അടുത്ത കാലത്തായി സ്ത്രീകളിലെ ആർത്തവ വിരാമം അഥവാ മെനോപോസിനെ കുറിച്ച് ധാരാളം ചർച്ചകൾ ഉയർന്നുവരുന്നുണ്ട്. ഒരു കാലഘട്ടത്തിൽ സ്ത്രീകൾക്ക് പോലും വ്യക്തമായി ബോധ്യമില്ലാത്ത വിഷയത്തിൽ ഇന്ന് ബോധവത്കരണ പരിപാടികളും ക്ലാസുകളുമൊക്കെ നടന്നുവരുന്നുണ്ട്. എന്നാൽ മെനോപോസ് പോലെ തന്നെ നിർണായകമായ എന്നാൽ ഇന്നും അധികം ചർച്ച ചെയ്യപ്പെടാത്ത സ്ത്രീകളുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരിമെനോപോസ്.

ആർത്തവവിരാമം ഒരു നിശ്ചിത സമയത്ത് സംഭവിക്കുമ്പോൾ പെരിമെനോപോസ് എന്നത് അതിലേക്കുള്ള വർഷങ്ങൾ നീളുന്ന ഒരു മാറ്റത്തിൻ്റെ കാലഘട്ടമാണ്. ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിലും മനസിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന സമയമാണിത്. സാധാരണയായി 40കളിലാണെങ്കിലും പല സ്ത്രീകളിലും 35 വയസുമുതൽക്കേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.

അഭിനേത്രിയും നിർമ്മാതാവും സംവിധായികയുമൊക്കെയായി തിളങ്ങുന്ന ഡ്രൂ ബാരിമോർ തന്റെ ആർത്തവവിരാമത്തെ കുറിച്ചും പെരിമെനോപോസിനെ കുറിച്ചും പങ്കുവെച്ച അനുഭവങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. 51 കാരിയായ അവർ ഹോർമോൺ വ്യതിയാനങ്ങൾ തന്റെ ശരീരത്തെയും മാനസികാവസ്ഥയെയും സ്വബോധത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തുറന്നുപറയുകയാണ്. 

വയറ്റിലെ അസ്വസ്ഥതകളും, ഒട്ടും ആകർഷകമല്ല എന്ന തോന്നലും, വൈകാരികമായ അസ്ഥിരതയും തന്നെ ബാധിച്ചിരുന്നതായി ഡ്രൂ ബാരിമോർ പറയുന്നു. പല സ്ത്രീകളും ഇതൊക്കെ വളരെ നേരത്തെ തന്നെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായും അവർ പറയുന്നു. 'ദി ഡ്രൂ ബാരിമോർ ഷോ'യുടെ എപ്പിസോഡിൽ, ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ. 'സത്യസന്ധമായി കാര്യങ്ങൾ പറയാതെ എനിക്ക് പോകാൻ കഴിയില്ല, എന്റെ വയർ ഇന്ന് വീർത്തിരിക്കുന്നു, എനിക്ക് ഒട്ടും സുഖമില്ല, ഒരു ചത്ത മത്സ്യത്തെപ്പോലെയാണ് എനിക്ക് എന്നെ തോന്നുന്നത്' എന്നായിരുന്നു വാക്കുകൾ. 

ഷോയുടെ ഇൻസ്റ്റഗ്രാം പേജിലും ഇത് പങ്കിട്ടതോടെ, ഈ തുറന്നുപറച്ചിലിന് ആരാധകരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. മറ്റൊരു പരിപാടിയിൽ ഒരു വർഷത്തോളം ആർത്തവം ഇല്ലാതെ കഴിഞ്ഞതിന്റെ അനുഭവങ്ങളും അവർ പങ്കുവെച്ചു. അന്ന് ആർത്തവ വിരാമം ഉണ്ടായെന്ന് താൻ കരുതി, എന്നാൽ ഒരു വർഷത്തിന് ശേഷം വീണ്ടും ആർത്തവം ഉണ്ടായി. ഇത്രയും പ്രക്ഷുബ്ധമായ കാര്യങ്ങളൊക്കെയാണ് 40 കളിലും 50 കളിലും ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. 

ഈ ഘട്ടത്തിൽ സന്തോഷവതിയായി കാണപ്പെടുക എന്നത് സാധ്യമായ കാര്യമല്ലെന്നും അവർ അഭിപ്രായപ്പെടുന്നു. പെരിമെനോപോസ് അത്രമാത്രം ആശയക്കുഴപ്പവും അമിതഭാരവും ഉണ്ടാക്കുന്നു. ആർത്തവവിരാമ യാത്രയിൽ താൻ ചെയ്ത കാര്യങ്ങളും ബാരിമോർ പങ്കുവെച്ചിട്ടുണ്ട്. ഹോർമോൺ തെറാപ്പിയും, പെഡിക്യൂറും, മാനിക്യൂറും, മുടി കളർ ചെയ്തതും എല്ലാം തന്റെ ആത്മവിശ്വാസത്തെ പതിയെ തിരികെ കൊണ്ടുവരാൻ സഹായിച്ചു. സെൽഫ് കെയർ ഈ സമയത്ത് വളരെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അവർ പറഞ്ഞു. 

ENGLISH SUMMARY:

Perimenopause is a significant yet often undiscussed phase in women's lives, leading up to menopause. This period involves hormonal fluctuations causing substantial physical and mental changes, often starting in a woman's 30s or 40s.