പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തമിഴ്നാട്ടില്‍ മൂന്നുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ വിജയ് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് ഡിഎംകെ ഉന്നയിക്കുന്നത്. 

തിരുവല്ലൂര്‍ ജില്ലയില്‍ ഇന്നലെയാണ് റോഡരികിലെ കുറ്റിക്കാട്ടിനിടയില്‍ നിന്നും 3വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തത്.  ദേഹമാസകലം മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഗമ്മിഡിപൂണ്ടി മേഖലയില്‍ താമസമാക്കിയ ബിഹാര്‍ കുടുംബത്തിലെ കുട്ടിയാണ് ക്രൂരതക്കിരയായത്. കുടുംബത്തിന് അറിയാവുന്ന ബിഹാര്‍ സ്വദേശി തന്നെയാണ് കുഞ്ഞിന് ബിസ്ക്കറ്റ് നല്‍കാമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുട്ടിയെ കിട്ടിയതിനു പിന്നാലെ പ്രതിയെ പ്രദേശവാസികള്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്ന പ്രദേശവാസികളുടെ സംശയം അടിസ്ഥാനമില്ലാത്തതാണെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. 

കുഞ്ഞ് വീട്ടിലിരുന്ന് കളിക്കുന്നതിനിടെയാണ് പ്രതിവന്ന് വിളിച്ചുകൊണ്ടു പോയത്. ബിസ്ക്കറ്റ് വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോതെന്ന് പ്രദേശവാസിയായ ഇന്ദുമതി പറയുന്നു. മറ്റൊരു സ്ത്രീയാണ് കുഞ്ഞിന്റെ മൃതദേഹം കുറ്റിക്കാടിനിടയില്‍ കണ്ടെത്തിയത്. പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. 

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൂടുകയാണെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സത്വരനടപടി ആവശ്യമാണെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. അടുത്ത  കാലത്തായി പുറത്തുവരുന്ന പല കേസുകളിലും ടിവികെ പ്രവ‍ത്തകര്‍ പ്രതികളാകുന്ന സാഹചര്യമുണ്ടെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ ആരോപിച്ചു. വിജയ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൊണ്ടുവന്ന ‘സിങ്കപ്പെണ്ണ്’എന്ന സുരക്ഷാപദ്ധതിക്കെതിരെയും ഡിഎംകെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.  സ്ത്രീകളുടെ സംരക്ഷണത്തിനായി ്‘സിങ്കപ്പെണ്ണ്’ സ്പെഷ്യല്‍ ഫോഴ്സ് പ്രവര്‍ത്തിച്ചു  തുടങ്ങുന്നതിനിടെയിലാണ് പുതിയ സംഭവം. 

Tamil Nadu Child Rape and Murder Shocks Nation:

A three-year-old girl was brutally raped and murdered in Tamil Nadu, a heinous crime that has led to the arrest of a Bihar native. This incident has intensified criticism against the Vijay government regarding the rising rate of crimes against women in the state.