കോശങ്ങളുടെ നിര്‍മാണത്തിനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും ശരീരം തയ്യാറാക്കുന്ന മെഴുകുപോലൊരു പദാര്‍ഥമാണ് കൊളസ്ട്രോള്‍. കരളാണ് കോളസ്ട്രോള്‍ നര്‍മിക്കുന്ന ഫാക്ടറി. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും കൊളസ്ട്രോള്‍ നേരിട്ട് ശരീരത്തിന് ലഭിക്കുകയും ചെയ്യും. കൊളസ്ട്രോൾ ലിപ്പോപ്രോട്ടീനുകളിലൂടെ രക്തം വഴി സഞ്ചരിക്കുന്നു. കൊളസ്ട്രോള്‍ പ്രധാനമായും രണ്ട് തരമുണ്ട്: HDL (നല്ലത്), LDL (ചീത്ത), ഇവ രണ്ടും രക്തത്തിലൂടെ കൊണ്ടുപോകുന്നത് പ്രോട്ടീനുകളോട് (lipoproteins) ചേർത്താണ്. എൽഡിഎൽ ധമനികളിൽ അടിഞ്ഞുകൂടി തടസ്സം സൃഷ്ടിക്കുകയും ഒടുവിൽ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിനാൽ 'മോശം' കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. മറുവശത്ത് എച്ച്ഡിഎല്‍ ആകട്ടെ രക്തക്കുഴലുകളിൽ നിന്ന് അധിക കൊളസ്ട്രോൾ ശേഖരിക്കുകയും കരളിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നതിനാൽ അവ 'നല്ല' കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്നു. ഉയർന്ന കൊളസ്‌ട്രോളിന് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും പരോക്ഷമായ ചില മുന്നറിയിപ്പ് അടയാളങ്ങള്‍ അത് നല്‍കാറുണ്ട്. എൽഡിഎൽ ഉയര്‍ന്നിരിക്കുന്നതിന്‍റെ ചില ലക്ഷണങ്ങൾ ഇതാ:
1. നെഞ്ചുവേദന
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടും.
ഹൃദയത്തിന്‍റെ ഈ സങ്കോചം ഓക്സിജൻ സമ്പുഷ്ടമായ രക്തപ്രവാഹത്തെ ബാധിക്കുന്നു. ഇത് ശാരീരിക പ്രവർത്തനങ്ങളെയെല്ലാം ബാധിക്കും. വിശ്രമമവേളകളിലും ഈ നെഞ്ചുവേദന അനുഭവപ്പെടാം. ഇത് കൈകളിലേക്കും കഴുത്തിലേക്കും താടിയെല്ലുകളിലേക്കും ശരീരത്തിന്‍റെ പിന്‍ഭാഗത്തേയ്ക്കും പ്രസരിക്കാം. നെഞ്ചിലുടനീളം സമ്മർദം, ഞെരുക്കം, കത്തുന്നപോലുള്ള തോന്നല്‍ എന്നിവ ഇതുമൂലം അനുഭവപ്പെട്ടേക്കാം. ഈ അസ്വസ്ഥത കുറച്ച് മിനിറ്റ് നീണ്ടുനിൽക്കും. നന്നായി വിശ്രമിച്ചോ മരുന്നുപയോഗിച്ചോ ഇത് മാറ്റാം. സ്ത്രീകൾക്കും പ്രമേഹമുള്ളവർക്കും, ലക്ഷണങ്ങൾ സൂക്ഷ്മമായേക്കാം. ഇത് ഓക്കാനം, ക്ഷീണം വയറിനുമുകളില്‍ അസ്വസ്ഥത എന്നിവയും ഉണ്ടാക്കുന്നു.
2. ചർമ്മത്തിലെ കൊഴുപ്പുകട്ടകള്‍ (Xanthomas on Skin)
കോശങ്ങളില്‍ അധികമായി എൽഡിഎൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് മൂലം ചർമത്തിന് താഴെ രൂപം കൊള്ളുന്ന മഞ്ഞകലർന്ന, മെഴുക് പോലെയുള്ള മുഴകൾ അല്ലെങ്കിൽ അടയാളങ്ങളാണ് ചർമ്മത്തിലെ Xanthomas. സാധാരണയായി കണ്‍പോളകള്‍, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, നിതംബം എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി പ്രത്യക്ഷപ്പെടുക. മോശം കൊളസ്ട്രോള്‍ ഉയര്‍ന്നിരിക്കുന്നതിന്‍റെ പ്രത്യക്ഷത്തിലുള്ള അടയാളങ്ങളാണ് ഈ മുഴകള്‍. ഓട്‌സ്, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിങ്ങനെ നാരുകളടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാം.
3. ശ്വാസതടസ്സം
എൽഡിഎൽ, ധമനികളുടെ ശേഷി കുറയ്ക്കുകയും ഹൃദയത്തെ കഠിനമായി പമ്പ് ചെയ്യാൻ നിർബന്ധിക്കുകയും കോശങ്ങവിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ ശ്വാസതടസ്സം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. പടികൾ കയറുക, വേഗത്തിൽ നടക്കുക, അല്ലെങ്കിൽ മലര്‍ന്ന് കിടക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത് പ്രകടമാകും. വിശ്രമിച്ചാലും ഈ പ്രശ്നം പൂര്‍ണമായും മാറണമെന്നില്ല.
4. കാലുവേദന
എൽഡിഎൽ കൊളസ്ട്രോള്‍ തുടകളിലോ അരക്കെട്ടിലോ അടിഞ്ഞുകൂടുന്നത് കാൽ വേദന , മലബന്ധം എന്നിവയ്ക്കൊക്കെ കാരമാകുന്നു. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന അവസ്ഥയാണ്.
5. സ്ഥിരമായ ക്ഷീണം
ഉയർന്ന എൽഡിഎൽ മൂലമുള്ള സ്ഥിരമായ ക്ഷീണം മോശം രക്തപ്രവാഹത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഇത് പേശികളിലേക്കും അവയവങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും വിതരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. കഠിനമായ ക്ഷീണത്തിൽ നിന്ന് വ്യത്യസ്തമായി ഇത് ദിവസേന നീണ്ടുനിൽക്കുന്നു. ഇത് വർക്കൗട്ടുകള്‍ക്കോ ദൈനംദിന ജോലികൾക്കോ ഒക്കെ ഉള്ള ഊര്‍ജത്തെ ബാധിച്ചേക്കും. ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാൽ സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷമുള്ള അവസ്ഥയെ ഈ ക്ഷീണം കൂടുതൽ വഷളാക്കാനും ഇടയുണ്ട്.
6. ഓര്‍മ മങ്ങല്‍
ഓര്‍മ മങ്ങുന്നതും സ്ഥിരമായി തലവേദനയുണ്ടാകുന്നതും എൽഡിഎൽ ഉയര്‍ന്നിരിക്കുന്നതിനാല്‍ കരോട്ടിഡ് ധമനികൾ ചുരുങ്ങുന്നതിന്‍റെ ലക്ഷണമാകാം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ സൂചിപ്പിക്കുന്നു. ഇതമൂലം ഏകാഗ്രത നഷ്ടപ്പെടും. ചിലപ്പോള്‍ മറുപടി പറയാന്‍ കൃത്യമായ വാക്കുകള്‍ കണ്ടത്താനകാതെ വലയുന്ന അവസ്ഥയുമുണ്ടാകാം. തലകറക്കത്തിനും ഇത് കാരമാകുന്നു. മറ്റ് കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന തലവേദനകളിൽ നിന്ന് വ്യത്യസ്തമായി ഇവ നീണ്ടുനിന്നേക്കാം. ഈ സൂചനകളൊക്കെ ഹൃദയാരോഗ്യത്തിനുനേര്‍ക്കുള്ള മുന്നറിയിപ്പുകളാണ്.