അങ്കമാലി ടെൽക്ക് ജംക്‌ഷനില്‍ ഫെബ്രുവരി 28 ന് വൈകിട്ട് 7.28 ന് ഒരു അപകടം ഉണ്ടായി. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ 19 കാരി ജസ്‍ലിയ ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയെ കാറിടിച്ചു. അപകടം നടന്ന ഉടൻ തന്നെ ജസ്‌ലിയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം അന്ന് രാത്രി പത്തുമണിയോടെ രാജഗിരിയി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മൂന്ന് ദിവസം നീണ്ട പോരാട്ടം അവസാനിപ്പിച്ച് മൂന്നാം തീയതി രാവിലെ അവള്‍ വിട പറഞ്ഞു. സ്വന്തം സ്വപ്നങ്ങളും കുടുംബത്തിന്‍റെ സ്വപ്നങ്ങളും ഇല്ലാതായെങ്കിലും നാല് ജീവനുകള്‍ക്ക് കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേകിയാണ് അവള്‍ കടന്നുപോയത്. കരളും വൃക്കയും നേത്രപടലങ്ങളും ദാനം ചെയ്തു. മകളെ നഷ്ടപ്പെട്ട വേദനയിലും സമൂഹത്തോട് ജസ്ലിയയുടെ കുടുംബം കാട്ടിയ കരുതലും സ്നേഹവും ഒന്നും നമ്മുടെ പൊലീസ് കാണേണ്ട. പക്ഷേ പെട്ടന്ന് തന്നെ പ്രതിയെ പിടികൂടി ഉത്തരവാദിത്തം എങ്കിലും നിറവേറ്റേണ്ടേ? ഒടുവില്‍ അപകടം നടന്ന് ആറാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. അതും ഒരു ഡോക്ടര്‍. ഒരു ജീവന്‍റെ വില എത്രയെന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍. ഒരു അപകടം നടന്നാല്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടതിന്‍റെ പ്രധാന്യം കൃത്യമായി അളന്ന് തിട്ടപ്പെടുത്തി പറയാന്‍ കഴിയുന്ന ഒരാള്‍. അവളെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് മാത്രമല്ല 7 ദിവസം ഒളിവില്‍ കഴിഞ്ഞു. ഒരാഴ്ച ഇരുട്ടില്‍ തപ്പി ഇന്ന് വാഗമണില്‍ നിന്നാണ് സിറിയക് എന്ന പ്രതിയെ പിടികൂടിയത്. ആരാണ് ജസ്ലിയെ ഇടിച്ചതെന്നു പോലും കണ്ടെത്താതിരുന്ന പോലീസ്, സുഹൃത്തുക്കളും സഹപാഠികളും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് കാര്യമായ ഒരു അന്വേഷണത്തിലേക്ക് അടക്കം കടന്നത്. അപകടം നടന്നയിടത്ത് നിന്ന് പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസ് ആണെന്ന് ആദ്യം തന്നെ പറഞ്ഞല്ലോ. ഒരു കാര്യം അവിടെ തന്നെ വ്യക്തമാകുന്നു. എല്ലാം തുടക്കം മുതല്‍ പൊലീസിന് അറിയാമായിരുന്നു.എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇതാണോ ഊര്‍ജിതമായ അന്വേഷണം? അതോ പ്രതിഷേധം കനത്തപ്പോഴുളള മുഖം രക്ഷിക്കലോ?