ആ തേങ്ങ ഒന്ന് ഉടയ്ക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല .മൂന്നരക്കോടി ജനങ്ങളെ മൂന്നുനേതാക്കള്‍ മൂപ്പിളമപോരില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് മൂമ്മൂന്ന് ഒന്‍പത് ദിവസമായി. അഞ്ചുവര്‍ഷം ഭരിച്ചിറങ്ങിയാല്‍ കിട്ടാത്തത്ര ചീത്തപ്പേര് ഇപ്പോഴേ കിട്ടിക്കഴിഞ്ഞു. രണ്ടുമലയാളികള്‍ തമ്മില്‍ കണ്ടാല്‍ ആയോ ആയോ എന്നല്ലേ ചോദ്യം. ഇല്ല ആയിട്ടില്ല. ഇന്ന് ആകുമോ ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ. കേരളത്തില്‍ കാറ്റും മഴയും തുടങ്ങിക്കഴിഞ്ഞു. കാറും കോളും നിറഞ്ഞ് മൂടിക്കെട്ടിയ ഇന്ദിരാഭവനില്‍ ഇടിവെട്ടിയൊരു മഴപെയ്താലും തരക്കേടില്ലെന്ന് ജനത്തിന് തോന്നിത്തുടങ്ങി. ഇതിലൊരു തീരുമാനമായിട്ട് വേണം അടുത്ത കോംപറ്റീഷന്‍ ഐറ്റം തുടങ്ങാന്‍. മന്ത്രിസ്ഥാനത്തേക്കുള്ള ഗപ്പിന് ഇടിയിടാന്‍ ഒരു പട റെഡിയാണ്.
കഴിഞ്ഞ പത്തുവര്‍ഷം കുറച്ചു സീരിയസ് ആയിപ്പോയി. ഇനിയിപ്പോ കുറച്ചു ഗോമഡി ആകാം. ഒരു ചിരിപ്പടത്തിനുള്ള എല്ലാ വകയും റെഡിയാണ്. അപ്പോ ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് എന്നൊന്നും പറഞ്ഞേക്കരുത്. ആരാ ഇത്തിരി ഹ്യൂമര്‍ ആഗ്രഹിക്കാത്ത്.