കുട്ടികള്‍ക്ക് പേരിടാന്‍ നിര്‍ദേശിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച് യുവതി. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ടെയ്‌ലർ എ ഹംഫ്രി എന്ന കൺസൾട്ടന്റാണ് ഇത്തരത്തില്‍ മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് യോജിച്ച പേരിടാൻ സഹായിച്ച് ലക്ഷങ്ങള്‍ നേടുന്നത്.
37 -കാരിയായ ടെയ്‍ലർ 10 വർഷം മുമ്പാണ് കുട്ടികളുടെ പേര് കണ്ടെത്തുന്നതിലുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരുടെ മക്കള്‍ക്ക് പേരിടാന്‍ ടെയ്‍ലര്‍ ഇതിനകം 'സഹായിച്ചു' കഴിഞ്ഞു. ഇന്ന് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും 100,000 -ത്തിലധികം ഫോളോവേഴ്‌സും ടെയ്ലര്‍ക്കുണ്ട്.
ബ്രാൻഡിങ്, മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്ത ടെയ്‍ലറിന്റെ പക്കൽ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പേരുകളുണ്ട്. പേരുകള്‍ മാത്രമല്ല, അതിന്‍റെ അര്‍ഥവും പ്രത്യേകതയും എല്ലാം ടെയ്‍ലര്‍ നല്‍കും. വെറുതെ ഒരു പേരാണ് വേണ്ടതെങ്കിൽ 200 ഡോളര്‍ (ഏകദേശം 18,000 രൂപ) ആണ് ഫീസായി കൊടുക്കേണ്ടത്. എന്നാൽ, പേരിനൊപ്പം മറ്റ് വിവരങ്ങൾ കൂടുന്നതിന് അനുസരിച്ച് ഫീസും കൂടും. 10,000 ഡോളര്‍ (8,88,535 രൂപ) വരുന്ന പാക്കേജുകൾ വരെയും ടെയ്‌ലറിന്റെ അടുത്തുണ്ട്. അതേസമയം, എക്സ്ക്ലൂസീവായിട്ടുള്ളതാണെങ്കിൽ ഫീസ് പിന്നെയും കൂടും. അതിന് 30,000 ഡോളര്‍ (26 ലക്ഷം) വരെയാകും ഫീസ്.
ഇത് വെറുതെ ഒരു പേര് കണ്ടെത്തിക്കൊടുക്കുന്ന ജോലിയല്ലെന്നും. ഒരു തെറപ്പിസ്റ്റിനെ പോലെയോ അച്ഛനും അമ്മയ്ക്കും ഇടയിൽ മീഡിയേറ്ററായി പ്രവർത്തിക്കുകയോ ചെയ്യുന്നത് പോലെയാണെന്നാണ് ടെയ്‍ലർ പറയുന്നത്. വ്യത്യസ്തവും ട്രെൻഡിയുമായിട്ടുള്ള എന്നാൽ തനതായിട്ടുള്ള പേരുകളാണ് പലർക്കും വേണ്ടത്. ഇതിനായി ടെയ്ലറിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഒരു മടിയുമില്ല.