sugar-cut-health

TOPICS COVERED

മധുരം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല, അല്ലേ? ഒരു കഷ്ണം കേക്കോ, ഒരു ഗ്ലാസ് സോഫ്റ്റ് ഡ്രിങ്കോ... ഇതൊന്നുമില്ലെങ്കിൽ പോലും രാവിലെ മധുരം ഇട്ടൊരു കാപ്പിയോ ചായയോ കുടിക്കുന്നത്, അതൊരു ദിവസത്തിന് നൽകുന്ന ഉന്മേഷം ചെറുതൊന്നുമല്ല. എന്നാൽ, ഈ മധുരം ഒരു കെണിയാണെന്ന് പറഞ്ഞാലോ? ലഹരിക്ക് സമാനമായ, ഒരുപക്ഷേ അതിനേക്കാൾ വലിയ ആസക്തി ഉണ്ടാക്കാൻ പഞ്ചസാരയ്ക്ക് കഴിയുമെന്ന് എത്രപേർക്കറിയാം? ഷുഗർ കട്ട് ആണെന്ന് പറഞ്ഞിട്ടും എത്ര ശ്രമിച്ചിട്ടും മധുരം ഒഴിവാക്കാൻ സാധിക്കാതെ വരുന്നതും ഈയൊരു അഡിക്റ്റഷൻ കൊണ്ടാകാം.

"ഷുഗർ കട്ട്" ചെയ്യേണ്ടത് വെറുമൊരു ഫാഷനല്ല, അതൊരു ആരോഗ്യപരമായ തീരുമാനമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പഞ്ചസാര എങ്ങനെയാണ് നമ്മുടെ തലച്ചോറിനെയും ശരീരത്തെയും കീഴടക്കുന്നതെന്നും, എന്തുകൊണ്ടാണ് നിങ്ങൾ ഈ മധുരക്കെണിയിൽ നിന്ന് രക്ഷപ്പെടേണ്ടതെന്നും നോക്കാം.

വേണമെങ്കിൽ കഞ്ചാവും പ‍ഞ്ചസാരയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പറയാം. കാരണം ലഹരിമരുന്നിന് സമാനമായ  ഒരു ലഹരിയായി പഞ്ചസാരയും മാറിയിട്ടുണ്ട്. പഞ്ചസാരയ്ക്ക് അടിമപ്പെട്ടവർക്ക് ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെപ്പോലെതന്നെ ചികിൽസ വേണമെന്നുമാണ് മെൽബണിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.

sugar-cut-image

നമ്മൾ പഞ്ചസാര കഴിക്കുമ്പോൾ, തലച്ചോറിലെ 'റിവാർഡ് സിസ്റ്റം'  ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് ഡോപാമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിനെ പുറത്തുവിടും. ഡോപാമിൻ നമുക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു രാസവസ്തുവാണ്. ഡ്രഗ്സ് ഉപയോഗിക്കുമ്പോൾ തലച്ചോറിൽ നടക്കുന്ന അതേ പ്രതികരണമാണിത്. ഈ സന്തോഷവും സംതൃപ്തിയും ആവർത്തിച്ച് അനുഭവിക്കാൻ തലച്ചോറ് നമ്മളെ പ്രേരിപ്പിക്കുകയും, കാലക്രമേണ ഇത് പഞ്ചസാരയോടുള്ള അമിതമായ കൊതിയിലേക്കും തുടർന്ന് ആസക്തിയിലേക്കും നയിക്കുകയും ചെയ്യുന്നു. 

2007-ൽ 'PLoS One' ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഈ വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. എലികളിൽ നടത്തിയ  പഠനത്തിൽ, കൊക്കെയ്നേക്കാൾ വലിയ ആസക്തി പഞ്ചസാര ഉണ്ടാക്കുന്നതായി കണ്ടെത്തി. എലികൾ കൊക്കെയ്നേക്കാൾ കൂടുതൽ പഞ്ചസാരയ്ക്ക് വേണ്ടി ആസക്തി കാണിച്ചു എന്നത് പഞ്ചസാരയുടെ ലഹരി സ്വഭാവത്തെ അടിവരയിടുന്നതാണ്. ഫ്രാൻസിലെ ബോർഡോ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനം വളരെ ശ്രദ്ധേയമായിരുന്നു. കൂടാതെ, അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ' പോലുള്ള പ്രമുഖ ജേർണലുകളിൽ വന്ന പഠനങ്ങളും പഞ്ചസാരയുടെ ആസക്തി സ്വഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിക്കോട്ടിന് അടിമപ്പെട്ടവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന അതേ മരുന്നുകൾ കൊണ്ടു തന്നെവേണം പ‍ഞ്ചസാരയ്ക്ക് അടിമപ്പെട്ടവരെയും ചികിൽസിക്കാൻ എന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു. 

പഞ്ചസാരയുടെ അമിത ഉപയോഗം കേവലം ആസക്തിയിൽ ഒതുങ്ങുന്നില്ല. ലോകത്താകെയുള്ള ജനസംഖ്യയിൽ 1.9 ബില്യൺ ആളുകൾക്കാണ് അമിതവണ്ണമുള്ളതായി ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതവണ്ണത്തിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് പഞ്ചസാരയുടെ അമിത ഉപയോഗം തന്നെ. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ഫാറ്റി ലിവർ, ചിലതരം കാൻസറുകൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കുട്ടികളിലെ അമിതവണ്ണവും പ്രമേഹവും ഇന്ന് ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. ഇതിൽ പഞ്ചസാരയുടെ പങ്ക് വളരെ വലുതാണ്. കൂടാതെ, പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കാം. അമിതമായ ക്ഷീണം, ഉത്കണ്ഠ, വിഷാദം, പെട്ടന്നുള്ള മാനസികാവസ്ഥ മാറ്റങ്ങൾ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന പെട്ടന്നുള്ള വ്യതിയാനങ്ങൾ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു. ഇതെല്ലാം പഞ്ചസാരയുടെ ആസക്തിയുടെ ലക്ഷണങ്ങളാകാം.

എന്തുകൊണ്ടാണ് പഞ്ചസാര ഒരു ആസക്തിയുണ്ടാക്കുന്ന വസ്തുവായി തിരിച്ചറിയപ്പെടുന്നില്ല?

പലപ്പോഴും, പഞ്ചസാര ഒരു ലഹരിവസ്തുവായി സമൂഹം കാണുന്നില്ല. ഇത് എല്ലാ ഭക്ഷണസാധനങ്ങളിലും, പ്രത്യേകിച്ച് പായ്ക്ക്  ചെയ്ത ഭക്ഷണങ്ങളിൽ, മറഞ്ഞിരിക്കുന്നു എന്നതാണ് വലിയ വെല്ലുവിളി. ശീതളപാനീയങ്ങള്‍ , ബിസ്ക്കറ്റുകൾ, ബ്രെഡ്, സോസുകൾ എന്നിവയിലെല്ലാം പഞ്ചസാരയുടെ സാന്നിധ്യമുണ്ട്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. 

പഞ്ചസാര നൽകുന്ന താത്കാലിക സന്തോഷം ഒരു കെണിയാകാം.ഈ 'മധുരക്കെണി'യിൽ നിന്ന് പുറത്തുവരേണ്ടത് അത്യാവശ്യമാണ്. പാക്കേജ് ചെയ്ത ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അവയുടെ ലേബലുകൾ ശ്രദ്ധിച്ച് വായിക്കുകയും, പഞ്ചസാരയുടെ അളവ് മനസ്സിലാക്കുകയും ചെയ്യുക. പ്രകൃതിദത്തമായ മധുരങ്ങളായ പഴങ്ങൾ, ഈന്തപ്പഴം എന്നിവ മിതമായ അളവിൽ ഉപയോഗിക്കാവുന്നതാണ്. ഓർക്കുക, നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്.

ENGLISH SUMMARY:

Is sugar a drug? This article reveals shocking truths about sugar addiction, likening it to drug dependency, with studies suggesting it can be more addictive than cocaine. It explains how sugar activates the brain's reward system, releasing dopamine and leading to cravings and addiction, similar to illicit substances. The piece highlights that sugar addiction often goes unrecognized because it's hidden in many processed foods. Beyond addiction, excessive sugar intake contributes to obesity, Type 2 diabetes, heart disease, fatty liver, certain cancers, and mental health issues like fatigue, anxiety, and depression. The article urges readers to cut down on processed foods, read labels, and opt for natural sweeteners like fruits to break free from this "sweet trap" and safeguard their health.