• സ്പൈനൽ മസ്കുലർ അട്രോഫി അഥവാ എസ് എം എ കുഞ്ഞുമക്കളേയും കുടുംബങ്ങളേയും അപ്പാടെ തകർത്തു കളയുന്ന അപൂർവ രോഗമാണ്. പേശികളെ ദുർബലമാക്കുന്ന, ചലനശേഷി ഇല്ലാതാക്കുന്ന, ശ്വസനം പോലും വല്ലാതെ ആയാസപ്പെടുത്തുന്ന മാരക രോഗം .

സ്പൈനൽ മസ്കുലർ അട്രോഫി അഥവാ എസ്.എം‌.എ കുഞ്ഞുമക്കളേയും കുടുംബങ്ങളേയും അപ്പാടെ തകർത്തു കളയുന്ന അപൂർവ രോഗമാണ്.  പേശികളെ ദുർബലമാക്കുന്ന,  ചലനശേഷി ഇല്ലാതാക്കുന്ന, ശ്വസനം പോലും വല്ലാതെ ആയാസപ്പെടുത്തുന്ന മാരക രോഗം. കൃത്യമായ ചികിൽസ കിട്ടാതെ മരിച്ചു പോയ കുഞ്ഞുങ്ങളും ഒന്നെഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്ത കുട്ടികളുമായിരുന്നു കഴിഞ്ഞ കാലങ്ങളിൽ രോഗത്തിന്റെ ബാക്കി പത്രം.  മികച്ച മരുന്നുകൾ വിപണിയിൽ ലഭ്യമായി തുടങ്ങിയതോടെ കഥ മാറി. കൃത്യസമയത്ത് മരുന്നു ലഭിച്ച കുട്ടികൾ പലരും എഴുന്നേറ്റിരിക്കാനും ഓടിക്കളിക്കാനും ഒക്കെ തുടങ്ങി.  Also Read: ‘എസ്എംഎ ബാധിതരായ കുട്ടികളില്‍ മരുന്ന് പരീക്ഷണം’; ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍


സർക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി:  എസ് എം എ ബാധിതയായ കുട്ടിക്ക് 16 കോടിയുടെ മരുന്ന് വേണം എന്നൊക്കെ കേട്ടിട്ടില്ലേ ? എസ് എം എ മരുന്ന് ഉല്പാദിപ്പിക്കുന്ന കമ്പനി കോടികൾക്കാണ് അവ വിറ്റഴിക്കുന്നത്. ഉയർന്ന വിലയുള്ള മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് സർക്കാർ സൗജന്യ മരുന്ന് വിതരണം തുടങ്ങുന്നത്. എൽ ഡി എഫ് കാലത്ത് 2022 ൽ  വീണാ ജോർജ് മന്ത്രിയായിരിക്കുമ്പോൾ  അങ്ങനെ പദ്ധതി ആരംഭിക്കുകയും ക്രമേണ 118 കുഞ്ഞുങ്ങൾ സർക്കാർ പദ്ധതിയുടെ ഭാഗമാകുകയും ചെയ്തു.  അവരുടെ ജീവിതത്തിൽ പുതിയ വെളിച്ചം  തെളിഞ്ഞു. 

മരുന്നിന്റെ ചരിത്രം: റോഷ് (Roche) കമ്പനിയുടെ ബ്രാൻഡഡ് മരുന്നായ 'Evrysdi' ആണ് കുഞ്ഞുങ്ങൾക്ക് ന‌ല്‍‌കി‌യിരുന്നത്. 5.2 ലക്ഷം രൂപ വിലയുള്ള മരുന്ന് സർക്കാർ വില പേശി വില കുറച്ച് 1.2 ലക്ഷം രൂപയ്ക്ക്  വാങ്ങിയാണ് കുട്ടികൾക്ക് നല്കിയിരുന്നത്. മരുന്നുപയോഗിച്ച കുട്ടികൾക്ക് കാര്യമായ പുരോഗതിയുണ്ടായി. ചലന ശേഷി ഇല്ലാതിരുന്ന കുട്ടികൾ പലരും ഓടിക്കളിക്കുന്ന അവസ്ഥ വരെയെത്തി. എന്നാൽ ഏറെ വിശ്വാസ്യതയുള്ള  ഇന്ത്യൻ കമ്പനിയായ  നാറ്റ്കോയുടെ  ജനറിക് പതിപ്പ് ഒരു കുപ്പിക്ക് 15,900 രൂപ നിരക്കിൽ അടുത്ത കാലത്ത്  വിപണിയിലിറക്കി. റോഷ് കമ്പനി നടത്തിയ നിയമപോരാട്ടം അതി ജീവിച്ചാണ് നാറ്റ്കോ മരുന്ന് വിപണിയിലെത്തിച്ചത്. തെലങ്കാന സ്റ്റേറ്റ് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതിയോടെ ഇറങ്ങിയ മരുന്ന് ഇന്ത്യൻ നിയമമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിൽക്കാം. ഇതോടെ വിലകുറഞ്ഞ  മരുന്നിന്റെ സാധ്യത തേടി സംസ്ഥാന സർക്കാർ. Also Read:എസ്എംഎ മരുന്ന് സുരക്ഷിതം; ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല: വിശദീകരണവുമായി ആരോഗ്യവകുപ്പ്


UDF ആണോ LDF ആണോ മാറ്റത്തിനു പിന്നിൽ: LDF സർക്കാരിന്റെ അവസാന  കാലത്താണ് SMA രോഗ ചികിത്സയുമായി ബന്ധപ്പെട്ട ടെക്നിക്കൽ കമ്മിറ്റിയോട് പുതിയ മരുന്നിൻ്റെ വിശദാംശങ്ങളെ കുറിച്ച് സർക്കാർ അന്വേഷിച്ചത്.  ഈ സമിതിയുടെ ശുപാർശകൾ കണക്കിലെടുത്ത് ജൂലൈ അഞ്ചിനാണ് പുതിയ മരുന്നു വാങ്ങാൻ ഉത്തരവിറക്കുന്നത്. തീരുമാനം വന്നപ്പോൾ മുതൽ  എസ് എം എ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളും അവർക്കായുള്ള സംഘടനകളും എതിർപ്പുയർത്തി.  ഇത് അവഗണിച്ച് യു ഡി എഫ് സർക്കാർ സെപ്റ്റംബർ 22 ന് ടെൻഡർ നടപടികളിലേയ്ക്ക് കടന്നു . ഒക്ടോബറിൽ നടപടികൾ പൂർത്തിയാക്കി. 

വിവാദത്തിന്റെ തുടക്കം: സാധാരണ പനി പോലൊരു അസുഖം അല്ല എസ്എംഎ. സ്ഥിതി മോശമായാൽ എന്നെന്നേക്കുമായി പ്രതീക്ഷകൾ നഷ്ടപ്പെടും. നിലവിൽ ഉപയോഗിക്കുന്ന മരുന്ന് കാര്യമായ പുരോഗതി കുഞ്ഞുങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ മരുന്നിനോട് പുതിയ മരുന്ന് തുല്യമാണെന്ന് തെളിയിക്കുന്ന ബയോ ഇക്വിവാലൻസ് & തെറാപ്യൂട്ടിക് ഇക്വിവാലൻസ് പരിശോധന പുതിയ മരുന്നിന് നടത്തിയിട്ടില്ല എന്നതായിരുന്നു രക്ഷിതാക്കളുടെ വാദം.  എസ് എം എ രോഗത്തിന്റെ പ്രത്യേകത ആ രോഗവുമായി ജനിക്കുന്ന കുട്ടികളിൽ 60%വും അതിതീവ്രമായ എസ് എം എ ടൈപ്പ് വൺ ആയിരിക്കും എന്നതാണ്. മരുന്നില്ലെങ്കിൽ അവർ രണ്ടു വയസ്സുവരെയെ പരമാവധി ജീവിച്ചിരിക്കൂ. Also Read: എസ്എംഎ ബാധിതരായ കുട്ടികളില്‍ മരുന്ന് പരീക്ഷണം; വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പിണറായി

ഈ കുട്ടികളെ പോലും പതുക്കെ പിച്ച വയ്ക്കാൻ പ്രാപ്തരാക്കി കൊണ്ടിരിക്കുന്ന മരുന്നിൽ ചെറിയ മാറ്റം വന്നാൽ പോലും കുഞ്ഞുങ്ങളിൽ ഉണ്ടായ പുരോഗതി നഷ്ടമാവുകയും അവർക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പറ്റാതെ വരികയും ചെയ്യും എന്നതിനാൽ രക്ഷിതാക്കൾ സ്വാഭാവികമായും പരിഭ്രാന്തരായി. മാത്രവുമല്ല അവർക്ക് ലഭിക്കുന്ന ഫലപ്രദമായ ജീൻ സ്‌പ്ലൈസർ മരുന്ന് ഒരു ചെറിയ  തെറാപ്യൂട്ടിക് വിൻഡോ മാത്രമുള്ളതാണെന്ന് SMA രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്നു.  അതായത് ഒരു പ്രത്യേക അളവിൽ നിന്ന് കുറഞ്ഞാൽ അത് ഫലപ്രദമല്ല, കൂടിയാൽ അപകടകാരിയുമാണ്. അതിനാൽ പകരം നൽകുന്ന മരുന്നിന് ഇതിനോടുള്ള തുല്യത ഏറ്റവും പ്രധാനമാണ്. മരുന്ന് ഫലപ്രദം ആയില്ലെങ്കിൽ മോട്ടോർ ന്യൂറോണുകൾ നശിച്ചു കഴിഞ്ഞാൽ പിന്നീട് ചികിത്സ ഫലിക്കുകയുമില്ല. 

അതുകൊണ്ടുതന്നെ സർക്കാർ പുതിയ മരുന്ന് വിതരണം ചെയ്യാൻ തീരുമാനമെടുത്തപ്പോൾ തുല്യതാ പഠനം നടത്താത്തതിനാൽ രക്ഷിതാക്കൾ കടുത്ത അനിശ്ചിതത്വത്തിലായി. ക്ലിനിക്കൽ ട്രയൽ ഒൺലി / ഡോക്ടേസ്  സാംപിൾ എന്ന്  ലേബൽ ചെയ്ത മരുന്നുകൾ കൂടി  ലഭിച്ചതോടെ ഭീതി വർധിച്ചു. മാതാപിതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിലെത്തി ആശങ്കയറിയിച്ചു. മരുന്ന് തിരിച്ചെത്തിക്കാൻ ആദ്യം പറഞ്ഞ ആരോഗ്യവകുപ്പ് പിന്നെ തുടർന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ഇതെല്ലാം ആശയക്കുഴപ്പം വർധിപ്പിച്ചു.

എസ് എം എ മരുന്നും രാഷ്ട്രീയ അങ്കവും: ഇതുവരെ പുതിയ മരുന്ന് സംബന്ധിച്ച് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. എൽഡിഎഫ് കാലത്താണ്  തീരുമാനമെന്നും കെ.മുരളീധരൻ വിശദീകരിക്കുന്നു. ഇത് രണ്ടും വസ്തുതാപരമായി തെറ്റാണ്. കുട്ടികളുടെ രക്ഷിതാക്കൾ നിരവധി തവണ ആശങ്കയും എതിർപ്പും അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിലക്കുറവ് മാത്രമല്ല മരുന്നിന്റെ ഗുണമേന്മയും പ്രധാനമാണെന്നും ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്നു. കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയ കമ്പനിക്കാണ് കരാർ നൽകിയതെന്ന ആരോപണം വിവാദം കൊഴുപ്പിച്ചു.

 രക്ഷിതാക്കളുടെ ആവശ്യം: പുതിയ മരുന്നിന്റെ താരതമ്യ പഠനങ്ങൾ നടത്തി  ഫലപ്രാപ്‌തി ഉറപ്പാക്കപ്പെടുന്നതുവരെ പഴയ മരുന്നു തന്നെ നല്‍കണമെന്നാണ് ആവശ്യം. എന്നാൽ പുതിയ മരുന്ന് സുരക്ഷിതമെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. അങ്ങനെയെങ്കിൽ അതിന്റെ പഠന രേഖകൾ രക്ഷിതാക്കൾക്ക് ലഭ്യമാക്കണമെന്നാണ് അവരുടെ ആവശ്യം. ഇന്ത്യൻ കമ്പനിയുടെ മരുന്ന് എല്ലാ അംഗീകാരങ്ങളും ഉള്ളതാണെന്ന് ഒരു വിഭാഗം  ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പുതിയ  മരുന്നിന്റെ ഫലം അറിയാൻ രോഗമുള്ളവരിൽ അല്ലെ പരീക്ഷിക്കേണ്ടത്‍ എന്നാണ് ചില ആരോഗ്യവിദഗ്ധർ പറയുന്നത്. അങ്ങനെ എങ്കിൽ പഠനം അല്ലേ അതെന്ന ആശങ്ക രക്ഷിതാക്കൾ പങ്കുവയ്ക്കുന്നു.  

സർക്കാരിനു പറ്റിയ വീഴ്ച: പുരോഗതി വന്നിരിക്കുന്ന കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും  സംഭവിച്ചാൽ ആരാണ് ഉടത്തരവാദിത്തം ഏറ്റെടുക്കുക ? എസ് എം എ രോഗം ബാധിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും അതീവ സങ്കടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമവും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം clinical trial only എന്നു സ്റ്റിക്കർ പതിച്ച മരുന്ന് വിതരണം ചെയ്ത് ആശങ്ക വർധിപ്പിച്ചു. എന്നിട്ടും  ആശങ്കകൾക്ക്  പിന്നിൽ പഴയ മരുന്ന്  കമ്പനിക്കാരാണ് എന്ന ബാലിശ വാദം ആണ് ഉയർത്തുന്നത്. ഇന്ത്യൻ മരുന്നിനേക്കാൾ വിദേശ മരുന്നിനോടാണ് ചിലർക്ക് താല്പര്യമെന്ന കുറ്റപ്പെടുത്തൽ ആരോഗ്യമന്ത്രി തന്നെ നടത്തി. കുറ്റപ്പെടുത്തലുകൾക്കപ്പുറം ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന 118  കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.  മറ്റ് ആരോഗ്യ വിദഗ്ധരെക്കാൾ ഈ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഡോക്ടർമാരെയും മാതാപിതാക്കളെയും സർക്കാർ കേൾക്കണം. സർക്കാരിന്റെ ഇനിയുള്ള   ഓരോ ചുവടും അവരെ കൂടി വിശ്വാസത്തിൽ എടുത്താകണം.

അതേസമയം, പരാതികളുയര്‍ന്നതോടെ എസ്എംഎ രോഗികൾക്ക് നല്‍കിയ ക്ലിനിക്കൽ ട്രയലിനു മാത്രം എന്നെഴുതിയ ലേബലുള്ള മരുന്നുകൾ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. തിരുവനന്തപുരത്ത് മരുന്ന് നല്‍കിയവരോടാണ് തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മരുന്നിലെ ലേബലിൽ ഡോക്ടേഴ്സ് സാംപിൾ എന്നും എഴുതിയിരുന്നു. ഇത് കടുത്ത ആശങ്കയ്ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പകരം നല്‍കുന്ന മരുന്നിനെ കുറിച്ച് വ്യക്തതയില്ല.

ENGLISH SUMMARY:

Kerala's SMA medicine controversy centres on the government's decision to switch from Roche's branded Evrysdi to a lower-cost generic medicine manufactured by Natco. While the cheaper alternative could significantly reduce treatment costs for 118 children covered by the state's free medicine programme, parents have raised concerns about the availability of comparative bioequivalence and therapeutic equivalence data. The Health Department maintains that the new medicine is safe, while families are demanding access to supporting evidence and continued access to the existing medicine until its effectiveness is adequately established. The controversy has also triggered political allegations over responsibility for the decision, procurement procedures and communication with affected families. At the heart of the dispute is the need to balance affordability, scientific evidence, patient safety and parental confidence.