കേരളത്തില്‍ ദിനം പ്രതി വര്‍ധിക്കുകയാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. കഴിഞ്ഞ 11 മാസത്തിനിടെ കോഴിക്കോട് റൂറല്‍ മേഖലയില്‍ നിന്ന് മാത്രം സൈബര്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 204,278,046 രൂപ.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇങ്ങനെയാണ്. കൊച്ചി ഇടപ്പളളി സ്വദേശിയായ ഡോക്ടറുടെ ഒരുകോടി 57 ലക്ഷം രൂപ തട്ടിയത് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയാണ്. എറണാകുളം മുളവുകാട് ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ മറവിൽ ഒടിപി ആവശ്യപ്പെട്ട് 89,904 രൂപയാണ് തട്ടി. മൊബൈല്‍ ഫോണ്‍ സിസ്റ്റം തനിയെ അപ്ഡേറ്റായ ശേഷം ബാങ്ക് അക്കൗണ്ടില്‍ നിന്ന് 46,000 രൂപ നഷ്ടപ്പെട്ടെന്ന് കണ്ണൂര്‍ പാപ്പിനിശേരിയില്‍ ജോലി ചെയ്യുന്ന അസംകാരന്‍. ഓൺലൈനിൽ പാർട്ട് ടൈം ജോലിയെന്ന വാഗ്ദാനത്തില്‍ വീണ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് 96,000 രൂപ. കാസര്‍കോട് Live TV എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ പെരിയ സ്വദേശിയുടെ 1.65 ലക്ഷം നഷ്ടമായി.

തട്ടിപ്പിന്റെ സ്വഭാവം പലതാണെങ്കിലും പണം പോകുന്ന വഴി സമാനമാണ്. ചിലര്‍ പെട്ടെന്ന് പണം നേടാനുള്ള വഴി തേടി കുടുങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് അവരുടെ സാഹചര്യം മുതലാക്കുന്നവര്‍ വഴി പണം നഷ്ടമാകുന്നു. സുപ്രീംകോടതി വരെ ഇടപെട്ടിട്ടും ഇവരെ പൂട്ടാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സ്വയം ജാഗ്രത പുലര്‍ത്തുകയാണ് തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ പ്രധാന വഴി.