ജോ ബൈഡന്‍ (ഫയല്‍ ചിത്രം)
മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്ത ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്. ഗ്രേഡ് ഗ്രൂപ് 5 കാന്‍സര്‍ വിഭാഗത്തില്‍പ്പെടുന്ന വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചത് എന്നാണ് ഈ ആശങ്കകള്‍ക്ക് കാരണം. കാന്‍സര്‍ എല്ലുകളിലേക്കും പടര്‍ന്നതായും ബൈഡന്‍റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പുരുഷന്‍മാരില്‍ ഇന്ന് സര്‍വ സാധാരണെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച 99 ശതമാനം പുരുഷന്മാരും രോഗമുക്തി നേടുന്നതായാണ് കണക്കുകള്‍... പ്രോസ്റ്റേറ്റ് കാൻസറിനെ കുറിച്ച് കൂടുതല്‍ അറിയാം...
എന്താണ് പ്രോസ്റ്റേറ്റ് കാൻസർ?
അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. വേള്‍ഡ് കാൻസർ റിസര്‍ച്ച് ഫണ്ടിന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ കാൻസറാണിത്. പുരുഷന്മാരില് മൂത്രസഞ്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റിനെയാണ് ഈ കാന്‍സര്‍ ബാധിക്കുന്നത്. സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുകയും ബീജത്തെ വഹിക്കുകയും ചെയ്യുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്.
ചില പ്രോസ്റ്റേറ്റ് കാൻസറുകൾ സാവധാനത്തിലേ വളരുകയുള്ളൂ. അത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ തന്നെ ഒതുങ്ങി നിൽക്കുകയും ചെയ്യും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ തന്നെ ഒതുങ്ങി നിൽക്കുന്ന കാൻസർ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. അതേസമയം ചില കാൻസറുകൾ വളരെ വേഗം വളരുകയും പെട്ടെന്നു തന്നെ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. ഇത് ജീവന് തന്നെ ഭീഷണി ഉയര്‍ത്തിയേക്കാം.
ലക്ഷണങ്ങൾ
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുക, ദുര്‍ബലമായി മൂത്രം ഒഴുകുക, മൂത്രമൊഴിച്ച ശേഷവും മൂത്രസഞ്ചി നിറഞ്ഞതു പോലെ തോന്നുക എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യഘട്ടങ്ങളിൽ, ചിലപ്പോൾ പ്രോസ്റ്റേറ്റ് കാൻസർ, ഒരു ലക്ഷണവും കാണിക്കില്ല. എന്നാല്‍ വഴിയേ ലക്ഷണങ്ങള്‍ പ്രകടമാകും. മൂത്രമൊഴിക്കാൻ പ്രയാസം, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തത്തിന്റെ അംശം, എല്ലുകൾക്കു വേദന, ശരീരഭാരം കുറയുക, ശീഘ്രസ്ഖലനം എന്നിവയാണ് മറ്റ ലക്ഷണങ്ങള്‍.
കാരണങ്ങള്‍
പ്രോസ്റ്റേറ്റ് കാൻസര്‍ വരുന്നതിന്‍റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. പ്രായവും ജീവിതശൈലിയും പ്രോസ്റ്റേറ്റ് കാൻസറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പഠനങ്ങളുണ്ട്. കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമവും കാരണങ്ങളിലൊന്നാണെന്ന് പഠനം സൂചിപ്പിക്കുന്നു. പാരമ്പര്യമായും രോഗം വരാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പ്രായമായ പുരുഷൻമാരെ മാത്രമല്ല, ചെറുപ്പക്കാരെയും ഇത് ബാധിക്കും. നാൽപതു വയസ്സിൽ താഴെ പ്രായമുള്ളവരിൽ പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരമാകുകയും ചെയ്യാം. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വ്യായാമം പതിവാക്കുക. പ്രോസസ്ഡ് മീറ്റ്, മൃഗക്കൊഴുപ്പുകള്‍ എന്നിവയും ഒഴിവാക്കുക.
രോഗനിർണയം
പ്രോസ്റ്റേറ്റ് സ്ക്രീനിങ്ങ് ടെസ്റ്റുകളാണ് കാന്‍സര്‍ തിരിച്ചറിയാന്‍ മികച്ച മാര്‍ഗങ്ങളില്‍ ഒന്ന്. ഡിജിറ്റൽ റെക്ടൽ എക്സാം (DRE), പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ടെസ്റ്റ് (PSA) എന്ന രക്തപരിശോധനയിലൂടെയും പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം.
കണക്കുകള്‍
2025 ൽ ഇതുവരെ യുഎസിൽ 313,000 ത്തിലധികം പുതിയ പ്രോസ്റ്റേറ്റ് കാൻസർ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് എൻസിഐയുടെ വെബ്സൈറ്റില്‍ പറയുന്നു. അമേരിക്കയിലെ പുരുഷന്മാരിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ രണ്ടാമത്തെ തരം കാൻസറായ ശ്വാസകോശ അർബുദത്തേക്കാൾ മൂന്നിരട്ടിയിലധികമാണ് ഈ കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രോസ്റ്റേറ്റ് കാൻസർ കേസുകൾ തിരിച്ചറിയുന്നതും യുഎസിലാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത് പ്രകാരം 100 അമേരിക്കൻ പുരുഷന്മാരിൽ 13 പേർക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കുന്നുണ്ട്.
AI generated image
പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരുടെ എണ്ണം 2040 ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് 2024 ല്‍ പുറത്തുവന്ന ഒരു പഠനം സൂചിപ്പിച്ചിരുന്നു. 16 വര്‍ഷം കൊണ്ട് കാന്‍സര്‍ ബാധിതരുടെ എണ്ണം 2020 ലെ 14 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമാകുമെന്നും ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പ്രോസ്റ്റേറ്റ് കാൻസർ തിരിച്ചറിഞ്ഞവരില്‍ 99 ശതമാനം പുരുഷന്മാരും രോഗമുക്തി നേടുന്നതായാണ് ഹാർവഡ് ആരോഗ്യവിദഗ്ധർ പറയുന്നത്. നേരത്തെ രോഗം കണ്ടെത്തി ചികിത്സ തേടുക എന്നത് പ്രധാനം.