തമിഴ്‌നാട്ടില്‍ സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിപുലീകരിച്ച പ്രഭാത ഭക്ഷണ പദ്ധതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ഭക്ഷണം വിളമ്പി നല്‍കിയ വിജയ് കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു. പെരുന്തലൈവര്‍ കാമരാജിന്റെ പേരിലാണ് വിപുലീകരിച്ച പ്രഭത ഭക്ഷണ പദ്ധതി.
ചെന്നൈ തിരുവാണ്മിയൂര്‍ ഗാന്ധിഗ്രാമിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ചടങ്ങ്. 6–ാം ക്ലാസ് മുതല്‍ 8–ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ വിതരണമാണ് വിജയ് ഉദ്ഘാടനം ചെയ്‌തത്. പ്രത്യേകം ക്രമീകരിച്ച ഇരിപ്പിടത്തില്‍ ഇരുന്ന കുട്ടികള്‍ക്ക് വിജയ് പൊങ്കല്‍ വിളമ്പി. കുട്ടികള്‍ക്കൊപ്പം താഴെ ഇരുന്ന് ഭക്ഷണം കഴിച്ച വിജയ് വിദ്യാര്‍ഥികളുമായി സംവദിച്ചു.
നേരത്തെ സിഎം ബ്രേക്ക് ഫാസ്റ്റ് സ്കീം എന്ന പേരില്‍ 1 മുതല്‍ 5–ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് തമിഴ്‌നാട്ടില്‍ പ്രഭാത ഭക്ഷണം നല്‍കിയിരുന്നത്. 6 മുതല്‍ 8 –ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുമെന്ന് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വിജയ് സര്‍ക്കാര്‍ പെരുന്തലൈവര്‍ കാമരാജ് പദ്ധതി എന്നപേരില്‍ വിപുലീകരിച്ച് നടപ്പാക്കിയത്. 16 ലക്ഷത്തോളം സര്‍ക്കാര്‍ എയ്‌ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി പദ്ധതിയിലൂടെ പ്രഭാതഭക്ഷണവും ലഭിക്കും.