'ഇവിടെ ഞാന്‍ നല്ലത് പോലെയിരിക്കും സ്കൂളിന് പുറത്തിറങ്ങിയാല്‍ പള്ളക്ക് കത്തി കയറ്റിയിട്ടേ ഞാന്‍ പോകു. എനിക്ക് അങ്ങനെയൊരു സ്വഭാവം ഉണ്ട് സാറേ,' മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്ലസ്‍വണ്‍ വിദ്യാര്‍ഥിയുടെ വിഡിയോ കണ്ട് കേരള സമൂഹമാകെ ഞെട്ടിയിട്ട് അധികനാളായില്ല. തുടര്‍ന്ന് അധ്യാപകരെയും വിദ്യാര്‍ഥിയേയും അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രതികരണങ്ങള്‍ വന്നു.
എന്തായാലും മാതാപാതാക്കളെയാകെ ആശങ്കപ്പെടുത്തുന്നതാണ് ഈ വിഡിയോ എന്നത് ഉറപ്പ്. ഈ ചെറിയ പ്രായത്തില്‍ ജീവന് പോലും ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥ എങ്ങനെയാണ് മാറുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട കരുതല്‍ എങ്ങിനെയാകാണം . പേരന്‍റിങ്ങിനെ പറ്റി കോഴിക്കോട് ക്രെസന്‍റ് പീഡിയാട്രിക് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് പീഡിയാട്രീഷന്‍ ഫാത്തിമ സഹീര്‍ സംസാരിക്കുന്നു.
കുട്ടിക്കാലവും സമൂഹവും
നമ്മള്‍ കാണുന്നത് ഒരു വിഡിയോ മാത്രമാണ്. ആ കുട്ടിയുടെ അത്രയും നാളുള്ള ജീവിതത്തില്‍ എന്തൊക്കെ നടന്നു എന്ന് നാം അറിയുന്നില്ല. അവന്‍റെ കുടുംബം, കൂട്ടുകാര്‍ ഇതൊക്കെ അറിയാതെ ഒരു വിഡിയോ മാത്രം കണ്ടുകൊണ്ട് വിധി കല്‍പിക്കുന്നത് ശരിയല്ല. അവന് വേണ്ട ശ്രദ്ധ കിട്ടിയിട്ടുണ്ടോ, വീട്ടുകാരില്‍ നിന്നും വേണ്ട കരുതല്‍ കിട്ടിയിട്ടുണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. ആ കുട്ടി അങ്ങനെ പ്രതികരിക്കുന്നതിനു പിന്നില്‍ അവന്‍റെ കുട്ടിക്കാലം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വരും.
പണ്ടൊക്കെയാണെങ്കില്‍ വീട്ടില്‍ ടിവി ഇല്ല. വീട്ടിലെ സാഹചര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. കുട്ടികള്‍ക്ക് ടിവിയുണ്ട്, ഫോണ്‍ ഉണ്ട്. എന്തൊക്കെയാണ് കുഞ്ഞുങ്ങളുടെ മുന്നിലേക്ക് എത്തുന്നത് എന്ന് നമുക്ക് പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് അടുത്ത് വരുന്ന സിനിമകള്‍, ഒരുപാട് വയലന്‍സ് കാണിക്കുന്ന സിനിമകള്‍. അതിന് വലിയ സ്വീകാര്യത ലഭിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു സത്യമാണ്. ഇതെല്ലാം കുട്ടികളെ സ്വാധീനിക്കും. വയലന്‍സ് വളരെ സാധാരണമായ കാര്യമാവുകയാണ്. ഒരാളെ വേദനിപ്പിക്കുന്നത് സാധാരണകാര്യമാണെന്നും അത് ഹീറോയിസമാണെന്നും കുഞ്ഞുങ്ങള്‍ കരുതുന്നു. സമൂഹത്തിന്‍റെ സ്വാധീനം സ്വാഭാവികമായും കുട്ടികളിലുണ്ടാവും.
ഹോര്‍മോണുകള്‍ ഉച്ഛസ്ഥായിയിലേക്ക് എത്തുന്ന സമയമാണ് കൗമാരം. ഈ സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളുടെ കേസുകള്‍ വന്നിട്ടുണ്ട്. ഫോണ്‍ കിട്ടാത്തതു പോലെയുള്ള ചെറിയ കാരണങ്ങളായിരിക്കും ആത്മഹത്യാ പ്രവണത ഉണര്‍ത്തുന്നത്. പെട്ടെന്ന് തീരുമാനമെടുക്കും. കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് മാതാപിതാക്കളോട് തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാവണം. എന്ത് കാര്യത്തിനും കുട്ടികളെ കുറ്റപ്പെടുത്തുന്ന മനോഭാവമാണ് മാതാപിതാക്കള്‍ക്കെങ്കില്‍ ആ സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ടാവില്ല.
കുട്ടികളും വ്യക്തികളാണ്
കുട്ടികളോട് എന്നും കുറച്ചു നേരം സംസാരിക്കണം. മിനിമം 20 മിനിട്ടെങ്കിലും കുഞ്ഞുങ്ങളോട് സംസാരിക്കുക. ഒന്നില്‍ കൂടുതല്‍ മക്കളുണ്ടെങ്കിലും അവരോട് പ്രത്യേകം സംസാരിക്കാനായി സമയം ഉറപ്പായും കണ്ടെത്തണം. അവര്‍ ഉറങ്ങുന്നതിനു മുമ്പോ എഴുന്നേല്‍ക്കുമ്പോഴോ ഇഷ്ടത്തോടെ, സ്നേഹത്തോടെ നമുക്ക് സംസാരിക്കാനാവണം. കുഞ്ഞുങ്ങളെ ഉപദേശിക്കാനും നന്നാക്കാനും ആ 20 മിനിട്ട് ധാരാളമാണ്.
കുട്ടിയെ ഒരു വ്യക്തിയായി കാണുക. കുഞ്ഞുങ്ങള്‍ക്ക് 2 വയസ്സൊക്കെ ആകുമ്പോള്‍ ഏത് ഉടുപ്പാണ് ഇടേണ്ടത്, ഏത് ഷൂവാണ് വേണ്ടത് എന്ന് തീരുമാനമെടുക്കാനുള്ള ചോയ്സ് കൊടുക്കുക. നമ്മളോട് ആരെങ്കിലും അഭിപ്രായം ചോദിക്കുകയാണെങ്കില്‍ നമുക്ക് ഒരു വിലയുള്ളത് പോലെ തോന്നും. അങ്ങനെ തന്നെയാണ് കുട്ടികള്‍ക്കും. അവരുടെ അഭിപ്രായങ്ങള്‍ക്ക് നാം വില കൊടുക്കുന്നുണ്ടെന്നുള്ള തോന്നല്‍ ചെറുപ്പം മുതല്‍ തന്നെയുണ്ടാവണം.
ഡോക്ടര്‍ ഫാത്തിമ സഹീര്‍ പങ്കെടുത്ത അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും കാണാം.