ചെന്നൈ വിമാനത്താവള നടത്തിപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആവശ്യത്തെ ചൊല്ലി വിവാദം. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് വിജയ്‌യുടേതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടത് പാര്‍ട്ടികളടക്കം രംഗത്തെത്തി.
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഓഗസ്റ്റില്‍ പ്രധാനമന്ത്രിക്കയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരിതെളിഞ്ഞത്.
ചെന്നൈ വിമാനത്താവളത്തിന്‍റെ നടത്തിപ്പില്‍ അതൃപ്‌തി ഉണ്ടെന്ന് അറിയിച്ചായിരുന്നു വിജയ്‌യുടെ കത്ത്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളത്തിന് പോരായ്‌മകളുണ്ടെന്നും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.
വന്‍ വ്യവസായ നിക്ഷേപങ്ങള്‍ എത്തുന്ന സംസ്ഥാനത്തിന് മികച്ച നിലവാരത്തിലുള്ള എയര്‍പോര്‍ട്ടാണ് വേണ്ടതെന്നും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് അനുസരിച്ചുള്ള സൗകര്യങ്ങള്‍ ചെന്നൈ എയര്‍പോട്ടിലില്ലെന്നും വിജയ് കത്തില്‍ പറയുന്നു.
ഇക്കാരണത്താല്‍ ചെന്നൈ എയര്‍പോട്ടിന്‍റെ നടത്തിപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് മാറ്റി മറ്റൊരു ഓപ്പറേറ്റര്‍ക്ക് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യമെന്നും വിജയ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത് വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷം. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് തമിഴ്‌നാട്ടിലെ പ്രധാന വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടഞ്ഞിരുന്നെന്നും വിജയ് ബിജെപിയുടെ ഗെയിം കളിക്കുന്ന അടിമയാണെന്നും ഡിഎംകെ നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത ഇടതുപാര്‍ട്ടികള്‍ എയര്‍പോര്‍ട്ട് നവീകരിക്കാന്‍ സ്വകാര്യവല്‍ക്കരണത്തിന്‍റെ ആവശ്യകതയില്ലെന്നും വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.