ഭക്ഷണം കഴിക്കുമ്പോളും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നതാണോ പതിവ്? ഇതില്‍ ചോദിക്കാനെന്തിരിക്കുന്നു, ഇതൊക്കെ ഒരു സാധാരണ ദൈനംദിന കാര്യമല്ലേ അല്ലേ? എന്നാല്‍ ഭക്ഷണം കഴിക്കുമ്പോഴും നീല വെളിച്ചം ഏൽക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ ബാധിച്ചേക്കാം എന്ന് നിങ്ങള്‍ക്കറിയാമോ? ഒരുപക്ഷേ നമ്മുടെ അത്താഴ ശീലങ്ങളായിരികകാം കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കാനുള്ള കാരണമായേക്കുക. 

ഫോണുകൾ, ടെലിവിഷനുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങി മെറ്റബോളിസത്തെ (ഉപാപചയ പ്രക്രിയ) ദോഷകരമായി ബാധിക്കുന്ന എല്ലാ സാങ്കേതിക ഉപകരണങ്ങളിൽ നിന്നും നീല വെളിച്ചം പുറപ്പെടുന്നുണ്ട്. ആന്റിഓക്‌സിഡന്റസ് (Antioxidants) ജേണൽ സൂചിപ്പിക്കുന്നത് പ്രകാരം ഉറങ്ങുന്നതിന് മുൻപും ഭക്ഷണം കഴിക്കുമ്പോഴും നീല വെളിച്ചം ഏൽക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏതുതരത്തിലുമുള്ള സ്ക്രീനുകളുടെ അമിത ഉപയോഗവും ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. കൈയിലെ ചെറിയ സ്ക്രീനിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കിയിരിക്കുന്നതിന് പകരം ആളുകൾ തങ്ങളുടെ പ്ലേറ്റിലുള്ള ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ക്രീൻ ഇല്ലാതെ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരു സന്തുലിതാവസ്ഥ ശരീരത്തിന് ആവശ്യമാണ്.

നീല വെളിച്ചവും ദഹനവും തമ്മിലെന്ത്?

ഭക്ഷണത്തിന്‍റെ ദഹനം നടക്കുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരം അനുസരിച്ചാണ്. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീനുകളിലേക്ക് നോക്കുന്നതിലൂടെ പുറത്തുവരുന്ന നീല വെളിച്ചം ശരീരത്തിന്റെ ഈ ആന്തരിക ഘടികാരത്തെ തകിടം മറിക്കുന്നു. നീല വെളിച്ചം ഏൽക്കുന്നത് പകൽ-രാത്രി സിഗ്നലുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ഇത് ശരീരത്തെയും തലച്ചോറിനെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഈ ശീലം പതിവാകുമ്പോൾ അത് ദഹനപ്രക്രിയയെ കാര്യമായി ബാധിക്കുന്നു.

കുടലിന്‍റെ ചലനങ്ങളെ ബാധിക്കുന്നു 

വിഡിയോയോ കാണാനായി സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന സമയം ക്രമരഹിതമായേക്കാം. ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീനിലേക്ക് നോക്കുന്നത് ദഹനപ്രക്രിയയെ പതുക്കെയാക്കുകയും വയറു വീർക്കുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകുകയും ചെയ്യും.

ഹോർമോൺ സിഗ്നലുകളിൽ മാറ്റം വരുത്തുന്നു 

നീല വെളിച്ചം ഏൽക്കുന്നത് ശരീരത്തിലെ ഹോർമോൺ സിഗ്നലുകളിലും മാറ്റം വരുത്തിയേക്കാം. ഇത് ഉറക്കത്തിന് കാരണമാകുന്ന മെലാടോണിൻ (Melatonin) ഹോർമോണിനെ തടസ്സപ്പെടുത്തുന്നു. ഹോർമോണുകളുടെ ഈ അസന്തുലിതാവസ്ഥ ഇൻസുലിനെയും മെറ്റബോളിസത്തെയും ബാധിക്കും.

കുടലും തലച്ചോറും തമ്മിലുള്ള ബന്ധം ദുർബലപ്പെടുത്തുന്നു 

കുടലും തലച്ചോറും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. നിരന്തരം നീല വെളിച്ചം ഏൽക്കുമ്പോൾ ഇത് കൂടുതൽ വഷളാകുന്നു. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ തിരിയുന്നത് ദഹനത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. കാരണം തലച്ചോറിന്റെ ശ്രദ്ധ ഭക്ഷണത്തിലല്ല, പകരം സ്ക്രീനിൽ എന്താണ് നടക്കുന്നത് എന്നതിലായിരിക്കും.

സ്ക്രീൻ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നതിന്‍റെ പാർശ്വഫലങ്ങൾ

1. അശ്രദ്ധയോടെയുള്ള ഭക്ഷണം കഴിക്കൽ (Mindless Eating)

അപ്പെറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായി ആഹാരം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് ദഹനവ്യവസ്ഥയുടെ ഭാരം വർദ്ധിപ്പിക്കുകയും കാലക്രമേണ ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും. കൂടാതെ, ഭക്ഷണത്തെ ഫലപ്രദമായി ഊർജ്ജമാക്കി മാറ്റാൻ ആവശ്യമായ രീതിയിൽ ചവച്ചരയ്ക്കാനുള്ള സമയവും ഇത് കുറയ്ക്കുന്നു.

2. ദഹനക്ഷമത കുറയുന്നു (Reduced Digestive Efficiency)

സ്ക്രീനിലെ കാഴ്ചകൾ കണ്ട് തലച്ചോറിന്റെ ശ്രദ്ധ തിരിയുമ്പോൾ ദഹനവ്യവസ്ഥയുടെ കാര്യക്ഷമത കുറയുന്നു. ഉമിനീരിന്റെ ഉത്പാദനം കുറയുന്നത് ദഹനപ്രക്രിയയിൽ ദഹന എൻസൈമുകളുടെ  പ്രവർത്തനത്തെ ബാധിക്കുന്നു.

'ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് ബിഹേവിയറൽ ആൻഡ് ബ്രെയിൻ സയൻസസ്' നൽകുന്ന വിവരങ്ങൾ പ്രകാരം നീല വെളിച്ചം ഏൽക്കുന്നത് മെറ്റബോളിസത്തിലെ താമസം, ഹോർമോൺ ചക്രങ്ങളുടെ തടസ്സപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ തിരിയുന്നത് കൂടുതൽ കലോറി ഉള്ളിൽ ചെല്ലുന്നതിനും മോശം ദഹനഫലങ്ങൾക്കും കാരണമാകുന്നു.

നേരത്തെ അത്താഴം കഴിക്കുന്നത് ഏറ്റവും പ്രധാനമാകുന്നത്

നേരത്തെ അത്താഴം കഴിക്കുന്നത് വളരെ പ്രധാനമാണ്. കാരണം രാത്രി സമയങ്ങളിൽ ദഹനവ്യവസ്ഥ വളരെ സെൻസിറ്റീവ് ആയിരിക്കും. രാത്രിയിൽ നീല വെളിച്ചം അമിതമായി ഏൽക്കുന്നത് മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉറക്കവും അത്താഴവും ശരീരത്തിന്റെ സ്വാഭാവിക താളവുമായി പൊരുത്തപ്പെടുത്താൻ അത്താഴം കഴിഞ്ഞ് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാൻ കിടക്കാവൂ.

അത്താഴ ശീലങ്ങൾ ദഹനത്തെ ദോഷകരമായി ബാധിക്കുന്നു എന്നതിന്‍റെ ലക്ഷണങ്ങൾ

നിങ്ങളുടെ അത്താഴ ശീലങ്ങൾ ദഹനത്തെ ബാധിക്കുന്നുണ്ടെന്ന് ശരീരം ചില ലക്ഷണങ്ങളിലൂടെ കാണിച്ചുതരും. അവ താഴെ പറയുന്നവയാണ്: ഭക്ഷണത്തിന് ശേഷം വയറു വീർക്കൽ (Bloating), അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ (Acid reflux) ക്രമരഹിതമായ മലവിസർജ്ജനം (Irregular bowel movements), അർദ്ധരാത്രിയിലെ വിശപ്പ് (Late-night hunger). 

അത്താഴ ശീലങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം?

ചില ലളിതമായ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ  ദഹനപ്രക്രിയ സുഗമമാക്കാവുന്നതേ ഉള്ളൂ. ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, സാവധാനം ചവച്ചരച്ച് കഴിക്കുക.

ദഹനത്തെ ബാധിക്കാതിരിക്കാൻ ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീൻ പാടില്ല എന്ന നിബന്ധന കര്‍ശനമായി പാലിക്കുക. ദഹനവ്യവസ്ഥയിലെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിന് കുറഞ്ഞത് 20-30 മിനിറ്റെങ്കിലും യാതൊരുവിധ ഗാഡ്‌ജെറ്റുകളും ഇല്ലാതെ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്.

The Impact of Blue Light on Digestion:

Screen time while eating negatively impacts digestion by disrupting the body's internal clock and hormone signals. It's crucial to focus on food to improve digestive efficiency and overall gut health