woman-sipping-tea

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്.

സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഗ്ലിസറിൻ എനിമ ചായയിൽ കലർത്തി കുടിക്കുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വണ്ണം കുറയ്ക്കുന്നതിന് പകരം കടുത്ത നിർജ്ജലീകരണത്തിനും വയറിളക്കത്തിനുമാണ് കാരണമാകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വിഡിയോ കണ്ട് ഈ പരീക്ഷണം നടത്തിയ മാ എന്ന യുവതിക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മിശ്രിതം കുടിച്ച് മിനിറ്റുകൾക്കകം ഛർദ്ദിയും തുടര്‍ച്ചയായ വയറിളക്കവും ഉണ്ടായതായും ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും അവർ വെളിപ്പെടുത്തി. മധ്യ ഹെനാൻ പ്രവിശ്യയിലെ ആശുപത്രിയിൽ ഈ രീതി പരീക്ഷിച്ച് അവശനിലയിലായ നിരവധി പേർ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.

ഷുഗര്‍ ഫ്രീ ചായയിൽ തിയോഫിലിൻ, പോളിഫെനോൾസ്, ടാനിക് ആസിഡ് തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇവയും ഗ്ലിസറിന്‍ എനിമയും ചേരുമ്പോൾ ദഹനവ്യവസ്ഥയ്ക്ക് കടുത്ത സമ്മര്‍ദ്ദവും ആഘാതവും ഉണ്ടാകുന്നു. ഗ്ലിസറിൻ എനിമ ഒരിക്കലും അകത്തേക്ക് കഴിക്കാനുള്ളതല്ലെന്നും ഇത് അന്നനാളത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടാക്കുമെന്നും ചോങ്ചിംഗ് വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റ് സൺ ഹെയ്‌ലാൻ പറയുന്നു. ഗ്ലിസറിൻ എനിമ അകത്തെത്തിയാല്‍ ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലൻസ് തകരാറിലാക്കുകയും കുടൽ പാളിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മിശ്രിതം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് മാത്രമാണ് ഈ രീതിയിലൂടെ സംഭവിക്കുന്നത് എന്നതാണ് യാഥാർഥ്യം. വെള്ളം കുടിക്കുന്നതോടെ നഷ്ടപ്പെട്ട ഭാരം പെട്ടെന്നുതന്നെ തിരികെ വരികയും ചെയ്യും. ഇതിനുമുൻപും ചൈനയിൽ തെറ്റായ ഭക്ഷണക്രമങ്ങളും അപകടകരമായ ഡയറ്റുകളും കാരണം നിരവധിപേര്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ENGLISH SUMMARY:

Health experts have issued stern warnings against a dangerous weight-loss trend circulating on Chinese social media platforms involving the ingestion of glycerin enemas mixed with unsweetened tea. Promoted by influencers claiming it can reduce body weight by up to four kilograms in two days, the mixture is actually intended for relieving severe constipation and cleansing the bowels before medical examinations. Doctors emphasize that consuming this concoction does not burn fat, but instead causes severe dehydration, vomiting, diarrhea, electrolyte imbalances, and damage to the digestive tract. Numerous individuals have already sought emergency medical treatment at hospitals in Henan and other regions due to severe physical distress caused by the trend.