കൊവിഡ് കാലം ലോകം മുഴുവന്‍ അതീജിവിച്ചു കഴിഞ്ഞെങ്കിലും വൈറസ് ഉണ്ടാക്കിയ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ പലരെയും ഇപ്പോഴും പിന്തുടരുന്നുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് കൊവിഡ് അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായം കൂട്ടുന്നുണ്ടെന്നും അത് സ്ത്രീകളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് അടുപ്പിക്കുന്നെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. സ്ട്രോക്കിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതകൂടുന്നതായും ഗവേഷകര്‍ പറയുന്നു. ഫ്രാൻസിലെ യൂണിവേഴ്‌സിറ്റി പാരീസ് സിറ്റിയിലെ പ്രഫസർ റോസ മരിയ ബ്രൂണോയുടെ നേതൃത്വത്തിലുള്ള പഠനത്തിലെ കണ്ടെത്തലുകള്‍ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതാത് പ്രായത്തിനനുസരിച്ച് രക്തക്കുഴലുകൾ കഠിനമാകുന്നത് സ്വാഭാവികമാണ്. എന്നാൽ, കൊവിഡ് ഇതിന് ആക്കം കൂട്ടുന്നതായാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. കടുപ്പമുള്ള രക്തക്കുഴലുകളാണ് ഹൃദയാഘാതവും ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നത്. കൊവിഡ് മഹാമാരി മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ ശരീരത്തില്‍ അവശേഷിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് ഗവേഷണം നടത്തിയതെന്ന് പ്രഫസർ റോസ മരിയ ബ്രൂണോ പറഞ്ഞു. ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, സൈപ്രസ്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി, മെക്‌സിക്കോ, നോർവേ, തുർക്കി, യുകെ, യുഎസ് എന്നിങ്ങനെ 16 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 2,390 പേരെ 2020 സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് രക്തക്കുഴലുകളിൽ കൊവിഡ് അണുബാധയുടെ പ്രത്യാഘാതങ്ങൾ മനസിലാക്കാൻ പഠനവിധേയമാക്കിയത്.
ഇതുവരെ കൊവിഡ് ഉണ്ടായിട്ടില്ലാത്തവർ, അടുത്തിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍, ഗുരുതരമായി കൊവിഡ് ബാധ ഉണ്ടായവര്‍ എന്നിവരുടെയെല്ലാം രക്തക്കുഴലുകളുടെ പ്രായം പരിശോധിച്ചു. അണുബാധയുടെ അളവ് കൂടുംതോറും രക്തക്കുഴലുകളുടെ കാഠിന്യം കൂടുകയും പ്രായം കൂടുകയും ചെയ്യുന്നതായി കണ്ടെത്തി. കോവിഡ് ബാധിച്ച് ആറ് മാസത്തിന് ശേഷവും 12 മാസത്തിന് ശേഷം വീണ്ടും അളവുകൾ എടുത്തു. കൊവിഡ് ബാധിച്ചവരിൽ ഒരിക്കലും അണുബാധയില്ലാത്തവരേക്കാൾ കഠിനമായ രക്തധമനികളുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. സ്ത്രീകളിലും ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ നീണ്ട കൊവിഡ് ലക്ഷണങ്ങളുള്ളവരിലും ഈ പ്രഭാവം ശക്തമായിരുന്നു.
60 വയസ്സുള്ള ഒരു സ്ത്രീയിൽ ഹൃദ്രോഗ സാധ്യത 3% വർദ്ധിക്കുന്നു. വാക്സിനേഷൻ എടുക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കാഠിന്യം കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസത്തിന്‍റെ ഒരു കാരണം രോഗപ്രതിരോധ സംവിധാനങ്ങളുടെ ഉപയോഗത്തിലെ വ്യത്യാസങ്ങളാകാം എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.