തിങ്കളാഴ്ച ഉപ്പുമാവും സാമ്പാറും, ചൊവ്വാഴ്ച കിച്ചടി, ബുധനാഴ്ച പൊങ്കല്‍, വ്യാഴാഴ്ച വീണ്ടും ഉപ്പുമാവ്, വെള്ളിയാഴ്ച സ്വീറ്റ് പൊങ്കല്‍... തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഹാപ്പി ബ്രേക്ക് ഫാസ്റ്റിന്റെ ലിസ്റ്റ് ഇങ്ങനെ നീളും..
തമിഴ്നാട് സര്‍ക്കാരിന്റെ സിഎം ബ്രേക്ക് ഫാസ്റ്റ് സ്കീം ഇനി കൂടുതല്‍ കുട്ടികളിലേക്ക് എത്തുകയാണ്. പെരിയാറിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ് ലഭിക്കും. നിലവില്‍ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം സ്കൂളുകളില്‍ നല്‍കുന്നുണ്ട്. 2022ല്‍ ഡിഎംകെ സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കമിട്ടത്. രണ്ടായിരത്തോളം സര്‍ക്കാര്‍ സ്കൂളുകളിലാണ് അന്ന് ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ് നല്‍കാനുള്ള പദ്ധതി ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയത്.
2024 ആയപ്പോഴേക്കും സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്കായി പദ്ധതി വിപുലപ്പെടുത്തി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇത് പിന്നീട്എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ 3,995 എയ്ഡഡ് സ്കൂളുകളിലെ 2.23 ലക്ഷം വിദ്യാർഥികൾക്കു ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ് സ്കൂളില്‍നിന്ന് കിട്ടിത്തുടങ്ങി. മൊത്തം 21.87 ലക്ഷം വിദ്യാർഥികൾക്കാണു നിലവില്‍ പദ്ധതിയിലൂടെ പ്രഭാതഭക്ഷണം ലഭിക്കുന്നത്.
വിശക്കുന്ന വയറുമായി ഒറ്റ കുട്ടി പോലും ക്ലാസിലിരിക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങിയത്. തിരുവള്ളൂരിലെ സ്വകാര്യ സ്കൂളിൽ നടന്ന പരിപാടിയിലയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അന്ന് മുഖ്യമന്ത്രി കുട്ടികളോടൊപ്പം ഇരുന്ന് ഭക്ഷണം ഊട്ടിയും കഴിച്ചുമാണ് പദ്ധതിക്കു തുടക്കമിട്ടത്. മുൻ മുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനത്തിലായിരുന്നു പദ്ധതിയുടെ തുടക്കം.