fish-curry-bribe-tamil-nadu

പണവും സ്വർണ്ണവും ഒന്നുമല്ല. തമിഴ്നാട്ടിൽ ഭൂമിയുടെ പട്ടയം നൽകാൻ വില്ലേജ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ചോദിച്ചത് നല്ല ഒന്നാന്തരം ഹോം മെയ്ഡ് മീൻകറി. തമിഴ്നാട് കരൂർ കൃഷ്‌ണ നാരായണപുരത്താണ് വെറൈറ്റി സംഭവം. ദേവർമല വില്ലേജ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ കാർത്തികാണ് മീൻ കറി കൈക്കൂലിയായി ചോദിച്ചത്. വീട്ടിൽ ഉണ്ടാക്കിയ മീൻ കറി കഴിക്കാനുള്ള കൊതി കാരണം ആയിരിക്കണം ഓഫീസർ ഇങ്ങനെ ചോദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുപക്ഷം പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കൃഷി ഭൂമിയുടെ പട്ടയം ലഭിക്കാൻ ഒരു കർഷകൻ ദേവർമല വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയത്. പട്ടയം അനുവദിച്ച് നൽകണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻ കറി കൈക്കൂലിയായി തരണമെന്ന് കർഷകനോട് ഉദ്യോഗസ്ഥൻ പറഞ്ഞു. മീൻ കറിയും ഊണും പാഴ്സൽ ആയി നൽകിയാൽ വേഗം നടപടികൾ പൂർത്തിയാക്കി പട്ടയം കയ്യിൽ തരുമെന്നും ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറഞ്ഞു.

എന്നാൽ ഈ സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്ത കർഷകൻ ഇതടക്കം പരാതിപ്പെടുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് നടപടിയും എത്തി. ഇതിനിടെ ഉദ്യോഗസ്ഥന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ഓഡിയോ വൈറലായതോടെ പലരും രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്. പണവും പണ്ടവുമല്ലല്ലോ ഇച്ചിരി മീൻ കറി അല്ലെ ചോദിച്ചത് എന്ന് ഒരാൾ. വീട്ടിൽ വച്ച മീൻ കറി കഴിക്കാനുള്ള കൊതി കൊണ്ടല്ലെയെന്ന് മറ്റൊരാൾ. മീൻ കറിയും കൊടുത്ത് പട്ടയം വാങ്ങി പോകാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

ENGLISH SUMMARY:

In a bizarre bribery case in Karur, Tamil Nadu, a Village Administrative Officer (VAO) named Karthik from Devaramalai demanded homemade fish curry and meals instead of cash or gold to issue a land title document (pattayam). When a local farmer applied for the title of his agricultural land, the officer insisted that bringing a parcel of homemade fish curry and rice would expedite the process. However, the farmer recorded the phone conversation and submitted it with an official complaint, leading to the officer's suspension. The audio clip went viral on social media, drawing widespread humor and lighthearted reactions from netizens.