സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണകാരണമാകുന്നത് ഹൃദ്രോഗമെന്ന് സര്‍ക്കാര്‍ കണക്കുകള്‍. 100ല്‍ 26 പേരുടെ മരണകാരണം ഹൃദ്രോഗമോ അനുബന്ധ കാരണങ്ങളോ ആണെന്ന് മരണ കാരണ റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് രോഗബാധ കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് കണക്കുകള്‍.
നല്ലപ്രായത്തില്‍ , ജീവിതത്തിന്‍റെ സന്തോഷ നിമിഷങ്ങളില്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ മരണം കവര്‍ന്നവര്‍, അവരുടെ എണ്ണം കൂടിക്കൂടി വരുന്നു. സംസ്ഥാനത്ത് 2014 മുതൽ പ്രധാന പകർച്ചേതര രോഗമരണ കാരണമാണ് ഹൃദ്രോഗം. സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്‍റെ മരണ റജിസ്ട്രേഷൻ വിലയിരുത്തലിലാണ് ഈ കണക്കുകൾ ഉള്ളത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 26.44 ശതമാനം പേരുടെ മരണകാരണം ഹൃദ്രോഗമാണ്. സ്ത്രീ കളാണ് ഹൃദ്രോഗത്തിന് കീഴടക്കുന്നവരിൽ കൂടുതൽ 27.91%. പുരുഷന്മാർ 25.53% പേർ .
45 നും 54 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരോട് ഹൃദയം പിണങ്ങുന്നതിന്‍റെ തോത് കൂടുതലാണ്. സ്ത്രീകളിൽ 55 നും 64 നും ഇടയിൽ പ്രായമുള്ള വരിലും കൂടുതലായി ഹൃദയം പണിമുടക്കുന്നു. 25 നും 34 നും ഇടയിൽ പ്രായമുള്ളവരിൽ 5 വർഷത്തിനിടെ ഹൃദ്രോഗ ബാധ രണ്ടു ശതമാനം കൂടിയെന്നാണ് കണക്കുകൾ. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങൾ , പുകവലി , അമിത വണ്ണം , വ്യായാമ മില്ലായ്മ , മാനസിക സമ്മർദ്ദം ഇതെല്ലാം ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ട്. കോവിഡിനെയും വാക്സീനെയും മാത്രം പഴിക്കുന്നതിൽ കാര്യമില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ചിട്ടയായ ജീവിതത്തിലൂടെ ശരിയായ ഭക്ഷണക്രമത്തിലൂടെ, മിതമായ വ്യായാമത്തിലൂടെ ഹൃദയതാളം തെറ്റാതെ നോക്കാം.