കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വീണ്ടും വഴിവെച്ച് പുതിയ വകഭേദമായ PJ.2.1 വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാനഡ, അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോൺ വംശപരമ്പരയിൽപ്പെട്ട PJ.2.1 ന് ഉയർന്ന വ്യാപനശേഷിയുണ്ടെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, നിലവിൽ കൂടുതൽ ഗുരുതരമായ രോഗാവസ്ഥയ്ക്കോ മരണനിരക്ക് വർധിപ്പിക്കുന്നതിനോ ഈ വകഭേദം കാരണമാകുന്നതായി തെളിവുകളില്ല. അതിനാൽ പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് PJ.2.1– 2026 ഒക്ടോബർ 24-ന് യുകെ ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കൽ ഗവേഷണ ജേണലായ Journal of Infection-ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് PJ.2.1-ന്റെ വ്യാപനവും വൈറസിന്റെ സ്വഭാവവും സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പുറത്തുവന്നത്. സാധാരണ വൈറസ് പരിണാമത്തിൽ ചെറിയ ജനിതക മാറ്റങ്ങൾ ഘട്ടംഘട്ടമായി സംഭവിക്കുമ്പോൾ, ഒറ്റയടിക്ക് നിരവധി ജനിതക മാറ്റങ്ങളോടെ രൂപപ്പെടുന്ന വകഭേദങ്ങളെയാണ് 'സോൾട്ടേഷൻ വകഭേദങ്ങൾ' എന്നു വിശേഷിപ്പിക്കുന്നത്. ഒമിക്രോൺ JN.1-ന്റെ പിൻഗാമിയായ MC.10.1.7 വംശപരമ്പരയിൽ നിന്നാണ് PJ.2.1 രൂപപ്പെട്ടതെന്നാണ് പഠനത്തിലെ കണ്ടെത്തൽ. സ്പൈക്ക് പ്രോട്ടീനിലെ നിരവധി ജനിതക മാറ്റങ്ങൾ വൈറസിന്റെ സ്വഭാവത്തെയും പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവിനെയും സ്വാധീനിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
വിവിധ രാജ്യങ്ങളിൽ വ്യാപനം– കാനഡയിലെ ഒന്റാറിയോയിൽ 2026 മേയ് രണ്ടിനാണ് PJ.2.1 ആദ്യമായി കണ്ടെത്തിയത്. പിന്നീട് ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്ക് എന്നിവിടങ്ങളിലും സാന്നിധ്യം റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ജൂൺ 30-ന് ന്യൂയോർക്കിലാണ് ആദ്യമായി കണ്ടെത്തിയത്. തുടർന്ന് കലിഫോർണിയ, അരിസോണ, ന്യൂജഴ്സി, ഫ്ലോറിഡ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഏഷ്യയിൽ സിംഗപ്പൂരിലും ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ PJ.2.1-ന്റെ വ്യാപകമായ സാന്നിധ്യം സ്ഥിരീകരിച്ചതായി നിലവിൽ ഔദ്യോഗിക വിവരങ്ങളില്ല. അതിനാൽ അടിയന്തര നിയന്ത്രണ നടപടികളുടെ ആവശ്യമുണ്ടെന്ന് പറയാനാകില്ല. അതേസമയം, രാജ്യാന്തര യാത്രകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗനിരീക്ഷണവും ജനിതക പരിശോധനയും ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗതീവ്രതയും വാക്സിൻ ഫലപ്രാപ്തിയും– വ്യാപനശേഷി കൂടുതലാണെന്ന സൂചനകൾ ഉണ്ടെങ്കിലും PJ.2.1 കൂടുതൽ ഗുരുതരമായ രോഗാവസ്ഥയ്ക്കോ ആശുപത്രിവാസത്തിനോ മരണനിരക്ക് വർധിക്കുന്നതിനോ കാരണമാകുന്നുവെന്ന് തെളിയിക്കുന്ന മതിയായ വിവരങ്ങൾ നിലവിലില്ല. വാക്സിനേഷൻ വഴി ലഭിക്കുന്ന പ്രതിരോധശേഷിയെ ഈ വകഭേദം എത്രത്തോളം മറികടക്കുമെന്നതും കൂടുതൽ പഠനങ്ങൾ ആവശ്യമായ വിഷയമാണ്. ലോകാരോഗ്യ സംഘടനയുടെ നിലവിലെ വകഭേദ നിരീക്ഷണ പട്ടികയിൽ PJ.2.1-നെ 'ആശങ്കാജനകമായ വകഭേദം' ആയി ഉൾപ്പെടുത്തിയിട്ടില്ല.
രോഗ ലക്ഷണങ്ങൾ– സാധാരണ പനി, ജലദോഷം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കോവിഡ് ബാധയിലും കണ്ടുവരുന്നത്. പനി, വിറയൽ, തൊണ്ടവേദന, തുടർച്ചയായ ചുമ, മൂക്കൊലിപ്പ്, കടുത്ത ക്ഷീണം, തലവേദന, പേശിവേദന, ചിലരിൽ രുചിയും മണവും നഷ്ടപ്പെടൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ, ലക്ഷണങ്ങൾ മാത്രം അടിസ്ഥാനമാക്കി സാധാരണ വൈറൽ പനിയാണോ കോവിഡ് ബാധയാണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തണം.
പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണം– പ്രായമായവർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. തിരക്കേറിയതും വായുസഞ്ചാരം കുറഞ്ഞതുമായ ഇടങ്ങളിൽ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ തുടരേണ്ടതുണ്ട്.