summer-heat-kerala
  • ഒരു മാസത്തിനിടെ 3,100 പേര്‍ക്ക് ചിക്കൻ പോക്സ്
  • 50,000 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍
  • 'സൂര്യാഘാതത്തിന് സാധ്യത'

സംസ്ഥാനത്ത് ചൂട് കനത്തതോടെ വേനൽക്കാല രോഗങ്ങളും പടരുന്നു. ഒരു മാസത്തിനിടെ ചിക്കൻ പോക്സ് ബാധിച്ചത് മൂവായിരത്തി ഒരുന്നൂറിലേറെ പേർക്കാണ്. അമ്പതിനായിരത്തോളം പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ബാധിച്ചുവെന്നും റിപ്പോര്‍ട്ട്. അസുഖങ്ങള്‍ ബാധിച്ചാല്‍ ചികില്‍സ തേടണമെന്നും സൂര്യാഘാത സാധ്യതയുള്ളതിനാല്‍  രാവിലെ 11 മുതല്‍ 3 മണിവരെയുളള സമയത്ത് വെയില്‍ ഏല്‍ക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 

ജനുവരിയിൽ തുടങ്ങിയ ചൂട് ഫെബ്രുവരി ആദ്യവാരമെത്തുമ്പോഴേയ്ക്കും ഉരുകി ഒലിക്കുകയാണ് നാട്. ഒപ്പം വേനൽക്കാല രോഗങ്ങളുടേയും കാലം. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ചിക്കൻപോക്സ് സ്ഥിരീകരിച്ചത് 491 പേർക്ക് . ഒരാൾ മരിച്ചു. ജനുവരി 1 മുതൽ ഫെബ്രുവരി 5 വരെ 3117 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. കൂടുതലും കുട്ടികളെ ബാധിക്കുന്ന ചൂടുകുരു സർവ സാധാരണമാണ്.

ഒരു മാസത്തിനിടെ 49284 പേരാണ് വയറിളക്ക രോഗങ്ങൾ ബാധിച്ചത്. പേശിവലിവ്, ചർമരോഗങ്ങൾ , നേത്രരോഗങ്ങൾ എന്നിവ ബാധിച്ച് ചികിൽസയ്ക്കെത്തുന്നവരുടേയും എണ്ണം കൂടി. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വേഗത്തിലുള്ള ഹൃദയമിടിപ്പ് , ഓക്കാനം ,  ക്ഷീണം , എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം. ശുചിത്വമുള്ള ഭക്ഷണവും വെള്ളവും ശീലമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

ENGLISH SUMMARY:

Rising temperatures in Kerala have led to a surge in summer diseases, with over 3,100 cases of chickenpox and 50,000 cases of diarrhea reported in a month. Health experts advise caution and warn against sun exposure between 11 AM and 3 PM.