Image Credit; therichachadha
2024ലാണ് ബോളിവുഡ് താരം റിച്ച ഛദ്ദയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോളിതാ കുട്ടിയുണ്ടായപ്പോള്‍ താന്‍ അനുഭവിച്ച വൈകാരിക സാഹചര്യം പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയാകുക എന്നതിനെ പേടിയോടെയാണ് താന്‍ കണ്ടിരുന്നത് എന്നാണ് റിച്ച പറഞ്ഞത്.
മാതൃത്വത്തോടുള്ള തന്റെ ആദ്യ പ്രതികരണം ഭയമായിരുന്നുവെന്ന് ലില്ലി സിങുമായുള്ള അഭിമുഖത്തിൽ റിച്ച ഛദ്ദ പങ്കുവച്ചു. കാലാവസ്ഥാ വ്യതിയാനം, വംശഹത്യ, ലോകത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്കിടയില്‍ ഒരു കുട്ടി ഉണ്ടാകുന്നത് നല്ലതാണോ എന്ന സംശയം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
ഒരു കുഞ്ഞിനെ പരിപാലിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. നിങ്ങള്‍ എപ്പോഴാണോ ശക്തയും സ്വതന്ത്രയുമാകുന്നത് അവിടെ മാറ്റങ്ങള്‍ ഉണ്ടാകും. കുട്ടിക്ക് ആദ്യത്തെ ആറുമാസം ഭക്ഷണം നല്‍കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ഭയമായിരുന്നു എന്‍റെ ആദ്യ പ്രതികരണം. എന്‍റെ ജീവിതം അവസാനിച്ചോ എന്ന് പോലും ചിന്തിച്ചു, താരം പറഞ്ഞു. മകളാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ഭയവും ഉല്‍ക്കണ്ഠയും കൂടുതലായി എന്നും റിച്ച ഛദ്ദ പറഞ്ഞു.
പെണ്‍കുഞ്ഞായതുകൊണ്ടും ജീവിക്കുന്നത് ഇന്ത്യയിലായതുകൊണ്ടും ആദ്യം ഒരു തോക്ക് വാങ്ങണമെന്ന് കരുതി. പക്ഷേ പിന്നീട് കാഴ്ചപ്പാടുകള്‍ മാറി. കുഞ്ഞിനെ തന്നപ്പോലെ ശക്തയായി വളര്‍ത്തുമെന്നും റിച്ച പറഞ്ഞു. സുനൈറ ഇദ ഫസൽ എന്നാണ് റിച്ചയുടെയും അലി ഫസലിന്റെയും കുഞ്ഞിന്റെ പേര്.
കഴിഞ്ഞവര്‍ഷം ജൂലൈ 16നായിരുന്നു കുഞ്ഞ് ജനിച്ചത്. എന്നാല്‍ കുഞ്ഞിന്റെ മുഖം ഇതുവരെ ദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. സിനിമാ ലോകത്തെ തിരക്കുകൾക്കിടയിലും മാതൃത്വത്തിന്റെ സന്തോഷവും വെല്ലുവിളികളും ഒരുപോലെ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് റിച്ച ഛദ്ദ.