കോവിഡ് ബാധിച്ച് സുഖപ്പെട്ടവരിൽ പ്രമേഹം വർധിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ് മുക്തരായവരിൽ 16 മുതൽ 18 ശതമാനം പേർക്ക് രണ്ടു വർഷത്തിനകം പ്രമേഹം ബാധിച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ചിന്ത സുജാത, ഡൽഹി സഫ്ദർജങ്ങ് ആശുപത്രിയിലെ കോവിഡ് മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഖാലിദ് ഖാദർ, ആരോഗ്യവകുപ്പിലെ അസിസ്റ്റന്‍റ് സർജൻ ഡോ. ഷിബു സുകുമാരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്.
ആലപ്പുഴ തകഴി പഞ്ചായത്തിലെ കോവിഡ് മുക്തരായവരിലാണ് പഠനം നടത്തിയത്.30 വയസിനു മുകളിലുള്ള 2402 പേരുടെ രക്ത സാംപിൾ ആണ് പരിശോധിച്ചത്.
കോവിഡ് വൈറസ് പാൻക്രിയാസിന്‍റെ ബീറ്റ കോശങ്ങളെ ഇല്ലാതാക്കുന്നതായും ഇതോടെ ഇൻസുലിൻ ഉദ്പാദനം കുറഞ്ഞ് പ്രമേഹം പിടിപെടുന്നതുമായാണ് കണ്ടെത്തൽ. ജീവിതശൈലി രോഗമായ പ്രമേഹം കോവിഡ് സുഖപ്പെട്ടവരിൽ വ്യാപിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ ജീവിത ശൈലിയിലെ മാറ്റം, കൃത്യമായ വ്യായാമം എന്നിവയിലൂടെ നിയന്ത്രണം സാധ്യമാകും.
കോവിഡ് വാക്സീൻ എടുത്തവരിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ല. സംഘത്തിന്‍റെ പഠന റിപ്പോർട്ട് ആരോഗ്യ വകുപ്പിന് നൽകിയിട്ടുണ്ട്. രണ്ടാം ഘട്ട പരിശോധന തകഴിയിൽ തന്നെ അടുത്ത വർഷം നടക്കും.