നടുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് നടു വെട്ടിച്ച് 'കിടിക്ക്' ശബ്ദമുണ്ടാക്കി ആശ്വാസം കണ്ടെത്തുന്നവരാണ് പലരും. എന്നാൽ ഈ ശീലം അത്ര നിസ്സാരമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നട്ടെല്ലിലെ സന്ധികൾ ബലം പ്രയോഗിച്ച് ഇത്തരത്തിൽ ചലിപ്പിക്കുന്നത് ചില സാഹചര്യങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നട്ടെല്ലിലെ സന്ധികൾക്കിടയിലുള്ള സൈനോവിയൽ ദ്രാവകത്തിൽ (Synovial Fluid) ഓക്സിജൻ, നൈട്രജൻ, കാർബൺ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങൾ അടങ്ങിയിട്ടുണ്ട്. സന്ധികൾ പെട്ടെന്ന് വലിഞ്ഞോ ചലിച്ചോ പോകുമ്പോൾ ഈ ദ്രാവകത്തിലെ മർദം കുറയുകയും വാതകങ്ങൾ കുമിളകളായി രൂപപ്പെടുകയും ചെയ്യുന്നു. ഈ കുമിളകൾ പൊട്ടുമ്പോഴാണ് 'പോപ്പ്' അല്ലെങ്കിൽ 'കിടിക്ക്' ശബ്ദം കേൾക്കുന്നത്.
ഇത് താൽക്കാലികമായി ആശ്വാസം നൽകുമെങ്കിലും, പതിവായി ബലം പ്രയോഗിച്ച് ഇങ്ങനെ ചെയ്യുന്നത് നട്ടെല്ലിന് അപകടകരമായേക്കാം. കശേരുക്കൾക്കിടയിലെ ഞരമ്പുകളിൽ അമിത സമ്മർദം ഉണ്ടാകാനും അവ അമരാനുമുള്ള സാധ്യതയുണ്ട്. ഇതുമൂലം കഠിനമായ വേദനയും കൈകാലുകളിലേക്ക് പടരുന്ന തരിപ്പും അനുഭവപ്പെടാം.
ദിവസേന ഇത്തരത്തിൽ നടു വെട്ടിക്കുന്ന ശീലം സന്ധികളെ ഉറപ്പിച്ചുനിർത്തുന്ന ലിഗമെന്റുകൾ (Ligaments) അമിതമായി വലിഞ്ഞുനീളാൻ ഇടയാക്കും. ഇതോടെ നട്ടെല്ലിന്റെ സ്വാഭാവിക സ്ഥിരത കുറയുകയും (Spinal Instability) സന്ധികൾക്ക് അമിത അയവ് ഉണ്ടാകുകയും ചെയ്യും. ദീർഘകാലത്ത് കശേരുക്കൾ തമ്മിൽ ഉരസാനുള്ള സാധ്യത വർധിക്കുകയും ചെറുപ്പത്തിൽത്തന്നെ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.
പെട്ടെന്നുള്ള ശക്തമായ ചലനങ്ങൾ നട്ടെല്ലിന് ചുറ്റുമുള്ള പേശികൾക്കും ടെൻഡനുകൾക്കും പരിക്കേൽപ്പിക്കാം. കശേരുക്കൾക്കിടയിലെ ഡിസ്കുകൾക്ക് സ്ഥാനചലനം സംഭവിച്ച് സുഷുമ്നാ നാഡിയിൽ സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ട്. ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് കാലുകളിലെ ബലക്കുറവ്, മരവിപ്പ്, ചലനശേഷിക്കുറവ് എന്നിവയ്ക്കും കാരണമായേക്കാം.
കഴുത്ത് ബലം പ്രയോഗിച്ച് ഇടയ്ക്കിടെ വെട്ടിക്കുന്ന ശീലവും അപകടരഹിതമല്ല. അപൂർവമായി, തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ ചെറിയ കീറലുകൾ (Cervical Artery Dissection) ഉണ്ടാകാനും അതുവഴി സ്ട്രോക്ക് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവികമായി കേൾക്കുന്ന 'കിടിക്ക്' ശബ്ദങ്ങൾ സാധാരണയായി അപകടകരമല്ല. എന്നാൽ ബലം പ്രയോഗിച്ച് പതിവായി നടു അല്ലെങ്കിൽ കഴുത്ത് വെട്ടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. നടുവേദനയോ അസ്വസ്ഥതയോ തുടർച്ചയായി അനുഭവപ്പെടുന്നവർ സ്വയം പരീക്ഷണങ്ങൾ നടത്തുന്നതിനുപകരം ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഉപദേശം തേടുന്നതാണ് സുരക്ഷിതം.