madhura-meenakshi
  • സാധാരണ 12 വർഷത്തിൽ ഒരിക്കല്‍ നടക്കുന്ന കുംഭാഭിഷേകം ഇത്തവണ 17 വര്‍ഷത്തിന് ശേഷമാണ് നടന്നത്

തമിഴ്നാട് മധുര മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ മഹാ കുംഭാഭിഷേകം തൊഴുത് ഭക്തലക്ഷങ്ങള്‍. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാ കുംഭാഭിഷേകം നടന്നത്. 

മധുര മീനാക്ഷി ക്ഷേത്രത്തിലെ പുന പ്രതിഷ്ഠ മഹോൽസവമായ മഹാ കുംഭാഭിഷേകം കാണാന്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയത്. രാവിലെ 7.40 നും എട്ടിനും മധ്യേ ആയിരുന്നു  ചടങ്ങുകള്‍. അഭിഷേക ദ്രവ്യങ്ങളുമായി പുരോഹിതര്‍ പ്രത്യേകം ക്രമീകരിച്ച കോണിപ്പടികളിലൂടെ ക്ഷേത്ര ഗോപുരങ്ങളിലെത്തി. ഗോപുരങ്ങളിലെയും ശ്രീകോവിലിലെയും കലശങ്ങളിൽ നവധാന്യങ്ങൾ അടക്കം പുണ്യ ദ്രവ്യങ്ങൾ നിറച്ച് വേദ മന്ത്രങ്ങൾ ചൊല്ലി. ഗംഗയടക്കം എട്ട് പുണ്യനദികളിലെ തീര്‍ഥമാണ് കുംഭാഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഇത്തവണ സംസ്‌കൃത വേദങ്ങൾക്കൊപ്പം തമിഴ് തിരുമുറൈകളായ തേവാരം, തിരുവാചകം എന്നിവയും ചൊല്ലി. 

സാധാരണ 12 വർഷത്തിൽ ഒരിക്കല്‍ നടക്കുന്ന കുംഭാഭിഷേകം ഇത്തവണ 17 വര്‍ഷത്തിന് ശേഷമാണ് നടന്നത്. 2009 ഏപ്രിൽ എട്ടിനാണ് അവസാനമായി മഹാ കുംഭാഭിഷേകം നടന്നത്. 2018ലെ വീര വസന്തരായർ മണ്ഡലത്തിലെ തീപിടിത്തത്തെ തുടർന്ന് മഹാ കുംഭാഭിഷേകം നീട്ടി വയ്ക്കുകയായിരുന്നു. അഗ്നിക്കിരയായ 400 വർഷം പഴക്കമുള്ള മണ്ഡപത്തിന്‍റെ പുനർ നിർമാണം നടത്തിയ ശേഷമാണ് പുന പ്രതിഷ്ഠ മഹോൽസവം നടത്തിയത്. ലക്ഷക്കണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 

ENGLISH SUMMARY:

Madurai Meenakshi Temple Kumbhabhishekam marked a significant religious event after a 17-year hiatus, drawing millions of devotees for the consecration ceremony. The Maha Kumbhabhishekam, a grand ritual involving sacred waters from eight rivers and chanting of Vedic and Tamil hymns, celebrated the temple's restoration.