ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമേതാണ്? 'ബ്രേക്ക് ഫാസ്റ്റ് ഈസ് ദ് മോസ്റ്റ് ഇമ്പോര്‍ട്ടന്റ് മീല്‍' ആണെന്നാണ്. ഏത് ശാസ്ത്ര പരീക്ഷണത്തിലാണ് ഇത്തരമൊരു കണ്ടുപിടിത്തം? പ്രഭാത ഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാകുന്നതിന് പിന്നില്‍ രണ്ട് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. അമേരിക്കയുടെ ഭക്ഷണ – സാംസ്കാരിക മാറ്റത്തിന്റെയും. പരസ്യകലയുടെയും.
വര്‍ഷം 1900. അമേരിക്കയും യൂറോപ്പും വ്യവസായിക വിപ്ലവത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി നില്ക്കുന്ന സമയം. രണ്ട് വന്‍കരകളിലും ഭക്ഷണത്തിന് പ്രത്യേകിച്ച് ക്രമമൊന്നും ഇല്ല. പ്രഭാതഭക്ഷണം മിക്കപ്പോഴും തലേന്ന് വീട്ടില്‍ ബാക്കി വന്നതുമാകും. വ്യവസായിക വിപ്ലവത്തിന് ശേഷമാകട്ടെ മിക്കവരും പ്രഭാതഭക്ഷണമേ മറന്നു. ഇതുകൊണ്ടുതന്നെ മിക്കവര്‍ക്കും ദഹനക്കേട് ആരോഗ്യപ്രശ്നമായി മാറി. സസ്യാഹാരത്തിലൂടെയും ലഘുഭക്ഷണത്തിലൂടെയും ദഹനക്കേട് മാറ്റാമെന്നായിരുന്നു ബാറ്റില്‍ ക്രീക്ക് സാനിറ്റോറിയം ആശുപത്രി.
ഉടമ ജോണ്‍ ഹാര്‍വി കെല്ലോഗ് കരുതിയിരുന്നത്. സസ്യാഹാരത്തിലൂടെ മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. അങ്ങനെ 1890ല്‍ അദ്ദേഹം കോണ്‍ഫ്ലേക്സ് വികസിപ്പിച്ചു. 1906ല്‍ അദ്ദേഹത്തിന്റെ സഹോദരന് ഡബ്ല്യു. കെ. കെല്ലോഗ് 'ബാറ്റില്‍ ക്രീക്ക് ടേസ്റ്റഡ് കോണ്‍ഫ്ലേക്ക് കമ്പനി സ്ഥാപിച്ചു. തുടക്കത്തില്‍ ഭക്ഷണമായിട്ടല്ല, 'ആരോഗ്യചികില്സ' ആയാണ് കോണ്‍ഫ്ലേക്സ് അവതരിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്ന സമ്പന്നരായ രോഗികള്‍ക്ക് തന്നെ കോണ്‍ഫ്ലേക്സ് നല്‍കിത്തുടങ്ങി.
കൂടുതല്‍ കലോറിയുള്ള മാംസവും മുട്ടയും റോട്ടിയും അടങ്ങുന്ന പ്രഭാത ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് കെല്ലോഗ് കമ്പനി പ്രചരിപ്പിച്ചു. പകരം ധാന്യങ്ങളടങ്ങിയ ചെറുഭക്ഷണം ആരോഗ്യത്തിന് മികച്ചതാണെന്നും പരസ്യം നല്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 'കെല്ലോഗ് കമ്പനി' വളര്‍ന്നു. ഒപ്പം വ്യാജന്മാരും. വ്യാജന്മാരെ നേരിടാന്‍ ഡബ്ല്യു. കെ. കെല്ലോഗ് എല്ലാ പാക്കറ്റിലും കയ്യൊപ്പ് ചാര്‍ത്തി. 'ഒപ്പില്ലാത്തവ വ്യാജനാണെന്ന് പരസ്യം നല്കി'. പിന്നീട് ന്യൂയോര്‍ക്കില്‍ കെല്ലോഗ് കമ്പനി വ്യാപകമായി സൗജന്യ സാമ്പിള്‍ നല്‍കിത്തുടങ്ങി. ഒരു മാസം പത്രങ്ങളിലും പരസ്യബോര്‍ഡുകളിലും കെല്ലോഗിന്റെ പുതിയ പരസ്യതന്ത്രം അവതരിപ്പിച്ചു. 'ബുധനാഴ്ച കണ്ണിറുക്കല്‍ ദിനം' എന്നായിരുന്നു പരസ്യത്തില്‍. ബുധനാഴ്ച കടക്കാരനെ നോക്കി കണ്ണിറുക്കുന്നവര്ക്ക് ഒരു പാക്കറ്റ് കോണ്‍ഫ്ലേക്സ് സൗജന്യം. ഇതോടെ ന്യൂയോര്‍ക്കിലെ മാത്രം വില്‍പ്പന 15 ഇരട്ടിയായി.
1917ല്‍ അമേരിക്കന്‍ ഡയറ്റീഷനും കെല്ലോഗിന്റെ ആശുപത്രിയിലെ ചീഫ് ഡയറ്റീഷനുമായി ലെന്ന കൂപ്പര്‍ കെല്ലോഗിന്റെ തന്നെ 'ഗുഡ് ഹെല്‍ത്ത്' മാഗസിനില്‍ കെല്ലോഗിന്റെ പ്രഭാതഭക്ഷണത്തെ പുകഴ്ത്തി ലേഖനമെഴുതി. 'പ്രഭാതഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കാ'മെന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് അവര്‍ സമര്‍ഥിച്ചു. ലേഖനത്തിന് പിന്നില്‍ ശാസ്ത്രീയ അടിത്തറ ഇല്ലായിരുന്നെങ്കിലും ആളുകള്‍ പ്രമുഖ ഡയറ്റീഷന്റെ വാക്കുകള്‍ വിശ്വസിച്ചു. പ്രഭാത ഭക്ഷണം സംസ്കാരമായി മാറി. ഡയറ്റീഷന്മാര്ക്കും പാചകവിദഗ്ധര്‍ക്കും നല്കുന്ന പരിശീലന ക്ലാസുകളില്‍ കോണ്ഫ്ലേക്കിന്റെ മഹത്വം കൂടി പ്രചരിപ്പിച്ചു. അവര്‍ അവരുടെ ശിഷ്യര്‍ക്കും.
മാംസവും റൊട്ടിയും തയ്യാറാക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ടായിരുന്നു അടുത്ത പരസ്യതന്ത്രം. പ്രഭാത ഭക്ഷണത്തിന് സമയം ലാഭിക്കാന്‍ 'റെഡി ടു ഈറ്റ്' എന്ന നിലയില്‍ കോണ്ഫ്ലേക്സിനെ അവതരിപ്പിച്ചു. 1930കളില്‍ കുട്ടികള്‍ക്കായി റേഡിയോ പരിപാടി സ്പോണ്സര് ചെയ്തും. സ്റ്റിക്കറും കളിപ്പാട്ടങ്ങളും നല്‍കിയും കെല്ലോഗ് കമ്പനി ജനപ്രിയമായി. ടോണി ദ് ടൈഗര്‍ കാര്‍ട്ടൂണ്‍ അവതരിപ്പിച്ചതോട് കൂടി കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമായി കെല്ലോഗ് കോണ്‍ഫ്ലേക്സ്. സ്കൂളില്‍ പട്ടിണി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കെല്ലോഗ് കോണ്‍ഫ്ലേക്ക് സൗജന്യമായും ഗ്രാന്റുകളുമായും നല്‍കിത്തുടങ്ങി. ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകള്‍ക്ക് കെല്ലോഗ് പണം നല്കി. ഇന്ത്യയില്‍ ഇന്ത്യന്‍ ഡയറ്റിക് അസോസിയേഷനുമായി ചേര്‍ന്ന് ദശലക്ഷക്കണക്കിന് ചോക്കോസും കോണ്‍ഫ്ലേക്സും സൗജന്യമായി വിതരണം ചെയ്തു. കെല്ലോഗ് കോണ്‍ഫ്ലേക്ക് കഴിക്കുന്ന കുട്ടികളില്‍ ഐകാഗ്രതയും പഠനനിലവാരവും കൂടുമെന്നായിരുന്നു പരസ്യവാചകം.