കഴുത്തിന് ചെറിയ ഒരു വേദന, ഇടയ്ക്കൊക്കെ കൈത്തണ്ടയ്ക്ക് അസ്വസ്‌ഥത, നടുവിനും പുറത്തിനും വേദന.. പണ്ട് പ്രായമായവർ പറഞ്ഞിരുന്ന ഈ അസ്വസ്ഥതകളൊക്കെ പ്രായഭേദമെന്യേ ഇന്ന് എല്ലാവരും പറയുന്നുണ്ട്. എല്ലാവർക്കും ഉണ്ടെങ്കിലും ഭൂരിഭാഗം പേരും അവഗണിക്കുകയാണ് പതിവ്. സഹിക്കാൻ പറ്റാതാവുമ്പോൾ മാത്രമാണ് ഡോക്ട്ടറുടെ അടുത്തേക്ക് ഓടുന്നത്.
വിദ്യാർഥികൾ മുതൽ ജോലിക്കാർക്ക് വരെ അനുഭവപ്പെടുന്ന ഇത്തരം ചെറുതും വലുതുമായ വേദനകൾക്ക് പിന്നിൽ മൊബൈലിന്റെയും ലാപ്ടോപ്പിന്റെയുമൊക്കെ ഉപയോഗമാണ്. ഇത്തരം ഗാഡ്ജറ്റുകള്‍ ദീർഘനേരം പയോഗിക്കുന്നവരിൽ തുടർച്ചയായ കഴുത്തുവേദന, കൈകൾക്ക് ആയാസം, ഇരിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവ കണ്ടുവരുന്നു. ഇവയൊന്നും കുറച്ചുമാത്രം ആളുകളെ ബാധിക്കുന്ന കാര്യമല്ല, സ്ക്രീനുകൾക്ക് മുൻപിൽ അധികനേരം ഇരിക്കുന്ന എല്ലാവരിലും ഇത്തരം പ്രശ്നങ്ങളൊക്കെ ഇപ്പോൾ കൂടെപ്പിറപ്പായി മാറിയിട്ടുണ്ട്.
ടെക്ക് നെക്ക്, ടെക്സ്‌റ്റിങ് തമ്പ്, ലാപ്ടോപ്പ് സ്പൈൻ തുടങ്ങിയ പേരുകളിലാണ് ഈ അവസ്ഥകൾ അറിയപ്പെടുന്നത്. മനുഷ്യശരീരം രൂപകൽപന ചെയ്തിരിക്കുന്നത് ദീർഘനേരം സ്ക്രീനുകൾക്ക് മുൻപിൽ ഒരേ ഇരിപ്പ് ഇരിക്കുന്ന രീതിയിലല്ല. എന്നാൽ ഇന്നത്തെ ജീവിതശൈലി ആവശ്യപ്പെടുന്നത് അതാണ്. ഏറെ നേരം സ്ക്രീനുകൾക്ക് മുൻപിൽ ചെലവിടുക, ശരിയല്ലാത്ത ഇരിപ്പ്, തുടർച്ചയായുള്ള ഫോണിന്റെ ഉപയോഗം ഇവയൊക്കെ കഴുത്തിനും നട്ടെല്ലിനും കൈകളിലെ സന്ധികൾക്കും ആയാസം ഉണ്ടാക്കും. കാലക്രമേണ പേശികളിലേക്കും അസ്‌ഥികളിലേക്കും ഈ ആയാസം ബാധിക്കുകയും ഗുരുതര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ടെക്ക് നെക്ക്
വളരെ സാധാരണമായ ഒരു പ്രശ്‌നമാണ് ടെക്ക് നെക്ക്. സ്ക്രീനിലേക്ക് നോക്കാനായി തല മുന്നോട്ട് കുനിച്ചു പിടിക്കുമ്പോൾ സെർവിക്കൽ സ്പൈനിന് സമ്മർദം കൂടുന്നു. ചെറിയ തോതിൽ മുന്നോട്ട് കുനിയുന്നതു പോലും കഴുത്തിലേൽപിക്കുന്ന ഭാരം ഇരട്ടിയാക്കും. ഈ അവസ്ഥയാണ് ടെക്ക് നെക്ക്.
ടെക്സ്‌റ്റിങ്ങ് തമ്പ്
ഇതേപോലെ തുടർച്ചയായി ടെക്‌സ്‌റ്റ് ചെയ്യാൻ തള്ള വിരൽ ആവർത്തിച്ച് ചലിപ്പിക്കുന്നത് ടെക്സ്‌റ്റിങ്ങ് തമ്പിന് കാരണമാകുന്നു. തള്ള വിരൽ തുടർച്ചയായി ചലിപ്പിക്കുമ്പോൾ അത് മാംസപേശികളെ അസ്‌ഥികളുമായി ബന്ധിപ്പിക്കുന്ന ശരീരഭാഗത്തെ അസ്വസ്‌ഥപ്പെടുത്തുന്നു. അതുമൂലം വേദനയും ചലിക്കാൻ പ്രയാസവും അനുഭവപ്പെടുന്നു.
ലാപ്ടോപ്പ് സ്പൈൻ
മതിയായ സപ്പോർട്ട് ഇല്ലാതെ ഏറെ നേരം കുനിഞ്ഞ് ലാപ്ടോപ്പ് നോക്കുന്നത് നട്ടെല്ലിനെ ബാധിക്കുകയും അത് ലാപ്ടോപ്പ് സ്പൈൻ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.
ഈ പ്രശ്നങ്ങളൊക്കെ വളരെ സാവധാനത്തിലാണ് ഉണ്ടാകുന്നത്. എന്നാൽ ഇവയുടെ ദോഷഫലങ്ങൾ ഏറെക്കാലം അനുഭവിക്കേണ്ടിയും വരുന്നു. പലപ്പോഴും നാം അവഗണിക്കുന്ന കഴുത്തിൽ ചെറിയ കട്ടി തോന്നൽ, ഇടയ്ക്ക് മാത്രം കൈത്തണ്ട വേദന, പുറത്തിന് ചെറിയ അസ്വസ്‌ഥത ഇവയെല്ലാം ഇതിന്റെ പ്രാരംഭലക്ഷണങ്ങൾ ആകാം. ചെറിയ വേദനകൾ അവഗണിക്കുന്നതിന് പകരം കാരണം കണ്ടെത്തുകയും വേണ്ട ശരീരത്തിന് സംരക്ഷണം നൽകുകയും വേണം.
തുടർച്ചയായി ഒറ്റ ഇരുപ്പ് ഇരിക്കാതെ കൃത്യമായ ഇടവേളകൾ എടുക്കുക, കണ്ണിന്റെ അതേ ലെവലിൽ സ്ക്രീൻ വയ്ക്കുക, ശരിയായ ബാക്ക് സപ്പോർട്ടോടു കൂടി ഇരിക്കുക, ദിനചര്യയിൽ സ്ട്രെച്ചിങ്ങ് ഉൾപ്പെടുത്തുക, ശരീരത്തിന്റെ സ്വാഭാവിക അലൈൻമെൻ്റ് നിലനിർത്തുക തുടങ്ങിയവയൊക്കെ പരിശീലിച്ചാൽ ഈ 'ഡിജിറ്റൽ' രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷപെടാൻ സാധിക്കും.