്‍ പ്രയോജനകരമാണോ എന്ന് മനസ്സിലാക്കാൻ താന്‍ ആഗ്രഹിച്ചെന്നും അദ്ദേഹം പറയുന്നു. ‘നിങ്ങൾ ഏതെങ്കിലും ഫാർമസിയിൽ കയറിയാൽ, മരുന്നുകൾക്ക് അടുത്തുതന്നെ സോപ്പുകളുടെയും ഷാംപൂകളുടെയും നിര കാണാം. പക്ഷെ ഇതൊക്കെ എന്തിനു വേണ്ടിയാണ്? എത്രത്തോളം ആവശ്യമാണ്?’ അദ്ദേഹം പോഡ്കാസ്റ്റില്‍ ചോദിക്കുന്നു.
‘നമ്മുടെ ചർമ്മം ഒരു മൈക്രോബയോമിന്റെ ആവാസ കേന്ദ്രമാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയകളുടെ സങ്കീർണ്ണമായ ആവാസവ്യവസ്ഥയാണിത്. സോപ്പുകളും ഷാപൂകളും ഉപയോഗിച്ച് പതിവായി ശരീരം കഴുകുന്നത് ചർമ്മം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന സ്രവങ്ങളെ നീക്കം ചെയ്യുന്നു. ഇത് പുൽത്തകിടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് പോലെയാണ്. സോപ്പുകൾ ചർമ്മത്തിലെ കൊഴുപ്പ്, ലിപിഡുകൾ, ചർമ്മത്തിലെ എണ്ണകൾ എന്നിവയെ നീക്കംചെയ്യുന്നു. ഇത് നമ്മുടെ ചർമ്മം വരണ്ടതാക്കും. സ്കിൻ മൈക്രോബയോം ഗട്ട് മൈക്രോബയോമിനേക്കാൾ ചെറുതാണ്, പക്ഷേ തത്വത്തില്‍ ഒന്നുതന്നെയാണ്. ഈ സൂക്ഷ്മാണുക്കൾ എപ്പോഴും നമ്മോടൊപ്പമുണ്ട്. പൂര്‍ണമായും ഇല്ലാതാക്കുക സാധ്യമല്ല’ അദ്ദഹം പറഞ്ഞു.
‘കുളിച്ചില്ലെങ്കിൽ ശരീരത്തിൽ ദുർഗന്ധം ഉണ്ടാകുമെന്നതാണ് ആളുകളുടെ ഏറ്റവും വലിയ ആശങ്ക. എന്നാല്‍ കാലക്രമേണ തന്റെ ശരീരം അതിനനുസൃതമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തിയതായി ഹാംബ്ലിൻ പറഞ്ഞു. ദിവസവും വ്യായാമം ചെയ്യാറുള്ളവര്‍ വ്യായാമം ചെയ്തതിന് ശേഷം കുളിക്കാറുണ്ട്. ചർമ്മത്തിൽ വിയര്‍പ്പ്, അതില്‍ നിന്നുള്ള ഉപ്പ് അടിഞ്ഞുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് കഴുകിക്കളയുക. അതിന് വെള്ളം മാത്രം മതി. വെള്ളം കൊണ്ട് മാത്രം നീക്കം ചെയ്യാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സോപ്പ് ഉപയോഗിക്കേണ്ടതുള്ളൂ’ അദ്ദേഹം പറയുന്നു.
എന്നിരുന്നാലും കുളി നിർത്താൻ താന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ക്ക് പ്രിയ്യപ്പെട്ട ഉൽപ്പന്നങ്ങൾ നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാൽ ആളുകള്‍ പറയുന്നതുകൊണ്ടാകരുത്. യഥാർത്ഥത്തിൽ എന്താണ് പ്രയോജനം ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തണം. നമ്മുടെ ചർമ്മത്തിൽ ട്രില്യൺ കണക്കിന് സൂക്ഷ്മാണുക്കൾ ഉണ്ട് അവയെ നിരന്തരം ഇല്ലാതാക്കുന്നത് ഗുണം ചെയ്യില്ല പകരം, ശാസ്ത്രവും വ്യക്തിപരമായ സൗഖ്യവും നല്‍കുന്ന ചർമ്മത്തിന്റെ സ്വാഭാവികതയോട് പൊരുത്തപ്പെട്ട സമീപനം ആവശ്യമാണെന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ വാദിക്കുന്നു.