ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള സ്ത്രീ എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണു ധാരിയൽ. 271.5 സെന്റീമീറ്റർ, അതായത് ഏകദേശം 8 അടി 10 ഇഞ്ച് നീളവും ഇടതൂർന്നതും തിളക്കമാർന്നതുമായ മുടിയാണ് രേണുവിനെ ലോക റെക്കോർഡിലേക്ക് എത്തിച്ചത്.
8 അടി 5.3 ഇഞ്ച് നീളമുള്ള മുടിയുള്ള ഉക്രെയ്നിലെ ആലിയ നസിറോവയുടെ പേരിലായിരുന്ന റെക്കോർഡ് തകർത്താണ് രേണുവിന്റെ ഈ നേട്ടം. മാത്രമല്ല, 8 അടി 11.1 ഇഞ്ച് ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ റോബർട്ട് വാഡ്‌ലോയെക്കാൾ ഒരു ഇഞ്ച് മാത്രം കുറവാണ് രേണുവിന്റെ മുടിയുടെ നീളം.
2015-ൽ മുടി വെട്ടുന്നത് പൂർണമായും നിർത്തിയ ശേഷം കഴിഞ്ഞ പത്ത് വർഷത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചതെന്ന് രേണു പറയുന്നു. കൂടാതെ, മുടിയിൽ യാതൊരു രാസവസ്തുക്കളോ കടയിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങളോ ഉപയോഗിക്കാറില്ല. വീട്ടിൽ തന്നെ തയ്യാറാക്കുന്ന പ്രകൃതിദത്ത എണ്ണകളും ഷാംപൂകളും മാത്രമാണ് മുടിയിൽ ഉപയോഗിക്കുന്നത്. അതാണ് തന്റെ മുടിയുടെ രഹസ്യമെന്നും രേണു വെളിപ്പെടുത്തി.
അതേസമയം, കണ്ടന്റ് ക്രിയേറ്ററായ രേണു തന്റെ സമൂഹമാധ്യമ പേജുകളിലൂടെ കേശസംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ സ്ഥിരമായി പങ്കുവെക്കാറുണ്ട്. മുടി കഴുകാനും ഉണക്കാനും മണിക്കൂറുകൾ മാറ്റിവെക്കേണ്ടിവരുമെങ്കിലും, കൃത്യമായ ക്ഷമയും സ്ഥിരതയുമുണ്ടെങ്കിൽ ഏത് വലിയ ലക്ഷ്യവും നേടിയെടുക്കാമെന്ന സന്ദേശമാണ് താൻ നൽകാൻ ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞു.