TOPICS COVERED

എട്ടുദിവസമായിരിക്കുന്നു. പത്തുവര്‍ഷം പ്രതിപക്ഷത്തിനിരുന്ന പാര്‍ട്ടി 102 സീറ്റിന്റെ ഗംഭീരജയം നേടി അധികാരത്തിലെത്തിയിട്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് മാറുന്ന അന്ന് മുതല്‍ കേരളം നന്നാക്കാന്‍ മുട്ടിനിന്ന ടീംസൊക്കെ സ്വന്തം മുഖ്യമന്ത്രിയാരെന്ന ഒരു സിംപിള്‍ ഡിസിഷനെടുക്കാന്‍ പെടുന്ന പാട്. കാലിയായ ഖജനാവ്മുരടിച്ച വികസനം, വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനം എന്നൊക്കെ അന്ന് പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള വിലപ്പെട്ട സമയമാണ് ഈ പാഴാക്കുന്നത്. 102 സീറ്റും പോക്കറ്റിലിട്ട് ഇവിടുന്ന് ഡല്‍ഹിക്കും അവിടുന്നിങ്ങോട്ടും സര്‍വീസ് നടത്തുന്ന നേതാക്കളൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടവരെ വഴിയില്‍ക്കാണുമ്പോ വെറുതെ കുശാലാന്വേഷണം നടത്താന്‍ പോലും നില്‍ക്കരുത്.

ഞങ്ങള്‍ക്കിത് എന്തിന്റെ കേടായിരുന്നു എന്ന് ജനം ചിന്തിച്ചു തുടങ്ങി.  പഴയബഹുമാനം തിരിച്ച് കിട്ടിയെന്നിരിക്കില്ല. ഇന്ദിരാഭവനില്‍ നിന്ന് വെളുത്ത പുകയാണെങ്കിലും കറുത്ത പുകയാണെങ്കിലും വോട്ടുചെയ്ത ജനങ്ങളുടെ കാര്യം കട്ടപ്പുകയാകും മുന്‍പ് ഇപ്പോഴത്തെ ഈ കരിഞ്ഞപുക ഒന്നണയ്ക്കണം. നാളെയെങ്കിലും ആരുടെ തലയാണ് തലപ്പത്ത് എന്നൊരു വ്യക്തത വരുത്തണം. ആര്‍ക്കും കേവലഭൂരിപക്ഷം പോലുമില്ലാത്ത തമിഴ്നാട്ടില്‍ പോലും തലൈ‌വര്‍ വര്‍ക്ക് തുടങ്ങി. ഇന്ന് നാളെ എന്നൊക്കെ പറഞ്ഞ് ഈ ജയത്തിന്റെ ആ ഫ്ളോ അങ്ങ് കളഞ്ഞ നേതാക്കളോട് പാര്‍ട്ടിക്കാരെങ്കിലും പൊറുക്കട്ടെ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ മനോഹരകാഴ്ച എന്നൊക്കെ ഇനിയും പറയരുത് പ്ലീസ്. അത്രേം സൗന്ദര്യം ഇനിയും താങ്ങാന്‍ പറ്റാത്തതുകൊണ്ടാണ്.