പത്രവാര്‍ത്തകളിലും സോഷ്യല്‍മീഡിയകളിലുമെല്ലാം ഇപ്പോള്‍ കൗമാരക്കാരുടെ കുറ്റകൃത്യങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയം. കഞ്ചാവ് കേസിലും അടിപിടി കേസിലും  തുടങ്ങി നിസാര പ്രശ്നങ്ങളുടെ പേരില്‍ കൊലപാതകത്തില്‍ വരെ കൗമാരക്കാര്‍ പ്രതികളാകുന്നു. എന്താണ് നമ്മുടെ കൗമാരക്കാര്‍ക്ക് പറ്റിയത്? ഇത് കൗമാരക്കാരുടെ മാത്രം പ്രശ്നമാണോ? എന്താണ് കുട്ടികളെ കുറ്റവാളിയാക്കുന്നത്? അതിന് ആരാണ് കാരണക്കാര്‍? കുട്ടികളിലെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍ മനോഭാവം മാറ്റാന്‍ പൊലീസ് മാത്രമല്ല, സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം, അതിന്‍റെ തുടക്കം വീടുകളില്‍ നിന്ന് തന്നെ തുടങ്ങണം. 

കൗമാരക്കാരുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. എല്ലാ ദിവസവും കുട്ടികളോട് സംസാരിക്കണം. 

ഇന്നത്തെ കാലത്ത് മക്കളോട് സംസാരിക്കുന്ന മാതാപിതാക്കളുടെ എണ്ണം കുറഞ്ഞു വരികയാണ്. രാവിലെ മുതല്‍ ജോലി തിരക്കുകള്‍, അതുകഴിഞ്ഞാല്‍ വീട്ടു ജോലികള്‍, ഇതിനിടയില്‍ മക്കളോട് ഒന്നു തുറന്നു സംസാരിക്കാന്‍ പലര്‍ക്കും കഴിയാറില്ല. എല്ലാം കഴിഞ്ഞ് അല്‍പസമയം കിട്ടിയാല്‍ പിന്നെ ഫോണിലും സമൂഹമാധ്യമങ്ങളിലുമായിരിക്കും  ശ്രദ്ധ. അത് മാറണം. സ്കൂളുകളിലെ വിശേഷങ്ങളെ കുറിച്ചും അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും മക്കളോട് തുറന്നു സംസാരിക്കണം. സന്തോഷമുള്ള കാര്യങ്ങള്‍ മാത്രമല്ല, എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടോ എന്നും ചോദിച്ച് മനസിലാക്കണം. എന്ത് സംഭവിച്ചാലും മറച്ചുവയ്ക്കാതെ നിങ്ങളോട് പറയാം എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കി എടുക്കണം.

 

2. കുറ്റപ്പെടുത്തല്‍ മാത്രമല്ല, ചേര്‍ത്തു നിര്‍ത്തലും വേണം

മാര്‍ക്ക് കുറഞ്ഞാല്‍ ഉടനെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. ഇപ്പോള്‍ നന്നായി പരിശ്രമിച്ചു, ഇനിയും പരിശ്രമിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. ഉപദേശിക്കാൻ മാത്രമല്ല, അവരുടെ പ്രശ്നങ്ങള്‍ കേൾക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. പഠനവും മത്സരവും മാത്രമല്ല, ജീവിതവും പഠിപ്പിക്കുക.. കുട്ടികളെ ശിക്ഷിക്കുന്നതിനു മുമ്പ് അവരുടെ വേറിട്ട പെരുമാറ്റത്തിന്‍റെ കാരണം മനസ്സിലാക്കണം. കഠിനമായ ശിക്ഷയും ശാരീരിക പീഡനവും കുട്ടികളുടെ പെരുമാറ്റപ്രശ്നങ്ങൾ പരിഹരിക്കണമെന്നില്ല. തെറ്റുകൾക്ക് വ്യക്തമായ പരിധികളും ന്യായമായ പ്രത്യാഘാതങ്ങളും വേണം. എന്നാൽ അപമാനിക്കൽ, മര്‍ദനം, ഭീഷണിപ്പെടുത്തൽ എന്നിവ ഒഴിവാക്കണം. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പോസിറ്റീവ് പാരന്റിംഗ് സമീപനം കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പെരുമാറ്റപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. എ പ്ലസ് പരീക്ഷയില്‍ മാത്രമല്ല, എ പ്ലസ് ലൈഫിലേക്കും ശ്രദ്ധ കൊടുക്കണം.

3.മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കണം

ആരാണ് മക്കളുടെ അടുത്ത സുഹൃത്തുക്കള്‍. ഏതൊക്കെ പ്രായക്കാരുമായാണ് കൂടുതല്‍ ചങ്ങാത്തം? അവര്‍ എവിടെയാണ് സമയം ചെലവഴിക്കുക എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പറ്റുമെങ്കില്‍ കൂട്ടുകാരുടെ മാതാപിതാക്കളെയും അറിയാന്‍ ശ്രമിക്കുക. കുട്ടികള്‍ എന്താണ് ഫോണില്‍ കാണുന്നത്? ആരോടാണ് സംസാരിക്കുന്നത്? സോഷ്യൽ മീഡിയയിൽ എന്തൊക്കെ അനുഭവങ്ങളാണ് ഉണ്ടാകുന്നത്? എന്നെല്ലാം മനസിലാക്കുക. 

4.എന്തും നേരിടാന്‍ അവരെ പരിശീലിപ്പിക്കുക

കൗമാരക്കാലത്തുണ്ടായ പ്രണയങ്ങളും, പ്രണയ നൈരാശ്യവുമെല്ലാം  തികച്ചും സ്വഭാവികമാണെന്നും എന്തിനെയും നേരിടാന്‍ തയാറാകാനും അവരെ പരിശീലിപ്പിക്കുക. ഇവയെക്കുറിച്ചും അവരോട് തുറന്നു സംസാരിക്കണം. സ്നേഹം തോന്നിയതിന്‍റെ പേരിലോ അത് തുറന്നു പറഞ്ഞ് നിരസിക്കപ്പെട്ടെന്ന് അറിഞ്ഞാലോ അതിന്‍റെ പേരില്‍ അവരെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. നോ എന്ന് വാക്ക്  ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കണം.

5. ദേഷ്യത്തെ നിയന്ത്രിക്കണം

കൗമാരക്കാലത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍  സ്വഭാവികമാണ്. ചെറിയ കാര്യത്തിന് പോലും ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യപ്പെടും. ദേഷ്യം നിയന്ത്രിക്കാനും നിരാശകളെ അതിജീവിക്കാനും പഠിപ്പിക്കുക. ദേഷ്യം വരുമ്പോള്‍ ആ സമയത്ത് അവരോട് തര്‍ക്കിക്കാതെ പ്രശ്നം ചോദിച്ചു മനസിലാക്കി പരിഹരിക്കുക. കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. അക്രമവാസനഅത് വെറും കൗമാരപ്രശ്നമായി കാണരുത്. ന്തമായി സംസാരിക്കുക. കുട്ടിയെ സുരക്ഷിതമായി കൈകാര്യം ചെയ്യുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെയും ബന്ധപ്പെട്ട അധികാരികളുടെയും സഹായം തേടുക.

ENGLISH SUMMARY:

Discover essential parenting strategies to guide teenagers through behavioral challenges, prevent criminal tendencies, and foster mental well-being. Learn how open communication, positive parenting, and emotional support can help build an "A+ life" for your children.