പ്രസവവും കുഞ്ഞു ജനിക്കുന്നതുമൊക്കെ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ടേണിങ് പോയിന്‍റാണ്. ആ ശരീരത്തിലും ജീവിതശൈലിയിലുമൊക്കെ വരുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല. അതിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടേണ്ടതും എന്നാൽ പലപ്പോഴും പുറത്ത് പറയാൻ മടിക്കുന്നതുമായ ഒന്നാണ് പ്രസവാനന്തര ലൈംഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ. പ്രസവിച്ച അഞ്ചിൽ ഒരാൾക്കെങ്കിലും ആദ്യ കാലങ്ങളിൽ ഈ രംഗത്ത് സംതൃപ്തി കുറവാണെന്ന് തുറന്നു പറയാറുണ്ട്.
ശരീരത്തിന്‍റെ കാര്യം നോക്കുകയാണെങ്കിൽ, പ്രസവത്തോടെ പെരിനിയം ഭാഗത്തെ മുറിവുകൾ ഉണങ്ങി, പ്രസവാനന്തര സ്രവങ്ങൾ പൂർണ്ണമായി നിലയ്ക്കാൻ കുറഞ്ഞത് രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയമെടുക്കും. എന്നാൽ ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായതുകൊണ്ട് ഈ കാലയളവിലും മാറ്റങ്ങളുണ്ടാകാം. പല സ്ത്രീകളും ഈ സമയത്ത് ലൈംഗിക ബന്ധത്തിന് താൽപ്പര്യം കാണിക്കാറില്ല. അതിന് പ്രധാന കാരണം ശരീരത്തിലെ വേദനയും മുറിവുകൾ ഉണങ്ങാനുള്ള സമയവുമൊക്കെയാണ്. ചിലപ്പോഴൊക്കെ പങ്കാളികളുടെ നിർബന്ധം കൊണ്ട് മുറിവുകൾ പൂർണ്ണമായി ഉണങ്ങുന്നതിന് മുമ്പ് ബന്ധപ്പെടേണ്ടി വരുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കും മുറിവുകൾ വീണ്ടും പൊട്ടുന്നതിലേക്കും നയിക്കാറുണ്ട്.
ശാരീരികമായ ക്ഷീണമാണ് മറ്റൊരു പ്രധാന വില്ലൻ. രാപ്പകലില്ലാതെ കുഞ്ഞിനെ നോക്കലും ഉറക്കമൊഴിക്കലുമൊക്കെയായി സ്ത്രീകൾ പൂർണമായും തളർന്നുപോയിട്ടുണ്ടാകും. ഇതിനുപുറമേ മുലയൂട്ടുന്ന കാലത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രൊലാക്റ്റിൻ എന്ന ഹോർമോൺ ലൈംഗിക താൽപ്പര്യത്തെ സ്വാഭാവികമായും കുറയ്ക്കുന്നു. ഇതുകൂടാതെ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന മുറിവുകളിൽ അണുബാധയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും സുരക്ഷിതമല്ലാത്ത ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അത് കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കാം.
ശരീരഭാരം വർധിക്കുന്നതും വയറു ചാടുന്നതുമെല്ലാം പല അമ്മമാരിലും വലിയ തോതിൽ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കാറുണ്ട്. തന്‍റെ ശരീരം പഴയതുപോലെ ആകർഷകമല്ലെന്ന് തോന്നുമ്പോൾ സ്ത്രീകൾ സ്വാഭാവികമായും ഇത്തരം കാര്യങ്ങളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങും. ഇതിനിടയിൽ മാനസികമായി തയ്യാറാകുന്നതിന് മുൻപ് തന്നെ പങ്കാളികൾ ബന്ധപ്പെടാൻ നിർബന്ധിക്കുന്നത് പലരിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.
ഈ സമയത്ത് ദമ്പതികൾ തമ്മിലുള്ള തുറന്ന സംസാരമാണ് ഏറ്റവും പ്രധാനം. പരസ്പരം മനസ്സിലാക്കി, ശരീരം പൂർവ്വസ്ഥിതിയിലാകുന്നത് വരെ പരസ്പരം ആലിംഗനം ചെയ്തും ഫോർപ്ലേയിലൂടെയുമൊക്കെ സ്നേഹം പങ്കിടുന്നത് ബന്ധത്തിന് കൂടുതൽ കരുത്തുപകരും. പൊതുവെ പ്രസവിച്ച് എട്ട് ആഴ്ചയ്ക്ക് ശേഷമാണ് പലരും ലൈംഗിക ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ ആദ്യമായി അമ്മമാരായ പലരിലും മാസങ്ങൾ കഴിഞ്ഞാലും വേദനയോ താൽപ്പര്യക്കുറവോ ഒക്കെ ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ യാതൊരു മടിയും കൂടാതെ ഡോക്ടറുടെയോ കൗൺസിലറുടെയോ സഹായം തേടുന്നത് തന്നെയാണ് ഏറ്റവും നല്ലത്.