എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഒരു പുരുഷന്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് നടത്തിയാല്‍ പോസിറ്റീവ് ആകുമോ? അഥവാ പോസിറ്റീവ് ആയാല്‍ തന്നെ അതെന്താണ് അര്‍ഥമാക്കുന്നത്? അയാള്‍ പ്രെഗ്നന്‍റ് ആണെന്നോണോ? ഒരിക്കലും നടക്കില്ല എന്ന് കരുതിയെങ്കില്‍ തെറ്റി. അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ പുരുഷന്‍മാരും പ്രഗ്നന്‍സി ടെസ്റ്റില്‍ പോസിറ്റീവായേക്കാം. ഇത്തരത്തില്‍ പോസിറ്റീവായാല്‍ ആ ഫലം ഒരിക്കലും അവഗണിക്കരുതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഗർഭകാലത്ത് സ്ത്രീകളില്‍ പ്ലാസന്‍റ ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ (എച്ച്സിജി) സ്ഥിരീകരിക്കുന്നതിലൂടെയാണ് സാധാരണ ഗര്‍ഭ പരിശോധനാ കിറ്റുകള്‍ പോസിറ്റീവ് ഫലം കാണിക്കുന്നത്. പുരുഷന്മാർക്ക് പ്ലാസന്‍റ ഇല്ലാത്തതിനാല്‍ തന്നെ പരിശോധന നെഗറ്റീവ് ഫലം നൽകും. എങ്കിലും ഒരു പുരുഷനില്‍ പ്രെഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായാല്‍ ഇത് പുരുഷന്മാരിലെ ഉയർന്ന എച്ച്സിജി അളവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പാകാമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
അനൽസ് ഓഫ് ദി റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്, മൂത്രത്തിലെ എച്ച്സിജി അളവ് സ്ഥിരീകരിക്കുന്ന പ്രെഗ്നന്‍സി കിറ്റുകള്‍ പുരുഷന്‍മാരില്‍ വൃക്ഷണത്തിലെ കാന്‍സര്‍ നിര്‍ണയിക്കാന്‍ സഹായകമാകുമെന്നാണ്. ചില തരം വൃക്ഷണ കാൻസറുകൾക്ക് എച്ച്സിജി ഉത്പാദിപ്പിക്കാൻ കഴിയും. എച്ച്സിജി ഉത്പാദിപ്പിക്കുന്ന ട്യൂമറുകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാകാം ഈ പോസിറ്റീവ് ഫലം. ഇത് ഗർഭധാരണ സൂചനയല്ല മറിച്ച് ഒരു മുന്നറിയിപ്പാണ്. ഇത്തരത്തില്‍ പോസിറ്റീവ് ഫലം കണ്ടാല്‍ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം.
അതേസമയം, കാൻസർ പരിശോധനയ്ക്കായുള്ള രോഗനിർണയ ഉപകരണമല്ല പ്രഗ്നന്‍സി കിറ്റുകള്‍ എന്നോര്‍ക്കുക. മാത്രമല്ല. കരൾ, ആമാശയം അല്ലെങ്കിൽ ശ്വാസകോശത്തിലെ മുഴകൾ, ഹോർമോൺ അളവിനെ ബാധിക്കുന്ന മരുന്നുകൾ, പ്രഗ്നന്‍സി കിറ്റിനുണ്ടാകുന്ന പിശകുകള്‍ എന്നിവയും ഉയര്‍ന്ന എച്ച്സിജി അളവ് കാണിക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ പോസിറ്റീവ് റിസര്‍ട്ടിനൊപ്പം വൃഷണങ്ങളില്‍ മുഴകൾ, വീക്കം, വൃഷണസഞ്ചിയിൽ ഭാരം, അസ്വസ്ഥത, വൃഷണത്തിന്‍റെ വലിപ്പത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, അടിവയറ്റിലോ പുറകിലോ ഉള്ള വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളുണ്ടാകുകയാണെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടണം.
പരിഭ്രാന്തരാകാതെ ഒരു യൂറോളജിസ്റ്റിനെ കാണാം. സെറം എച്ച്സിജി രക്തപരിശോധനയിലൂടെ എച്ച്സിജിയുടെ അളവ് സ്ഥിരീകരിക്കാം. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനായി വൃഷണങ്ങളുടെ അൾട്രാസൗണ്ട് അല്ലെങ്കിൽ മറ്റ് ഇമേജിങുകള്‍ നടത്തേണ്ടി വന്നേക്കാം. ട്യൂമർ കണ്ടെത്തുകയാണെങ്കില്‍ ഇന്ന് മികച്ച ചികില്‍സാ ഓപ്ഷനുകളും ലഭ്യമാണ്. പ്രത്യേകിച്ച് രോഗാവസ്ഥ നേരത്തെ കണ്ടെത്തിയാല്‍. മാത്രമല്ല എല്ലാ വൃഷണ കാൻസറുകളും മൂത്രത്തിലെ എച്ച്‌സിജിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയുമില്ല എന്നും ഓര്‍ക്കുക.